ഐസിസി ക്രിക്കറ്ററും മികച്ച ഏകദിന താരവും; കോഹ്‌ലിക്ക് ഇരട്ടപുരസ്‌കാരം

ദില്ലി: ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിയ്ക്കാണ്. ഇതാദ്യമായാണ് കോഹ്‌ലി ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.


ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ താരം ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ഇയര്‍ അവാര്‍ഡിന് അര്‍ഹനാകുന്നത്. കഴിഞ്ഞ വര്‍ഷം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മികച്ച ടെസ്റ്റ് താരം. മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹാല്‍ സ്വന്തമാക്കി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും കോഹ്‌ലിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്ന താരത്തിന് ഇതിഹാസതാരം ഗാരി സൊബേഴ്‌സിന്റെ പേരിലുള്ള ട്രോഫിയാണ് പുരസ്‌കാരമായി ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ് നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസം പകരുന്നതാണ് ഐസിസി അവാര്‍ഡ് പ്രഖ്യാപനം.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നടത്തിയ സമാനതകളില്ലാത്ത പ്രകടനമാണ് കോഹ്‌ലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഐസിസി ട്വിറ്ററില്‍ കുറിച്ചു കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ആറ് സെഞ്ച്വറികള്‍ കുറിച്ച താരത്തിന്റെ ശരാശരി 76.84 ആയിരുന്നു.

2016 സെപ്തംബര്‍ 21 മുതല്‍ 2017 അവസാനം വരെയുള്ള കാലയളവിലെ പ്രകടനമാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇക്കാലയളിവില്‍ കോഹ്‌ലി ടെസ്റ്റില്‍ എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2,203 റണ്‍സും (ശരാശരി 77.80) ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,818 റണ്‍സും (ശരാശരി 82.63) ട്വന്റി20യില്‍ 299 റണ്‍സും നേടിയിട്ടുണ്ട്.

DONT MISS
Top