ദോക് ലാം തങ്ങളുടെ ആഭ്യന്തരവിഷയം, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ചൈന

ബെയ്ജിങ്: ദോക് ലാമില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് ചൈന. ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണവുമായി ചൈന രംഗത്തെത്തിയത്.

ദോക് ലാം ചൈനയുടെ ആഭ്യന്തര വിഷയമാണ്. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് നിയമാനുസൃതമായാണ്. അവിടെ റോഡുള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ എന്തിനാണ് ആശങ്കപ്പെടുന്നത്. തങ്ങളുടെ പ്രദേശത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് അഭിപ്രായപ്പെട്ടു.

ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ്. ഇന്ത്യയുടെ ആഭ്യന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ചൈന ഇടപെടാറില്ലെന്നും ലൂ കാങ് വ്യക്തമാക്കി. അതേസമയം ദോക് ലാം വിഷയവുമായി പുറത്തുവന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ അംഗീകരിക്കാന്‍ ചൈനീസ് സൈന്യം തയ്യാറായില്ല.

കഴിഞ്ഞ ദിവസമാണ് ദോക് ലാമില്‍ ചൈന വന്‍സൈനിക സംഘത്തെ വിന്യസിച്ചിരിക്കുന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നത്. വടക്കന്‍ ദോക് ലാം പൂര്‍ണമായും ചൈന കൈയേറിയിരിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സേനാ പോസ്റ്റിന് 80 മീറ്റര്‍ അകലെ ഏഴ് ഹെലിപ്പാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവ ചൈന നിര്‍മിച്ചിരിക്കന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പത്ത് അടിയിലധികം ഉയരമുള്ള രണ്ട് നിലകളിലുള്ള നിരീക്ഷണ ടവറുകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്ത് റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

സിക്കിമിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് ദോക് ലാം. ചൈനയുടെ പുതിയ നീക്കം ഇന്ത്യയ്ക്ക് ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഇവിടെ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം 73 ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു.

DONT MISS
Top