ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രൊബേഷന്‍ എസ്‌ഐ കൂടി അറസ്റ്റില്‍

ആതിരയെ നാട്ടുകാര്‍ തടഞ്ഞുവച്ചപ്പോള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍. മാരാരിക്കുളം പ്രൊബേഷന്‍ എസ്‌ഐ ലൈജുവിന്റെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തെ ഈ കേസില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയ നാര്‍ക്കോട്ടിക് സെല്ലിലെ എസ്‌ഐയും പൂങ്കാവ് സ്വദേശിയുമായ നെല്‍സണ്‍ ബംഗളൂരുവില്‍ നിന്ന് പിടിയിലായിരുന്നു. ഇത് കൂടാതെ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനായി കൂട്ടിക്കൊണ്ടുപോയിരുന്ന ആതിര, കാമുകന്‍ പ്രിന്‍സ്, പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്ത് ജിനു എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാരാരിക്കുളം പ്രൊബേഷന്‍ എസ്‌ഐ ലൈജുവും അറസ്റ്റിലായത്.

ലൈജുവിന്റെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി. കേസ് അന്വേഷണം നടത്തുന്ന ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രൊബേഷന്‍ എസ്‌ഐ ലൈജുവിനെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ ഒന്നാംപ്രതി ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കേസില്‍ ഉള്‍പ്പെട്ട ലൈജു അടക്കമുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായത്. ഈ മാസം എട്ടിന് ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേയില്‍ ആതിരയ്ക്ക് മുറിയെടുത്ത് നല്‍കിയത് ലൈജുവായിരുന്നു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആതിരയെ നാട്ടുകാര്‍ വളഞ്ഞുവച്ചപ്പോള്‍ ആതിര വിവരം അറിയിച്ച് ലൈജുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആതിരയുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍പ്പെട്ട ആരെയും പൊലീസ് സംരക്ഷിക്കുകയില്ലെന്ന് ആലപ്പുഴ എസ്പി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ച നാര്‍ക്കോട്ടിക് സെല്ലിലെ എസ്‌ഐ നെല്‍സണെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി ആതിരയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. നെല്‍സണെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരുടെ മൊഴി ഇതിനകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്. കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആതിരയെ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

DONT MISS
Top