തൊഗാഡിയ: രണ്ടായിപ്പിളരുന്ന വിഷവൃക്ഷം

വരാനിരിക്കുന്നൊരു പുസ്തകവും അതിന്റെ ഉള്ളടക്കവും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ അലയൊലികളാണ് അന്തരീക്ഷമാകേ. ‘കാവി പ്രതിബിംബങ്ങള്‍; മുഖങ്ങളും മുഖാവരണങ്ങളും’ എന്നാണ്‌ പുസ്തകത്തിന്റെ പേര്. ഇതിനു സമാനമായ മറ്റൊരു പേരും കേള്‍ക്കുന്നുണ്ട്. യഥാര്‍ത്ഥ പേരെന്തെന്ന് പുസ്തകം പ്രകാശിപ്പിച്ചാലേ അറിയാന്‍ സാധിക്കൂ. ഇപ്പോള്‍ അവസാന മിനുക്കു പണികളിലാണ്.

പുസ്തകത്തിന്റെ ഉള്ളടക്കമായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഇത്രയുമാണ്. 1. ഹൈന്ദവ വികാരങ്ങളെ ചൂഷണം ചെയ്ത് അധികാരത്തില്‍ വന്ന മോദി അവരെ നിരുപാധികം വഞ്ചിച്ചു. 2. രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടു വന്നില്ല. 3. രാമജന്മഭൂമിക്കു വേണ്ടി ത്യാഗമനുഷ്ഠിച്ചവരും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവരും എന്ന് രണ്ടു തരം ഹിന്ദുക്കളുണ്ട്. 4. മോദി ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ വരും. 5. രാജ്യവ്യാപകമായി ഗോവധം നിരോധിക്കുന്നതിലും വിമുഖത കാണിച്ചു.

ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉള്ളിലേക്കും വിശദാംശങ്ങളിലേക്കും പുസ്തകം കടന്നു പോകുന്നുണ്ടാകുമെന്ന് ന്യായമായും ഊഹിക്കാം. മോദിയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ഈ ആരോപണങ്ങള്‍ അദ്ദേഹത്തിലുണ്ടാക്കാന്‍ പോന്ന അസ്വസ്ഥതകളും ഊഹിക്കാനാകും. അതിനാല്‍ പുസ്തകം പുറത്തുവരാതിരിക്കാനും കുറഞ്ഞ പക്ഷം അതിന്റെ പ്രകാശനം വൈകിപ്പിക്കാനും മോദി ശ്രമിക്കാതിരിക്കില്ല. വിശേഷിച്ച് പുസ്തകത്തിന്റെ രചയിതാവ് പ്രവീണ്‍ തൊഗാഡിയ എന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആഗോള നേതാവാകുമ്പോള്‍.

അതിനപ്പുറത്തുമുണ്ട് മാനങ്ങള്‍. 1980-മുതല്‍ ആര്‍എസ്എസ് വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ആ ചങ്ങാത്തം മോദിയ്ക്കു നല്‍കിയത് അപാരമായ ഭൗതിക സഹായങ്ങളായിരുന്നു. 1995 ല്‍ ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍ ഭരണം നിയന്ത്രിക്കുന്ന കോര്‍കമ്മറ്റിയില്‍ മോദിയും തൊഗാഡിയയും ഉണ്ടായിരുന്നു. ഒടുവില്‍ മോദി മുഖ്യമന്ത്രിയായപ്പോള്‍ തൊഗാഡിയയുടെ വിശ്വസ്തനായ ഗോര്‍ധന്‍ സഡാഫിയേയും ഉള്‍പ്പെടുത്തി. തൊഗാഡിയയുടെ പ്രതിനിധിയായിരുന്നു അയാള്‍.

പിന്നീട് അജ്ഞാതമായ കാരണങ്ങളാല്‍ ഇവര്‍ അകന്നു തുടങ്ങി. തൊഗാഡിയ നല്‍കിയ സാഹസികമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന സഹായങ്ങളും മറന്നു. സഡാഫിയെ മോദി മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. അതിന്റെ പ്രതികാരമെന്നോണം മഹാഗുജറാത്ത് ജനതാപാര്‍ട്ടിയെന്നൊരു പാര്‍ട്ടിയും സഡാഫി രൂപീകരിച്ചു. ഇതോടെ മോദിയും തൊഗാഡിയയും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമായി. 2007-ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും ഇവര്‍ ധ്രുവങ്ങളുടെ അകലത്തിലായി. എങ്കിലും വിശ്വഹിന്ദുപരിഷത്തിലുണ്ടായിരുന്ന അപ്രമാദിത്വത്തിന് ഇളക്കുമുണ്ടായില്ല.

