‘സാഗാസ് ഓഫ് ഐസ്‌ലാന്‍ഡ്’-ദ്വീപസമൂഹത്തിലെ അത്ഭുതങ്ങളിലേക്കൊരു യാത്ര

വെറും മൂന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ഇക്കുറി റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ വരും. പേര് ഐസ്‌ലാന്‍ഡ്. 140 കോടി ജനങ്ങളുള്ള ചൈനയും 125 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയും മുട്ടിലിഴഞ്ഞിട്ടും നടക്കാതെ പോയ കാര്യം. ഏഷ്യന്‍ ഫുട്‌ബോളില്‍ പോലും ഇവര്‍ തുന്നംപാടി നില്‍ക്കുമ്പോഴാണ് യൂറോപ്പിലെ വമ്പന്മാരായ ഇറ്റലിയേയും ഹോളണ്ടിനേയും പിന്തള്ളി ഐസ്‌ലാന്‍ഡ് ലോകകപ്പിന് വരുന്നത്. നമ്മുടെ കൊച്ചിന്‍ കോര്‍പ്പറേഷനില്‍ പോലുമുണ്ട് ആറുലക്ഷത്തിലധികം പേര്‍. നമുക്ക് അത്ഭുതം തോന്നാം. ആ അത്ഭുതത്തിലേക്കുള്ള യാത്രയാണിത്.

കൗതുകകരമാണ് ഐസ്‌ലാന്‍ഡ് ഒപ്പം ഭീകരവും

ഐസ്‌ലാന്‍ഡ് ഫുട്‌ബോളിന്റെ കരുത്തറിയണമെങ്കില്‍ ആദ്യം ഐസ്‌ലാന്‍ഡിനെ അറിയണം. വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സൂര്യപ്രകാശം ലഭിക്കുന്നൊരു രാജ്യമാണത്. അതും വളരെ ചെറിയ തോതില്‍ മാത്രം. നിരന്തരമായ അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും. എപ്പോഴും ആഞ്ഞുവീശുന്ന തണുത്ത കാറ്റ്. വര്‍ഷം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുന്ന രാജ്യം കൂടിയാണത്. തുറന്ന ഗ്രൗണ്ടുകളിലല്ല. ചൂടും തണുപ്പും ക്രമപ്പെടുത്തിയ അടച്ചു പൂട്ടിയ ഹാളുകളിലാണ് പരിശീലനങ്ങളും മത്സരങ്ങളും. ഇങ്ങനെ വിപരീത സാഹചര്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് അവര്‍ ലോകഫുട്‌ബോളില്‍ നിറയുന്നത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വേണ്ടുവോളമുള്ള ഇന്ത്യ ഇതൊക്കെ കണ്ണു തുറന്നു കാണണം. രണ്ടു മുഖങ്ങളുണ്ട് ഐസ്‌ലാന്‍ഡിന് ഒന്ന് കൗതുകകരം മറ്റൊന്ന് ഭീകരവും പ്രകോപിതവും.

വടക്കേ അത്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നൊരു ദ്വീപാണ് ഐസ്‌ലാന്‍ഡ്. പേരു കേള്‍ക്കുന്നതുപോലെ ഐസിന്റെ ഒരു ലാന്‍ഡ് തന്നെയാണത്. വര്‍ഷം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുന്ന ദ്വീപെന്നും പറയാം. ചെറിയ തോതിലെങ്കിലും സൂര്യപ്രകാശം കിട്ടുന്നത് വര്‍ഷത്തില്‍ മൂന്നുമാസം മാത്രം. വലിപ്പത്തിന്റെ കാര്യത്തില്‍ ദ്വീപുകള്‍ക്കിടയില്‍ പതിനെട്ടാം സ്ഥാനമുണ്ട് ഐസ്‌ലാന്‍ഡിന്. യൂറോപ്പില്‍ ബ്രിട്ടനുതാഴെ രണ്ടാം സ്ഥാനവും.

വടക്കേ അമേരിക്കയെ അപേക്ഷിച്ച് യൂറോപ്പിനടുത്തായാണ് ഐസ്‌ലാന്‍ഡിന്റെ സ്ഥാനം. അതിനാല്‍ യൂറോപ്പിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നതും. ഒപ്പം ചരിത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവും പ്രായോഗികവുമായ കാരണങ്ങളും അതിനുണ്ട്. ഗ്രീന്‍ലാന്‍ഡാണ് ഐസ്‌ലാന്‍ഡിന് തൊട്ടടുത്തുള്ള രാജ്യം. ഐസ്‌ലാന്‍ഡില്‍ നിന്ന് 290 കിലോമീറ്റര്‍ ദൂരം കടലിലൂടെ സഞ്ചരിച്ചാല്‍ ഗ്രീന്‍ലാന്‍ഡിലെത്താം. 420 കിലോമീറ്റര്‍ അകലെയുള്ള ഫെറോ ഐലന്‍ഡാണ് യൂറോപ്പില്‍ ഐസ്‌ലാന്‍ഡിന് ഏറ്റവും അടുത്തുള്ള രാജ്യവും.

ജനവാസം തീര്‍ത്തും കുറഞ്ഞ മുപ്പതോളം ചെറുദ്വീപുകളും ഐസ്‌ലാന്‍ഡിന്റെ ഭാഗമാണ്. ഭൂവിസ്തൃതിയുടെ 63 ശതമാനവും മരങ്ങളില്ലാതെ നിരപ്പായ സ്ഥലങ്ങളും ചെറിയ കുന്നിന്‍ പ്രദേശങ്ങളുമാണ്. അതുകഴിഞ്ഞാല്‍ വിശാലമായ തടാകങ്ങളും മഞ്ഞുമൂടിയ മലകളും. എണ്‍പത്തിയഞ്ച് കിലോമീറ്ററിലധികം വീതിയും നീളവുമുള്ളവയാണ് പ്രധാനതടാകങ്ങളെല്ലാം. ‘ജാക്കുള്‍ സാറലോണ്‍’ എന്ന തടാകം വലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആഴത്തിന്റെ കാര്യത്തിലും നമ്മെ അത്ഭുതപ്പെടുത്തും. 814 അടിയാണ് അതിന്റെ ആഴം. മഞ്ഞുകട്ടകള്‍ വഹിച്ചൊഴുകുന്ന ചെറുതും വലുതുമായ ധാരാളം നദികളും മനോഹരമായ വെള്ളച്ചാട്ടങ്ങളും ഐസ്‌ലാന്‍ഡിലെ കൗതുകകരമായ കാഴ്ചകളാണ്.

