വാഹന നികുതി തട്ടിപ്പ്; കാരാട്ട് ഫെെസലിനെതിരെ ക്രെെംബ്രാഞ്ച് അന്വേഷണം

കോഴിക്കോട്: വാഹന നികുതി വെട്ടിച്ച കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. കാരാട്ടിന്റെ മിനികൂപ്പര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന കേസിലാണ് അന്വേഷണം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രത യാത്രയോടെയാണ് കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വിവാദമാകുന്നത്. സ്വര്‍ണകടത്ത് കേസിലെ പ്രതിയുടെ കാറില്‍ കോടിയേരി സഞ്ചരിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

കാരാട്ടിന്റെ മിനി കൂപ്പര്‍ കേരളത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 7.74 ലക്ഷം രൂപ നികുതി അടയ്ക്കാന്‍ ഫൈസലിനോട് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതുച്ചേരിയിലാണ് വാഹനം ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഇവിടെ നികുതി അടയ്ക്കാനാകില്ലെന്ന മറുപടിയുമാണ് ഫൈസല്‍ നല്‍കിയത്.

2016 മുതല്‍ മിനികൂപ്പര്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നമ്പർ 4, ലോഗമുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുത്ത്യൽപേട്ട് എന്ന വ്യാജ വിലാസത്തിലാണ് വാഹനം രജിസ്‌റ്റർ ചെയ്തിരിക്കുന്നത്.എന്നാല്‍ ഈ വിലാസത്തിൽ താമസിക്കുന്നത് ശിവകുമാർ എന്ന അദ്ധ്യാപകനാണ്. ഇതോടെ വിലാസം വ്യാജമാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തത്.

DONT MISS
Top