പ്രവാസികളുടെ പ്രതീക്ഷ കാക്കുമോ പ്രഥമ ലോക കേരള സഭാ സമ്മേളനം?

‘ഒന്നിക്കാം സംവദിക്കാം മുന്നേറാം’ പ്രഥമ ലോക കേരള സഭയുടെ മുദ്രാവാക്യമായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വരച്ചുവെച്ച ഔദ്യോഗിക അതിര്‍ത്തികള്‍ക്ക് അപ്പുറം ലോകത്താകെ കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോക കേരള സഭയുടെ രൂപീകരണത്തിനു പിന്നില്‍.

ലോകമെമ്പാടുമുള്ള കേരളീയരുടെ പൊതുവേദിയായി ഇതുമാറുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. കേരള നിയമസഭയിലെ 140 അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തുന്ന വ്യക്തികള്‍ ഉള്‍പ്പെടെ 351 അംഗബല മുള്ളതായിരുന്നു
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം.

പ്രവാസി സമൂഹത്തിന് അഭിപ്രായം പറയാനുള്ള ജനാധിപത്യ വേദിയെന്ന പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വികസനവും പ്രവാസികളുടെ പ്രശ്‌നങ്ങളും ഉള്‍പ്പടെ നിരവധി വിഷയങ്ങളാണ് രണ്ടു ദിവസമായി ചേര്‍ന്ന ലോക കേരള സഭ സമ്മേളനം ചര്‍ച്ച ചെയ്തത്.

ദുരിത പൂര്‍ണ്ണമായ പ്രവാസ ജീവിതം രേഖപ്പെടുത്താനുള്ള വേദിയായി കൂടി ലോക കേരള സഭയുടെ പ്രഥമസമ്മേളനം മാറുന്ന കാഴ്ചയും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടു.
ലോക മലയാളികള്‍ ഒറ്റക്കെട്ടായി ലോക കേരള സഭയ്ക്ക് പിറവി നല്‍കിയതിന്റെ സന്തോഷവും പ്രവാസിലോകം മറച്ചുവെച്ചില്ല.

പ്രവാസികള്‍ക്കും നമ്മുടെ നിയമ നിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ക്കും തമ്മില്‍ ഒരു നെറ്റ് വര്‍ക്ക് സംവിധാനം ഉണ്ടാക്കുക എന്നതിലാണ് ഈ ആശയത്തിന്റെ സാധ്യതകള്‍ ഉള്ളത്. പ്രവാസി സമൂഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും നിര്‍ദേശങ്ങള്‍ക്കു പ്രായോഗികമായ രൂപരേഖ തയാറാക്കാനും കമ്മിഷനുകളും നിലവില്‍ വന്നു. പ്രത്യേക സെക്രട്ടേറിയറ്റിനു കീഴിലായി കമ്മിഷനുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടുത്തി.

സഭയുടെ സമാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രവാസി വാണിജ്യ ചേംബര്‍, വിദേശ രാജ്യങ്ങളില്‍ മലയാളികളുടെ പ്രഫഷനല്‍ സമിതികള്‍, കേരള വികസനനിധി, പ്രവാസി വായ്പാ പദ്ധതി, നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ എന്നിവയെല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കുന്നവയാണ്. ഈ സ്വപ്ന പദ്ധതി പിഴവുകള്‍ ഇല്ലാതെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിയട്ടെയെന്ന് ആശിക്കാം.

ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ക്കും കുറവില്ലായിരുന്നു. സമ്മേളനത്തില്‍ മുഴുവന്‍ സമയവും പ്രതിപക്ഷ നേതാവ് പങ്കെടുത്തെങ്കിലും പരിപാടി ധൂര്‍ത്താണെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത് പ്രതിപക്ഷത്തെ യുവ എംഎല്‍എ മാരായിരുന്നു. പ്രതിപക്ഷ എംഎല്‍എ മാരില്‍ ചിലര്‍ പ്രതിഷേധത്തിന്റെ ഭാഗമായി വിട്ടു നില്‍ക്കുകയും ചെയ്തു.

മുഖ്യസെഷനിലും അഞ്ച് ഉപസെഷനുകളിലും നിറഞ്ഞു നിന്ന മറ്റൊരു വിമര്‍ശനം ലോക കേരള സഭയിലേയ്ക്കു പ്രതിനിധികളെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടായിരുന്നു. മന്ത്രിമാരെ വേദിയിലിരുത്തി തന്നെ ഇവര്‍ ഈ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ലോക കേരളസഭയുടെ ആദ്യ ദിവസം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിയമ, സാങ്കേതിക കാരണങ്ങളാല്‍ അതുണ്ടായില്ല.

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്നും എംപിമാരായ എന്‍.കെ.പ്രേമചന്ദ്രനും ശശി തരൂരും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്തു നല്‍കിയതോടെയാണ് തീരുമാനം ഉപേക്ഷിച്ചത്.

പ്രഥമ സമ്മേളത്തില്‍ തിരുത്താന്‍ കഴിയുന്ന, വിരലില്‍ എണ്ണാവുന്ന പിഴവുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന കാര്യത്തില്‍ സര്‍ക്കാരിന് അഭിമാനിക്കാം. ലോക കേരള സഭയുടെ കരട് രേഖയിലെ പ്രഖ്യാപനം പോലെ ഐടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്‌സ് തുടങ്ങിയ ആധുനിക മേഖലകളിലും അഞ്ചു വര്‍ഷംകൊണ്ടു പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനായാല്‍ സമാനതകളില്ലാത്ത ഭരണ നേട്ടമാകും ഇടതു സര്‍ക്കാരിന് ഇത്.

DONT MISS
Top