2002-ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളുടെ സൂത്രധാരന്‍ മോദിയായിരുന്നെങ്കിലും അതിനുള്ള പ്രധാന സഹായങ്ങളെല്ലാം വിശ്വഹിന്ദുപരിഷത്തില്‍ നിന്നായിരുന്നു. ഇത്തരത്തില്‍ നടപ്പാക്കപ്പെട്ട കലാപങ്ങളിലും അനുബന്ധകൊലപാതകങ്ങളിലും പരിഷത്തിന്റെ പങ്ക് നിര്‍ണായകവുമായിരുന്നു. അതിനാല്‍ അതിന്റെ പിന്നാമ്പുറ രഹസ്യങ്ങളും തൊഗാഡിയയെപ്പോലെ അറിയുന്നവര്‍ ഉണ്ടാകില്ല. തൊഗാഡിയയെ മോദി ഭയപ്പെടാനുള്ള കാരണങ്ങളില്‍ ഇത് പ്രമുഖ സ്ഥാനത്തു വരും. പരിഷത്തില്‍ നിന്നൊഴിവാക്കി തൊഗാഡിയയെ നിരായുധനാക്കി ദുര്‍ബലനാക്കാന്‍ മോദി നടത്തിയ അന്തര്‍നാടകങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

സംഘപരിവാറിന്റെ ചരിത്രത്തില്‍ ഒപ്പം നിന്നവരുടെ ദുരൂഹമരണങ്ങള്‍ക്ക് പഞ്ഞമില്ല. സംഘപരിവാറിന്റെ പ്രമുഖ ആശയ പ്രചാരകനും ജനസംഘം പ്രസിഡന്റുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണം (1968) മുതല്‍ അതിന് പഴക്കമുണ്ട്. ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയും മോദിയുടെ ശത്രുവുമായിരുന്ന ഹരന്‍ പാണ്ഡ്യയുടെ മരണവും ഇതിനോട് ചേര്‍ക്കാം.

2014-ല്‍ പ്രധാനമന്ത്രിയാകാന്‍ മോദി തയ്യാറെടുത്തു തുടങ്ങിയതോടെ തൊഗാഡിയ മോദിക്ക് ബാധ്യതയായിത്തുടങ്ങി. ആ ബാധ്യത ഒഴിവാക്കാന്‍ മോദി നടത്തിയ നീക്കങ്ങളുടെ അവസാന അധ്യായമാണ് തൊഗാഡിയയുടെ വാര്‍ത്ത സമ്മേളനത്തില്‍ വെളിവായത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെപ്പിനു മുമ്പ് രാമക്ഷേത്രനിര്‍മാണ വിഷയം വീണ്ടും ആളിക്കത്തിക്കാനുള്ള ശ്രമം ബിജെപി നടത്തിവരികയായിരുന്നു. എന്നാല്‍ തൊഗാഡിയയുടെ പുസ്തകം പുറത്തുവരുന്നത് അതിന് തടസം സൃഷ്ടിക്കുമെന്ന ഭീതി സംഘപരിവാറിനുണ്ട്.

കാന്‍സര്‍ രോഗ വിദഗ്ദ്ധനും സംഘപരിവാറിന്റെ വിഷലിപ്ത നാവുകളില്‍ ഒന്നുമായ തൊഗാഡിയ ദുര്‍ബലനാണെങ്കിലും ഇപ്പോഴും ഹിന്ദുത്വവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ഭയക്കുന്നു. പുറത്തുവരാനിരിക്കുന്ന പുസ്തകം അതിന് ആക്കം കൂട്ടുമോ എന്നാണ് അവരുടെ ഭയം. അതിന്റെ അങ്കലാപ്പിലാണ് മോദിയും കൂട്ടരും. രാജസ്ഥാനിലും ഗുജറാത്തിലും പതിറ്റാണ്ട് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അടുത്തിടെ തൊഗാഡിയയ്‌ക്കെതിരെ നടപടിയുണ്ടായത്. ഗുജറാത്തിലെ കേസില്‍ തൊഗാഡിയ കോടതിയെ സമീപിച്ചിരുന്നു. രാജസ്ഥാനില്‍ നിന്ന് പൊലീസ് സംഘം തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ വന്നത് മുഖ്യമന്ത്രി വസുന്ധര രാജയോ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കട്ടാരിയയോ അറിഞ്ഞിട്ടില്ലെന്ന് തൊഗാഡിയതന്നെ വ്യക്തമാക്കിയിരുന്നു. തന്നെ ഏറ്റുമുട്ടലില്‍ കൊല്ലാനാണ് പദ്ധതിയെന്നായിരുന്നു തൊഗാഡിയയുടെ നിലവിളി.

ഫാസിസത്തിന്റെ വലിയ ആയുധങ്ങളിലൊന്നാണ് ഭയം. ചരിത്രത്തിലെമ്പാടും അതിന്റെ സൂക്ഷ്മ ഉപയോഗങ്ങളുടെ സാന്നിധ്യവുമുണ്ട്. അതേആയുധമാണ് തൊഗാഡിയയ്‌ക്കെതിരെ ഇപ്പോള്‍ ഉയരുന്നത്. ഭയപ്പെടുത്തി നിശ്ബദനാക്കാനുള്ള തന്ത്രം. രാജ്യമാകെ ഭയം വിതച്ചു നടന്നൊരാളിന് കാലം കരുതിവച്ച സമ്മാനം.

DONT MISS
Top