പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ മംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കേസില്‍ ഇതുവരെ പൊലീസ് അഞ്ചു പേരെ പിടികൂടിയിട്ടുണ്ട്. അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങിയതായാണ് സൂചന.

കേസില്‍ റിമാന്‍ഡിലായ മാരാരിക്കുളം സ്‌റ്റേഷനിലെ എസ്‌ഐ ലൈജുവിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. കേസില്‍ ഇതുവരെ പിടിയിലായ അഞ്ചുപേരും റിമാന്‍ഡിലാണ്. ഒന്നാംപ്രതി ആതിര, രണ്ടാംപ്രതി നെല്‍സണ്‍, എസ്‌ഐ ലൈജു, പെണ്‍കുട്ടിയുടെ സുഹൃത്ത് ജിനു, ഇടനിലക്കാരിയുടെ സുഹൃത്ത് പ്രിന്‍സ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.

ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിക്കാണ് അന്വേഷണചുമതല. പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തുടക്കം മുതല്‍ സൂചനയുണ്ടെങ്കിലും ഇവരുടെ പങ്കിനെപ്പറ്റിയോ ആരൊക്കെയാണെന്നോ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംശയത്തിലുള്ളവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. റിമാന്‍ഡിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റാളുകളിലേയ്ക്കും അന്വേഷണം നീങ്ങും. അതേസമയം, സംഭവത്തിന് കൂട്ടുനിന്ന മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം ഉന്നതപൊലീസ് സംഘം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

DONT MISS
Top