4,790 കിലോമീറ്ററോളം നീണ്ടു കിടക്കുന്നതാണ് ഐസ്‌ലാന്റിന്റെ കടല്‍ത്തീരം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്നതും ഈ തീരപ്രദേശങ്ങളിലാണ്. രാജ്യത്തിന്റെ ഉള്‍ഭാഗങ്ങള്‍ കൂടുതലും മഞ്ഞുമൂടിയ മലകളും താഴ്‌വാരങ്ങള്‍ മണലും അഗ്നിപര്‍വതങ്ങളില്‍ നിന്നു വമിക്കുന്ന ലാവയാല്‍ നിറഞ്ഞവയുമാണ്. അതിനാല്‍ ആ പ്രദേശങ്ങളില്‍ ജനവാസമില്ല.

തലസ്ഥാനമായ ‘റെയ്ക്ക് ജാവിക്കി’ ലാണ് പ്രധാന പട്ടണങ്ങളും ജനവാസ കേന്ദ്രങ്ങളും. ലോക പ്രസിദ്ധമായ മൂന്നു നാഷണല്‍ പാര്‍ക്കുകളും തലസ്ഥാനത്തിന് സമീപത്താണ്. പാരിസ്ഥിതിക വിഷയങ്ങളില്‍ ഐസ്‌ലാന്‍ഡുകാര്‍ പുലര്‍ത്തുന്ന ജാഗ്രത അസൂയാവഹമാണ്. 2012-ല്‍ അമേരിക്കയിലെ ‘യേല്‍’ യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ പാരസ്ഥിതിക പ്രകടന സൂചികയില്‍ ഐസ്‌ലാന്‍ഡിന് പതിമൂന്നാം സ്ഥാനവുമുണ്ട്. ഇക്കൂട്ടത്തില്‍ ഒരു പ്രധാനകാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഭൂമിയില്‍ കൊതുകുകളില്ലാത്ത അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഐസ്‌ലാന്‍ഡ്. കേരളീയര്‍ക്ക് വിശേഷിച്ച് കൊച്ചിക്കാര്‍ക്ക് കുളിരുകോരുന്നൊരു കാര്യമാണിത്.

അഗ്നിപര്‍വതങ്ങള്‍, ഗേസിറുകള്‍ ഒപ്പം ഭൂകമ്പങ്ങളുടെ നാടും

ഇതുവരെ കണ്ടത് ഐസ്‌ലാന്‍ഡിന്റെ ശാന്തവും സൗമ്യവും സുന്ദരവുമായ പുറം കാഴ്ചകളാണ്. എന്നാല്‍ തീ പിടിച്ചൊരു ഉള്ളുകൂടിയുണ്ട് ഐസ്‌ലാന്‍ഡിന്. താരതമ്യേന പ്രായം കുറഞ്ഞൊരു ദ്വീപാണിത്. അതുകൊണ്ടാകാം ചഞ്ചലമാണ് അതിന്റെ ഉള്‍ഭാഗം. ഈ ചാഞ്ചല്യമാകാം ഒരു പക്ഷേ ദ്വീപിന് ഭീകരമായൊരു മുഖത്തെക്കൂടി പ്രദാനം ചെയ്യുന്നത്.

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നൂറ്റിമുപ്പതിലധികം അഗ്നിപര്‍വതങ്ങള്‍ ഐസ്‌ലാന്‍ഡിലുണ്ട്. ഇതില്‍ പതിനെട്ടെണ്ണവും ജനവാസ കേന്ദ്രങ്ങളിലുമാണ്. ഇവ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതവും. ഇതില്‍ ‘ലാകി’ എന്ന അഗ്നിപര്‍വതം 1783-ല്‍ പൊട്ടിത്തെറിച്ചപ്പോള്‍ രാജ്യത്തെ ജനസംഖ്യയുടെ കാല്‍ഭാഗമാണ് അപ്രത്യക്ഷമായത്. സ്‌ഫോടനം സൃഷ്ടിച്ച പൊടിപടലങ്ങള്‍ യൂറോപ്പിനേയും ഏഷ്യയേയും ആഫ്രിക്കയേയും മാസങ്ങളോളം ഒരുപോലെ ബുദ്ധിമുട്ടിച്ചു. മാത്രമല്ല ഈ ഭൂഖണ്ഡങ്ങളുടെ കാലാവസ്ഥയിലും അത് വ്യതിയാനങ്ങളുണ്ടാക്കി.

തെക്കന്‍ ഐസ്‌ലാന്‍ഡിലുള്ളൊരു അഗ്നിപര്‍വതം 2010 മാര്‍ച്ച് 21-ന് പൊട്ടിത്തെറിച്ചു. 1821-ന് ശേഷം ആദ്യമായാണ് ഈ അഗ്നിപര്‍വതം സജീവമായത്. അതിന്റെ ഫലമായി അറുന്നൂറോളം വീടുകള്‍ തകര്‍ന്നു. ഇതേ അഗ്നിപര്‍വതം ഏപ്രിലില്‍ വീണ്ടും പൊട്ടിയപ്പോള്‍ നൂറോളം പേര്‍ക്ക് വീണ്ടും വീടുകള്‍ നഷ്ടമായി. ദുരിതങ്ങള്‍ അവിടെയും തീര്‍ന്നില്ല. സ്‌ഫോടനം സൃഷ്ടിച്ച പൊടിപടലങ്ങള്‍ യുറോപ്പിലേക്കുള്ള വ്യോമഗതാഗതത്തെ പൂര്‍ണമായും അസാധ്യമാക്കി. അങ്ങനെ യൂറോപ്പില്‍ നിന്നും ഐസ്‌ലാന്‍ഡ് തീര്‍ത്തും ഒറ്റപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞാണ് വ്യോമഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കപ്പെട്ടത്.

