സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും. 18 മുതല്‍ 21 വരെ കുറ്റ്യാടിയിലാണ് സമ്മേളനം. 19 ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന സിപിഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ മുന്നോടിയായിട്ടുള്ള കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ വലിയ സ്വാധീനം ഇല്ലാത്ത സിപിഐ ഇത്തവണ മുന്‍പെങ്ങും ഇല്ലാത്തവിധം തയ്യാറെടുപ്പുകളോടെയാണ് ജില്ലാ സമ്മേളനം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ബ്രാഞ്ച് തലങ്ങളില്‍ കുടുംബയോഗങ്ങളും പൊതു സമ്മേളനങ്ങളും നടന്നു കഴിഞ്ഞു. മുതിര്‍ന്ന സിപിഐ നേതാവ് എംസി നാരായണന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാവും. 19 ന് രാവിലെ എന്‍കെ ശശീന്ദ്രന്‍ നഗറില്‍ സംസ്ഥനസെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കുറ്റ്യാടിയില്‍ ആദ്യമായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഉള്‍പ്പടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സിപിഐ നേതാക്കളായ കെഇ ഇസ്മയില്‍, ബിനോയ് വിശ്വം, സത്യന്‍ മൊകേരി, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 21 ന് നടക്കുന്ന ബഹുജനറാലി കേന്ദ്രസെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനത്തിന് സമാപനമാകും.

DONT MISS
Top