ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍, വോസ്നിയാക്കി മൂന്നാം റൗണ്ടില്‍

കരോളിന്‍ വോസ്നിയാക്കി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രമുഖതാരങ്ങള്‍ മുന്നേറുന്നു. പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നദാല്‍, ക്രൊയേഷ്യയുടെ മരിന്‍ സിലിക്, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗ, ഇവാന്‍ കാര്‍ലോവിക്, വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി, നാലാം സീഡ് എലേന സ്വിറ്റോളിന എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച് എന്നിവര്‍ ആദ്യ റൗണ്ടില്‍ അനായാസ വിജയം കരസ്ഥമാക്കി.

നിലവിലെ റണ്ണറപ്പുകൂടിയായ ലോക ഒന്നാം നമ്പര്‍ നദാല്‍ അര്‍ജന്റീനയുടെ ലിയനാര്‍ഡോ മേയറെ 6-2, 7-6, 6-3 എന്ന സ്‌കോറിനാണ് തറപറ്റിച്ചത്. 15 ആം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗ അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ മത്സരത്തിലാണ് കാനഡയുടെ ടീനേജ് താരം ഷപോവലോപിനോട് വിജയിച്ചത്. സ്‌കോര്‍ 3-6, 6-3, 1-6, 7-6, 7-5. ക്രൊയേഷ്യയുടെ മരിന്‍ സിലിക് 6-1, 7-5, 6-2 എന്ന സ്‌കോറിന് പോര്‍ച്ചുഗീസിന്റെ ജോവോ സൗസയെ പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തില്‍ വോസ്‌നിയാക്കി രണ്ട് മാച്ച് പോയിന്റുകള്‍ രക്ഷപെടുത്തിയാണ് ക്രൊയേഷ്യയുടെ ജനാ ഫെറ്റ് എന്ന 21 കാരിയോട് വിജയം കണ്ടത്. സ്‌കോര്‍ 3-6, 6-2, 7-5. ആദ്യ സെറ്റ് നഷ്ടപ്പെടുകയും നിര്‍ണായകമായ മൂന്നാം സെറ്റില്‍ 1-5 ന് പിന്നിട്ട് നില്‍ക്കുകയും ചെയ്ത ശേഷമായിരുന്നു വോസ്‌നിയാക്കിയുടെ വിജയം. മത്സരം ഒരു മണിക്കൂറും 31 മിനിട്ടും നീണ്ടുനിന്നു. നാലാം സീഡ് സ്വിറ്റോളിന ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ കാതറീന സിനിയകോവയെ രണ്ടാം റൗണ്ടില്‍ മറികടന്നത്. സ്‌കോര്‍ 4-6, 6-2, 6-1.

പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ കെയില്‍ എഡ്മണ്ട് ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌തോമിനെയും (6-2, 6-2, 6-4) ഇറ്റലിയുടെ ആന്ദ്രെ സെപ്പി ജപ്പാന്റെ യോഷിഹിതോ നിഷിയോക്കയെയും (6-1, 6-3, 6-4) ലക്‌സംബര്‍ഗിന്റെ ഗൈല്‍സ് മുള്ളര്‍ ടുണീഷ്യയുടെ മാലക് ജസിരിയെയും (7-5, 6-4, 6-7 (5), 3-6, 6-2) രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചു.

നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ ഫെഡറര്‍ ആദ്യ റൗണ്ടില്‍ സ്ലൊവേനിയയുടെ അല്‍ജാസ് ബെഡേനെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍ 6-3, 6-4, 6-4. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ സെര്‍ബിയയുടെ ദ്യോകോവിച്ച് അമേരിക്കയുടെ ഡൊണാള്‍ഡ് യംഗിനെ 6-1, 6-2, 6-4 എന്ന സ്‌കോറിന് ആദ്യ റൗണ്ടില്‍ മറികടന്നു.

DONT MISS
Top