2011 മെയില്‍ വീണ്ടും മറ്റൊരഗ്നിപര്‍വതം കൂടി പൊട്ടിത്തെറിച്ചു. 2010 ല്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായിരുന്നു അത്. സ്‌ഫോടനം സൃഷ്ടിച്ച പൊടിപടലങ്ങള്‍ ഭൂമിയില്‍ നിന്ന് ഇരുപതുകിലോമീറ്റര്‍ ഉയരത്തില്‍ വരെ കനത്ത പൊടിമേഘങ്ങളെ സൃഷ്ടിച്ചു. അതുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ മാറാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

അപകടകരവും എന്നാല്‍ കൗതുകം പകരുന്നതുമായ മറ്റൊരു പ്രതിഭാസം കൂടിയുണ്ട് ഐസ്‌ലാന്‍ഡില്‍. ‘ഗേസിര്‍’ എന്നാണ് അതിനെ വിളിക്കുക. ഭൂമി, പെട്ടെന്ന് പൊട്ടിപ്പിളര്‍ന്ന് തിളച്ച വെള്ളം ആകാശത്തേക്ക് അതിശക്തമായി ചീറ്റി ഒഴുകുന്ന പ്രതിഭാസമാണത്. 181 മീറ്ററിലധികം ഉയരത്തില്‍ വരെ ജലം ഇങ്ങനെ ഉയരാറുണ്ട്. ഐസ്‌ലാന്‍ഡുകാരെ നിത്യഭീതിയിലാഴ്ത്തുന്ന പ്രതിഭാസം കൂടിയാണിത്. എപ്പോള്‍ എവിടെ വേണമെങ്കിലും ഇതു സംഭവിക്കാം എന്നതാണ് ഗേസിറിന്റെ ഭീകരതയ്ക്കു കാരണം. വരാനിരിക്കുന്ന വലിയ ഭൂകമ്പങ്ങളുടെ പ്രാരംഭസൂചനകളാണിവ. ജര്‍മന്‍ രസതന്ത്രഞ്ജനായ ‘റോബര്‍ട്ട് ബെന്‍സന്‍’ ഗേസിറുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്.

ഗേസര്‍ പ്രതിഭാസത്തിന് പതിനായിരം വര്‍ഷത്തെ പഴക്കുമുണ്ടെന്നാണ് നിഗമനം. വലിയ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂമിയുടെ ബാഹ്യാന്തര്‍ഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ഗേസറുകള്‍ക്ക് കാരണമെന്ന് റോബര്‍ട്ട് ബെന്‍സന്‍ ഉള്‍പ്പെടുയുള്ള ഗവേഷകര്‍ പറയുന്നു. 1630-ല്‍ ഗേസറുകള്‍ ധാരാളമായി ഐസ്‌ലാന്‍ഡിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന്റെ ഫലമായി താങ്ങാനാകാത്ത ചൂടില്‍ ഒരു താഴ്‌വര അപ്പാടെ അകപ്പെടുകയും ചെയ്തു. ഗേസര്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഐസ്‌ലന്‍ഡിലെ ഒരു സ്ഥലനാമമാണ്. ആദ്യമായി രേഖപ്പെടുത്തിയത് ഇവിടത്തെ പ്രതിഭാസമായിരുന്നു. അതിനാല്‍ ഈ പ്രതിഭാസം പിന്നീട് ഗേസര്‍ എന്ന പേരില്‍ അറിയപ്പെട്ടെന്ന് മാത്രം.

അഗ്നിപര്‍വതങ്ങള്‍ക്കും ഗേസിറുകള്‍ക്കും പുറമേ ഭൂകമ്പങ്ങളുടെ നാടും കൂടിയാണ് ഐസ്‌ലാന്‍ഡ്. ചങ്ങലപോലെയാണ് അവയുടെ വരവും പോക്കും. 2017 ഫ്രെബ്രുവരിയില്‍ നാലു ദിവസത്തിനുള്ളില്‍ ഐസ്‌ലാന്‍ഡിലുണ്ടായത് വലുതും ചെറുതുമായ അഞ്ഞൂറ് ഭൂകമ്പങ്ങളാണെന്ന് പറയുമ്പോള്‍ അതിന്റെ ഭീകരത ബോധ്യമാകും. ജനസാന്ദ്രത കുറവായതിനാല്‍ ആള്‍നാശം പലപ്പോഴും നാമമാത്രമാകും. എന്നാല്‍ അതു സൃഷ്ടിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ ജനജീവിതത്തെ പൊള്ളിക്കുകയും ചെയ്യും.

ഐസ്‌ലാന്‍ഡില്‍ ജനജീവിതത്തെ ദുഷ്‌കരവും ഭയാനകവുമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ദുസ്സഹമായ കാലാവസ്ഥയാണത്. തീവ്രമായ മഞ്ഞു വീഴ്ചയും അസഹ്യമായ തണുപ്പുമാണെപ്പോഴും. രാജ്യത്തിന്റെ പലമേഖലകളിലും തണുപ്പിന്റെ തോതില്‍ ചില വ്യത്യാസങ്ങളുമുണ്ട്. തെക്കന്‍ ഐസ്‌ലാന്‍ഡിന്റെ തീരപ്രദേശങ്ങള്‍ വടക്കന്‍ ഐസ്‌ലാന്‍ഡിനെ അപേക്ഷിച്ച് അല്‍പം ചൂടുള്ള പ്രദേശമാണ്. ഉഷ്ണജല പ്രവാഹങ്ങളുടെ സാന്നിധ്യമാണ് അതിനുകാരണം. എന്നാല്‍ രാജ്യത്തിന്റെ മധ്യഭാഗം തീര്‍ത്തും തണുത്തുറഞ്ഞതാണ്. ഇവിടങ്ങളില്‍ വര്‍ഷം മുഴുവന്‍ മഞ്ഞുവീഴ്ചയും സാധാരണം. അതിനാല്‍ ജനവാസവും നാമമാത്രമാണ്.

ഐസ്‌ലാന്‍ഡിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ 30 ഡിഗ്രിവരെ താപനില ഉയര്‍ന്നിട്ടുണ്ട്. 1939 ജൂണ്‍ ഇരുപത്തിരണ്ടിനായിരുന്നു അത്. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും താഴ്ന്ന താപനില മൈനസ് 38 ഡിഗ്രിയാണ്. 1918 ജനുവരി ഇരുപത്തി രണ്ടിനായിരുന്നു അത്. തലസ്ഥാനമായ റെയ്ജാവിക്കില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന താപനില 26.2 ഡിഗ്രിയാണ്. താഴ്ന്ന താപനില മൈനസ് 22.5 ഡിഗ്രിയും. രാജ്യത്തെ കാലാവസ്ഥയുടെ അസഹ്യതയും രൂക്ഷതയും ഈ കണക്കുകള്‍ തന്നെ വ്യക്തമാക്കും.

‘സാഗാസ് ഓഫ് ഐസ്‌ലാന്‍ഡ്’

എഡി എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ രചിക്കപ്പെട്ടതെന്നു കരുതുന്ന ‘ലാന്‍ഡ് നാമാ ബുക്ക്, എട്ടുമുതല്‍ പതിനൊന്നുവരെ നൂറ്റാണ്ടുകളില്‍ രചിയ്ക്കപ്പെട്ട ‘സാഗാസ് ഓഫ് ഐസ്‌ലാന്‍ഡ്’ അഥവാ ‘ഐസ്‌ലാന്‍ഡ് പുരാണങ്ങള്‍’ എന്നിവയില്‍ നിന്നാണ് ആദ്യകാല ഐസ്‌ലാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

എഡി 870-ല്‍ സ്വീഡിഷ് നാവികനായ ‘ഗരോര്‍ സാവര്‍സ’ നാണ് ഐസ്‌ലാന്‍ഡ് ഒരു ദ്വീപാണെന്ന് കാര്യം ആദ്യം കണ്ടെത്തുന്നത്. ദ്വീപ്, ഒരു തവണ ചുറ്റിക്കറങ്ങിയ സാവര്‍സന്‍ കുറച്ചുനാള്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തോടൊപ്പം വന്ന ‘നാറ്റ്ഫാരി’ എന്ന നാവിക സുഹൃത്ത് തന്റെ രണ്ട് അടിമകളോടൊത്ത് ദ്വീപില്‍ സ്ഥിരമായി താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു പിറകേ ഒരു സ്‌കാന്‍ഡിനേവിയന്‍ നാവികനായ ഇന്‍ഗോള്‍ഫര്‍ അര്‍നോര്‍സനും ദ്വീപില്‍ വീട് പണിത് ജീവിതമാരംഭിച്ചു. 874-ല്‍ ആയിരുന്നു ഇത്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ഐസ്‌ലാന്‍ഡിലെ ആദ്യ താമസക്കാര്‍.

തുടര്‍ന്ന് ധാരാളം പേര്‍ ഐസ്‌ലാന്‍ഡിലേക്ക് കുടിയേറിത്തുടങ്ങി. കൂടുതലും നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് മുതലായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അവരുടെ അടിമകളുമായിരുന്നു. അവരോടൊപ്പം സ്‌കോട്ടലാന്‍ഡുകാരും അയര്‍ലാന്‍ഡുകാരും ചേര്‍ന്നു. എഡി ഒമ്പതാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഈ ജനവാസകേന്ദ്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ആരംഭിച്ചു.

ദ്വീപിന്റെ വലിപ്പവുമായി തട്ടിച്ചു നോക്കുമ്പോള്‍ ജനസംഖ്യ നന്നേകുറവായിരുന്നെങ്കിലും ജനജീവിതം പലവിധമായ അതൃപ്തികളില്‍ പുകഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നു കുടിയേറിയവരായതിനാല്‍ അവരുടെ താത്പര്യങ്ങളും സംസ്‌കാരങ്ങളും വൈവിധ്യപൂര്‍ണമായിരുന്നു. സംഘര്‍ഷങ്ങളുടെ പ്രധാനകാരണവും ഇതുതന്നെ. ഒപ്പം യൂറോപ്പില്‍ നിന്ന് ദ്വീപിലെത്തിയ വിവിധ ക്രിസ്ത്യന്‍ സഭകളുടെ സങ്കുചിത താത്പര്യങ്ങളും സമാധാനം കെടുത്തി.

അതോടെ, ഒരു ഭരണകൂടവും അതുമായി ബന്ധപ്പെട്ട നിയമസംവിധാനങ്ങളും ആവശ്യമായിവന്നു. ജനങ്ങളുടെ ചിന്ത ആവഴിക്ക് പോയതിന്റെ ഫലമായാണ് എഡി 930-ല്‍ ജനപ്രതിനിധകളുടെ ഒരു നിയമസഭ സൃഷ്ടിക്കപ്പെടുന്നത്. ലോകത്തിലെ ആദ്യ നിയമസഭയാണിതെന്നതും ഓര്‍ക്കുക. 1262-ല്‍ ഈ സംവിധാനം തകര്‍ന്നു. ഇതോടെ രാജ്യം നോര്‍വീജിയന്‍ ചക്രവര്‍ത്തിയുടെ കീഴിലായി. ദ്വീപിന്റെ അവകാശം നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവര്‍ക്ക് ചക്രവര്‍ത്തി പങ്കിട്ടു. 1523-ല്‍ ഇതും തകര്‍ന്നു. ഇതോടെ രാജ്യം പ്രാകൃതാവസ്ഥയിലേക്ക് വീണ്ടും മടങ്ങി.

അതുകഴിഞ്ഞു വന്ന രണ്ടോ മൂന്നോ നൂറ്റാണ്ടുകളില്‍ ദുസഹമായിരുന്നു ദ്വീപിന്റെ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം. ഇതിനടയില്‍ ഡെന്‍മാര്‍ക്കിന്റെ ആധിപത്യവും അധികാര പ്രയോഗങ്ങളും രാജ്യത്തെ ഞെരുക്കി. ഒപ്പം ദ്വീപില്‍ വസൂരിയും പടര്‍ന്നു പിടിച്ചു. ജനസംഖ്യയില്‍ നാലില്‍ ഒന്നു ഭാഗവും മരണത്തിന് കീഴടങ്ങി. 1783-ല്‍ ‘ലാകി ‘ എന്ന അഗ്നിപര്‍വതം കൂടി പൊട്ടിയതോടെ ദുരിതങ്ങള്‍ സമ്പൂര്‍ണമായി. സ്‌ഫോടനത്തില്‍ മൊത്തം ജനസംഖ്യയുടെ കാല്‍ഭാഗം കൂടി അപ്രത്യക്ഷമായി. രണ്ടു ദുരന്തങ്ങളിലുമായി ജനസംഖ്യ നേര്‍പകുതിയായി കുറയുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ നെപ്പോളിയന്റെ പടയോട്ടങ്ങളുടെ ഫലമായി ഡെന്‍മാര്‍ക്കും നോര്‍വേയും രണ്ടായി. എങ്കിലും ആ നൂറ്റാണ്ട് മുഴുവന്‍ ഡെന്‍മാര്‍ക്കിന്റെ ആധിപത്യം ഐസ് ലാന്‍ഡില്‍ തുടര്‍ന്നു. ഈ ഘട്ടത്തില്‍ രാജ്യത്തെ കാലാവസ്ഥ രൂക്ഷമാവുകയും ജനജീവിതത്തെ കലുഷിതമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പതിനയ്യയിരത്തോളം പേര്‍ കാനഡയിലേക്ക് കുടിയേറി. അന്ന് രാജ്യത്തെ ജനസംഖ്യ വെറും എഴുപതിനായിരം മാത്രമായിരുന്നു.

1944-ജൂണ്‍ പതിനേഴിന് ഡെന്‍മാര്‍ക്കില്‍ നിന്ന് ഐസ് ലാന്‍ഡ് സ്വതന്ത്രമായി. പിന്നീട് അങ്ങോട്ട് വ്യക്തമായ ദിശാബോധത്തോടെ സഞ്ചരിച്ച ഐസ് ലാന്‍ഡ് ഇന്ന് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു.

കൊതുകില്ല, പട്ടാളമില്ല മക്കളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശവുമില്ല

ഐസ്‌ലാന്‍ഡ് പാര്‍ലമെന്റ്

കൊതുകില്ലാത്ത രാജ്യം എന്നതു പോലെ പട്ടാളമില്ലാത്ത രാജ്യം കൂടിയാണ് ഐസ്‌ലാന്‍ഡ്. തീരദേശ സേനയാണ് രാജ്യസുരക്ഷാ സംബന്ധിയായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ക്രമസമാധാന പാലനത്തിന്റെ പ്രധാന ചുമതലയും ഇവര്‍ക്കു തന്നെ. എന്തായാലും ആഗോള സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ ഐസ്‌ലാന്‍ഡ്. ലോകത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യവും ഇതുതന്നെ. രാഷ്ട്രീയ-സമൂഹിക സ്ഥിരതയിലും ഐസ്‌ലാന്‍ഡ് ഒന്നാം സ്ഥാനത്തുണ്ട്.

ഇരുപതാം നൂറ്റൂണ്ടുവരെ യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഐസ്‌ലാന്‍ഡ്. എന്നാലിപ്പോള്‍ ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. സാമ്പത്തികവളര്‍ച്ചയിലും ഒന്നാം സ്ഥാനത്താണ് ഐസ്‌ലാന്‍ഡ്. ത്വരിതമായ ഈ സാമ്പത്തിക വളര്‍ച്ച യുണൈറ്റഡ് നേഷന്‍സിന്റെ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഐസ്‌ലാന്‍ഡിനെ ഒന്നാം സ്ഥാനത്തും എത്തിച്ചിട്ടുണ്ട്. 2011-ലെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് ഇന്‍ഡക്‌സ് പ്രകാരം ആഗോള ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. 2.8 ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. അതു തന്നെ ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരുന്നുമുണ്ട്. വിട്ടുവാഴ്ചയില്ലാത്ത ലിംഗസമത്വവും ഐസ്‌ലാന്‍ഡിന്റെ എടുത്തുപറയാവുന്ന സവിശേഷതയാണ്.

1983-ല്‍ ‘ വിമെന്‍സ് ലിസ്റ്റ് ‘ എന്നൊരു രാഷ്ട്രീയ സംഘടന രാജ്യത്ത് രൂപീകരിക്കപ്പെട്ടു. സ്ത്രീകള്‍ മാത്രമായിരുന്നു അംഗങ്ങള്‍. നേതാക്കളും അവരായിരുന്നു. സ്ത്രീകള്‍ രൂപീകരിക്കുകയും അവര്‍ തന്നെ നയിക്കുകയും ചെയ്യുന്നൊരു പാര്‍ട്ടി ലോകത്ത് ആദ്യമായിരുന്നു. സ്ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യങ്ങളായിരുന്നു ഊന്നല്‍. സംഘടനയുടെ രൂപീകരണത്തോടെ പാര്‍ലമെന്റില്‍ വനിതകളുടെ അംഗസംഖ്യ കൂടി. 1999-ല്‍ ഈ പാര്‍ട്ടി സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ലയിച്ചു. എന്നാല്‍ അവര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പൊതുവേ എല്ലാവരും അംഗീകരിച്ചു. അതോടെ എല്ലാ പാര്‍ട്ടികളിലും 40 ശതമാനം സംവരണവും അവര്‍ക്ക് ലഭിച്ചു. 2009-ലെ പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നില്‍ ഒന്ന് ഭാഗം വനിതകളാവുകയും ചെയ്തു. 2ം16-ല്‍ ഇത് 48 ശതമാനമായി വര്‍ധിച്ചു. ആഗോള തലത്തില്‍ ഈ പ്രാതിനിധ്യം പതിനാറു ശതമാനമാണെന്ന കാര്യം കൂടി പരിഗണിക്കുമ്പോഴാണ് ഇതിന്റെ വലിപ്പം മനസിലാവുക.

മത്സ്യബന്ധനവും അതിന്റെ സംസ്‌കരണവും കയറ്റുമതിയുമാണ് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. അതു കഴിഞ്ഞാല്‍ ടൂറിസം, സോഫ്റ്റ് വെയര്‍, ബയോടെക്‌നോളജി എന്നിവയും. കൃഷിയും കന്നുകാലി വളര്‍ത്തലും അപ്രധാനമല്ലാത്ത വരുമാനം രാജ്യത്തിനുണ്ടാക്കിക്കൊടുക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ എല്ലാ കൃഷിയും അവിടെ സാധ്യമല്ല. അവിടെ ഉരുളക്കിഴങ്ങ് മാത്രമാണ് പ്രധാന കാര്‍ഷോത്പന്നം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഐസ്‌ലാന്‍ഡ്. 2016-ലെ തെരഞ്ഞെടുപ്പില്‍ 48 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയത്. ഇക്കാര്യത്തില്‍ ലോകത്തിനാകെ മാതൃകയായി മാറുകയാണ് ഐസ്‌ലാന്‍ഡ്. പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണ് ഐസ്‌ലാന്‍ഡ് പിന്തുടരുന്നത്. നാലുവര്‍ഷമാണ് കാലാവധി. പ്രധാനമന്ത്രിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. പ്രസിഡന്റ് എന്നത് ഒരു ആലങ്കാരിക പദവി മാത്രമാണ്. ഒരു നയതന്ത്രജ്ഞന്റെ ജോലിയാണ് പ്രധാനമായും അദ്ദേഹം നിര്‍വഹിക്കുന്നത്.

മാതൃകാപരമാണ് ഐസ്‌ലാന്‍ഡിലെ വിദ്യാഭ്യാസ രീതികള്‍. എല്ലാം സര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നിലവാരം എപ്പോഴും പരിശോധിക്കപ്പെടും. പഠന സംബന്ധിയായ കാര്യങ്ങളില്‍ കുട്ടികളുടെ സംശയം തീര്‍ത്തു കൊടുക്കാനോ പഠിപ്പിക്കാനോ ഉള്ള അവകാശം മാതാപിതാക്കന്മാര്‍ക്കില്ലാത്ത ഭൂമിയിലെ ഏക രാജ്യവും കൂടിയാണ് ഐസ്‌ലാന്‍ഡ്. അങ്ങനെ ചെയ്താല്‍ അത് ശിക്ഷാര്‍ഹമാണ്. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കണമെങ്കില്‍ അതിനുള്ള നിശ്ചിത യോഗ്യത നേടിയ ശേഷം സര്‍ക്കാരിന്റെ പ്രത്യേക അനുമതി നേടിയിരിക്കണം. അത്രയ്ക്കാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രാജ്യത്തിനുള്ള ശ്രദ്ധ.

ക്രൈസ്തവ ദര്‍ശനങ്ങള്‍, ഇംഗ്ലീഷ്, ഡാനിഷ് എന്നിവ സ്‌കൂളുകളില്‍ നിര്‍ബന്ധ വിഷയങ്ങളാണ്. ‘ഐസ്‌ലാന്‍ഡിക്കാ’ണ് ഔദ്യോഗികഭാഷ. മറ്റു സ്‌കാന്‍ഡിനേവിന്‍ ഭാഷകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. പുസ്തകങ്ങളെ ഇത്രയേറെ സ്‌നേഹിക്കുന്നൊരു ജനത ലോകത്തുണ്ടോയെന്നു സംശയം. ആകെ മൂന്നുലക്ഷം ജനങ്ങളേ രാജ്യത്തുള്ളുവെങ്കിലും തലസ്ഥാനമായ റെയ്ക്ജാവിക്ക് പുസ്തകശാലകളുടെ വലിയൊരു കേന്ദ്രമാണ്. ജനതയില്‍ പത്തു ശതമാനം പേര്‍ അവരുടെ ജീവിത കാലത്തിനിടയില്‍ ഒരു പുസ്തകമെങ്കിലും എഴുതുമെന്നാണ് കണക്കുകള്‍.

നൊബേല്‍ സമ്മാനം നേടിയൊരു സാഹിത്യകാരനും രാജ്യത്തുണ്ട്. പേര് ‘ ഹാള്‍ഡോര്‍ ലാക്‌സിനെസ് ‘. 1955-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇദ്ദേഹത്തിനായിരുന്നു.

ഐസ്‌ലാന്‍ഡ് ഫുട്‌ബോള്‍: ആവേശകരം ഒപ്പം അവിശ്വസനീയവും

ആവേശകരമാണ് ഐസ്‌ലാന്‍ഡ് ഫുട്‌ബോളിന്റെ കഥ. ഒപ്പം അവിശ്വസനീയവും. അനുയോജ്യമായ കാലാവസ്ഥയോ കളിസ്ഥലങ്ങളോ ഇല്ല. വിപരീത സാഹചര്യങ്ങളോടുള്ള പോരാട്ടം കൂടിയാണവര്‍ക്ക് ഫുട്‌ബോള്‍. കളിക്കാന്‍ വേണ്ടി ഇത്രയും സാഹസം കാണിക്കുന്നൊരു ജനത ലോകത്തുണ്ടാവില്ല. പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിലാണ് ഐസ്‌ലാന്‍ഡില്‍ ഫുട്‌ബോള്‍ കളി ആരംഭിക്കുന്നത്. 1899-ല്‍ ‘കെആര്‍ റെയ്‌ജോവിക്കെ’ ന്ന ആദ്യ ടീം രൂപീകരിച്ചു. 1912-ല്‍ മൂന്നു ടീമുകളെ ഉള്‍പ്പെടുത്തി ആദ്യ ടൂര്‍ണമെന്റും തുടങ്ങി. 1930-ആയപ്പോഴേക്കും യൂറോപ്പില്‍ നിന്ന് പല ടീമുകളും ഐസ്‌ലാന്‍ഡില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനെത്തിത്തുടങ്ങി. ഇതോടെ രാജ്യത്തെ ഫുട്‌ബോള്‍ കൂടുതല്‍ ആവേശത്തിലേക്ക് വരികയും ചെയ്തു.

1946-ജൂലൈ പതിനേഴിന് ഡെന്‍മാര്‍ക്കിനെതിരെയായിരുന്നു ഐസ്‌ലാന്‍ഡിന്റെ ആദ്യ ഔദ്യോഗിക മത്സരം. മത്സരത്തില്‍ മൂന്നുഗോളിന് അവര്‍ തോറ്റു. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയും ഡെന്‍മാര്‍ക്കിനോടായിരുന്നു. 1967-ആഗസ്റ്റ് 23-ന്. 14-2-നായിരുന്നു തോല്‍വി. വലിയ വിജയം രണ്ടായിരം ജൂലൈ 27-ന് മാള്‍ട്ടയ്‌ക്കെതിരേയുമായിരുന്നു. 5-0-ത്തിനായിരുന്നു ആ വിജയം. കളിക്കാരും ക്ലബ്ബുകളും ധാരാളമുണ്ടായിരുന്നെങ്കിലും ഐസ്‌ലാന്‍ഡ് ഫുട്‌ബോളിന് കാര്യമായ ദിശാബോധമൊന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. 1912-ലാണ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പലതലമുറയിലും മികച്ച കളിക്കാരുമുണ്ടായിരുന്നു. എങ്കിലും ലോകഫുട്‌ബോളില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

1956-ലെ യൂറോകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1958-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും ഒരു പോയിന്റുപോലും നേടാനായതുമില്ല. 26 ഗോളുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. 1974-മുതല്‍ തുടര്‍ച്ചയായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും യൂറോകപ്പിന്റെ യോഗ്യതാ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. 1994-ല്‍ ഫിഫാ റാങ്കിംഗില്‍ മുപ്പത്തിയേഴാം സ്ഥാനത്ത് വന്നതുമാത്രമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ എടുത്തുപറയാവുന്ന നേട്ടം.

എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ ലോകത്തെ ഞെട്ടിക്കുന്ന കുതിപ്പാണ് അവര്‍ നടത്തുന്നത്. 2012- ഏപ്രിലില്‍ ഫിഫ റാങ്കിംഗില്‍ 131-ല്‍ ആയിരുന്ന ഐസ്‌ലാന്‍ഡ് 2017-ജൂലൈ ആയപ്പോഴേക്കും പത്തൊമ്പതാം സ്ഥാനത്തെത്തി. ഇപ്പോള്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. വിവിധ ഏജ് ഗ്രൂപ്പുകളിലായി 26,000 രജിസ്‌റ്റേഡ് കളിക്കാര്‍ അവര്‍ക്കുണ്ട്. ഇന്ത്യയില്‍ ഇത് നാലേകാല്‍ കോടിയാണെന്നും ഓര്‍ക്കണം. വര്‍ഷം മുഴവന്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ കളിക്കാന്‍ നല്ലൊരു ഗ്രൗണ്ടു പോലും അവര്‍ക്കില്ല. അതിനാല്‍ തണുപ്പും ചൂടും ക്രമീകരിക്കാന്‍ കഴിയുന്ന, പ്രത്യേകം തയ്യാറാക്കിയ അടച്ചുമൂടിയ പ്രതലങ്ങളിലാണ് മത്സരവും പരിശീലനവും. ഇവയെ ഫുട്‌ബോള്‍ ഹൗസുകളെന്നാണ് പറയുക. ഇങ്ങനെ പതിനൊന്ന് ഹൗസുകള്‍ രാജ്യത്തുണ്ട്.

ഐസ്‌ലാന്‍ഡ് ഫുട്‌ബോളിന്റെ പെട്ടെന്നുള്ള ഉണര്‍വിന് കാരണമെന്തെന്നു ചോദിച്ചാല്‍ ആസൂത്രിതമായ ശ്രമങ്ങളാണ് അതിന്റെ പിന്നിലെന്ന് ടീമിന്റെ പ്രധാന പരിശീലകനായ ‘ ഹെയ്മിര്‍ ഗ്രിമാസന്‍ ‘ പറയും. രാജ്യത്ത് ധാരാളം നല്ല പരിശീലകരുണ്ട്. അതില്‍ എഴുപതു ശതമാനം പേര്‍ക്ക് യുവേഫയുടെ ബി ലൈസന്‍സും 23 ശതമാനം പേര്‍ക്ക് എ ലൈസന്‍സുമുണ്ട്. എണ്ണത്തില്‍ പറഞ്ഞാല്‍ 165 എ ലൈസന്‍സുകാരും 563 ബി ലൈസന്‍സുകാരും. ഇവരുടെ നേതൃത്വത്തിലാണ് എല്ലാ ഏജ് ഗ്രൂപ്പു ടീമുകളും പരിശീലനം നടത്തുക. ശാസ്ത്രീയമായ പരിശീലനരീതികള്‍, നല്ല സംവിധാനങ്ങള്‍, കൃത്യമായി ക്രമപ്പെടുത്തിയിട്ടുള്ള ലീഗ് മത്സരങ്ങള്‍. ഉണര്‍വിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.

ഇപ്പോള്‍ ഐസ്‌ലാന്‍ഡിലെ 72 കളിക്കാര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നു. ഇതില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന് വേണ്ടി കളിക്കുന്ന സിഗൂര്‍സന്‍, ബേര്‍ളി എഫ്‌സി യ്ക്കുകളിക്കുന്ന ഗൗമുണ്ട്‌സന്‍, ആസ്റ്റന്‍വില്ല യുടെ ബെജാംസന്‍, റീഡിംഗിനു കളിക്കുന്ന ബുവാര്‍സന്‍ ഇറ്റാലിയന്‍ ലീഗില്‍ ഉഡീനസിന് കളിക്കുന്ന ഹാലിഫ്രീസന്‍ എന്നിവരാണ് പ്രമുഖര്‍. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെ ലീഗുകളിലാണ് ഐസ്‌ലാന്‍ഡ് കളിക്കാര്‍ കൂടുതലായി കളിക്കുന്നത്. ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം, ഇസ്രയേല്‍, റഷ്യ, തുര്‍ക്കി, സ്‌പെയിന്‍, വെയില്‍സ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഐസ്‌ലാന്‍ഡിലെ കളിക്കാരുണ്ട്. ഐസ്‌ലാന്‍ഡ് ഫുട്‌ബോള്‍ നേടിയ നിലവാരത്തെ അടിവരയിടുന്നതാണിതെല്ലാം.

പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രീമിയര്‍ ലീഗാണ് ഐസ്‌ലാന്‍ഡിന്റെ പ്രധാന ലീഗ് മത്സരം. അതു കഴിഞ്ഞാല്‍ മൂന്നു ഡിവിഷനുകള്‍ കൂടിയുണ്ട്. മൂന്നാം ഡിവിഷനില്‍ പത്തു ടീമുകളാണുള്ളത്. മറ്റു ഡിവിഷനുകളില്‍ 12 ടീം വീതവും. ഒരു നാലാം ഡിവിഷന്‍ ലീഗ് കൂടിയുണ്ട് ഐസ്‌ലാന്‍ഡില്‍. അതിനെ എ, ബി, സി, ഡി എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ബി ഗ്രൂപ്പില്‍ ഒമ്പതു ടീമുകളും മറ്റു ഡിവിഷനുകളില്‍ എട്ടു ടീമുകള്‍ വീതവും വരും. ഇങ്ങനെ 80 ടീമുകള്‍ എട്ടുമാസം നീണ്ടു നല്‍ക്കുന്ന ലീഗില്‍ വാശിയോടെ പങ്കെടുക്കുന്നു. ലോക നിലവാരത്തിലാണ് മത്സരങ്ങളുടെ സംഘാടനമെന്നതും എടുത്തു പറയേണ്ടതാണ്. ഈ ടീമുകള്‍ക്കെല്ലാം അഞ്ചുവയസുമുതലുള്ള കുട്ടികളെ കളി അഭ്യസിപ്പിക്കുവാനുള്ള സംവിധാനങ്ങളുമുണ്ട്. അതിന്റെ നല്ല ഫലങ്ങളാണ് ലോകകപ്പ് യോഗ്യതയിലൂടെ അവര്‍ക്ക് കൈവന്നിരിക്കുന്നത്.

റഷ്യന്‍ ലോകകപ്പിലേക്കുള്ള ഐസ്‌ലാന്‍ഡിന്റെ വളര്‍ച്ച

ഒരു നൂറ്റാണ്ടു നീണ്ട സാഹസങ്ങളും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും സമര്‍പ്പണബോധമുള്ള പരിശീലകരും കളിക്കാരും സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിച്ചതാണ് അവരുടെ ഫുട്‌ബോള്‍ പെരുമ. ചിട്ടയും അച്ചടക്കവും കൂടി ചേര്‍ന്നപ്പോള്‍ അത് ലോകത്തോളം വളര്‍ന്നു. ഇപ്പോള്‍ ലോകകപ്പില്‍ എത്തിനില്‍ക്കുന്നു. ഐസ്‌ലാന്‍ഡ് ഫുട്‌ബോളിന് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ടെങ്കിലും 1964-ലാണ് ആദ്യമായി യൂറോകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. പക്ഷേ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇതേ അവസ്ഥ 2012-വരെ തുടരന്നു. എന്നാല്‍ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 2016-ല്‍ അവര്‍ യോഗ്യതനേടി. എന്നല്ല ആദ്യമായി ക്വര്‍ട്ടറിലുമെത്തി.

ഹംഗറിയും പോര്‍ച്ചുഗലും ഓസ്ട്രിയയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് ഹംഗറിക്ക് താഴെ രണ്ടാംസ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നത്. ആദ്യമത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ച്ചുഗലിനെ 1-1-ന് സമിനിലയില്‍ തളച്ച ഐസ്‌ലാന്‍ഡ് രണ്ടാം മത്സരത്തില്‍ ഹംഗറിയേയും 1-1-ന് സമനിലയില്‍ കുരുക്കി. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രിയയെ 2-1 ന് പരാജയപ്പെടുത്തുകയും ചെയ്തു.

പ്രി-ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരാകുമെന്നു പ്രതീക്ഷയ്ക്കപ്പെട്ട ഇംഗ്ലണ്ടിനെ 2-1-ന് പരാജയപ്പെടുത്തി ക്വര്‍ട്ടറിലും കടന്നു. എന്നാല്‍ അവിടെ കാലിടറി. ഫ്രാന്‍സിനോട് 5-2-ന് അപ്രതീക്ഷിതമായി പരാജയപ്പെയുകയായിരുന്നു. എങ്കിലും ലോകത്തിലെ ഒന്നാങ്കിട ടീമുകളില്‍ ഒന്നായ ഫ്രാന്‍സിന്റെ വലയില്‍ രണ്ടു ഗോള്‍ എത്തിക്കാനായി എന്നത് അവര്‍ക്ക് അഭിമാനിക്കാനുള്ള വകയായി. ഗ്രൂപ്പില്‍ ഫിന്‍ലാന്‍ഡ് സമനിയയില്‍ തളച്ച പോര്‍ച്ചുഗല്‍ പിന്നീട് ചാമ്പ്യന്മാരുമായി. ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരുമായി. എന്തായാലും ഫ്രാന്‍സില്‍ നിന്ന് തലയെടുപ്പോടെയാണ് ഐസ്‌ലാന്‍ഡ് ടീം നാട്ടിലേക്ക് മടങ്ങിയത്. അതോടെ ലോകത്തിന്റെ ശ്രദ്ധ പെട്ടെന്ന് ഐസ്‌ലാന്‍ഡിലേക്ക് തിരിയുകയും ചെയ്തു.

ഇതിനേക്കാള്‍ ആവേശം പകരുന്നതാണ് ലോകകപ്പ് യോഗ്യാത റൗണ്ടിലെ പ്രകടനങ്ങള്‍. കൊസോവയെ 2-1-ന് തോല്‍പ്പിച്ചു കൊണ്ട് തുടങ്ങിയ ഐസ്‌ലാന്‍ഡ് രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ക്രൊയേഷ്യേയും ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തി. അടുത്ത മത്സരത്തില്‍ ഫിന്‍ലന്‍ഡിനേയും ഇതേ ഫലം ആവര്‍ത്തിച്ചു. പിന്നെ യുക്രൈനെ രണ്ടു ഗോളിനും തുര്‍ക്കിയെ മൂന്നു ഗോളിനും തകര്‍ത്തു.

അങ്ങനെ പത്തു മത്സരങ്ങളില്‍ നിന്ന് ഏഴുവിജയവും രണ്ടു സമനിലയും രണ്ടു പരാജയങ്ങളുമായി 22 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായാണ് അവര്‍ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുന്നത്. 1958 മുതല്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ കളിച്ചു തുടങ്ങിയതാണ് ഐസ്‌ലാന്‍ഡ്. പക്ഷേ യോഗ്യത നേടാന്‍ അറുപതു വര്‍ഷം പേരാടേണ്ടിവന്നു. ഒടുവില്‍ അഭിമാനത്തോടെ ലക്ഷ്യത്തിലെത്തിച്ചേരുക തന്നെ ചെയ്തു. അതാണ് ഐസ്‌ലാന്‍ഡിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും.

ലോകകപ്പില്‍ മുന്‍ചാമ്പ്യന്മാരായ അര്‍ജന്റീനയും കരുത്തരായ ക്രൊയേഷ്യയും നൈജീരിയയുമടങ്ങുന്ന ഗ്രൂപ്പിലാണ് ഐസ്‌ലാന്‍ഡ്. ലോകകപ്പിലെ മരണഗ്രൂപ്പുകളില്‍ ഒന്നാണിത്. മെസിയുടെ അര്‍ജന്റീനയ്ക്കുപോലും ഭയമുണ്ടാക്കുന്നതാണ് ഈ ഗ്രൂപ്പ്. ജൂണ്‍ പതിനാറിന് അര്‍ജന്റീനയ്‌ക്കെതിരെയാണ് ഐസ്‌ലാന്‍ഡിന്റെ ആദ്യമത്സരം. എതിരാളി അര്‍ജന്റീനയാണെന്നത് തങ്ങളെ ഭയപ്പെടുത്തുന്ന കാര്യമല്ലെന്ന് കളിക്കാര്‍ ഒറ്റശ്വാസത്തില്‍ തന്നെ പറയുന്നു. ആരേയും തോല്‍പ്പിക്കുവാനുള്ള കളിമിടുക്ക് ഞങ്ങള്‍ക്കുണ്ട്. ഇത് അഹങ്കാരത്തിന്റേയും അജ്ഞതയുടേയും ശബ്ദമല്ല. അര്‍പ്പണബോധത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ശബ്ദം മാത്രമാണ്. അതാണ് ഐസ്‌ലാന്‍ഡ്. അവരുടെ മത്സരങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

ഐസ്‌ലാന്‍ഡ് ഫുട്‌ബോള്‍ റഷ്യയില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അതത്ര പ്രധാനമല്ല. മൂന്നരലക്ഷം ജനങ്ങളില്‍ നിന്ന് അവര്‍ ലോകകപ്പുകളിക്കാന്‍ ശേഷിയുള്ളൊരു ടീമിനെ വാര്‍ത്തെടുത്തു എന്നതാണ് പ്രധാനം. അതും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ പ്രതിബന്ധങ്ങളെ ഇച്ഛാശക്തിയോടേ നേരിട്ടു കൊണ്ട്. ആ ഇച്ഛാശക്തിക്കുമുന്നില്‍ നമസ്‌കരിക്കാം.

DONT MISS
Top