റയലില്‍ റൊണാള്‍ഡോയുടെ കാലിളകുന്നു; ക്ലബ് പ്രസിഡന്റ് വഞ്ചിച്ചതായി താരം

റൊണാള്‍ഡോ, ഫ്‌ളോറന്റീന പെരസ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുരടനക്കിത്തുടങ്ങി. സ്പാനിഷ് പത്രങ്ങള്‍ താരത്തിന്റെ വാക്കുകള്‍ക്ക് വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ഇതുവരെ റൊണാള്‍ഡോയെ വാഴ്ത്താന്‍ മുഴുവന്‍ നാക്കുകളും ഉപയോഗിച്ചിരുന്ന പത്രങ്ങള്‍ താരത്തിന്റെ ചോരയ്ക്കായി കരുക്കള്‍ നീക്കുകയാണിപ്പോള്‍.

റയല്‍ പ്രസിഡന്റായ ഫ്‌ളോറന്റീന പെരസ് തന്നെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയായിരുന്നുവെന്ന് റൊണാള്‍ഡോ തന്റെ സഹകളിക്കാരോട് പറഞ്ഞതായാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ലാലിഗയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ അഞ്ച് കിരീടങ്ങളാണ് റൊണാള്‍ഡോ റയലിന് സമ്മാനിച്ചത്. അതോടെ തനിക്ക് പുതിയ പ്രതിഫലവും കരാറും പ്രസിഡന്റ് വാഗ്ദാനം ചെയ്തു, എന്നാല്‍ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തെ കണ്ടിട്ടുമില്ല. 2003 മുതല്‍ 2009 വരെ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താന്‍ ഇപ്പോഴും സ്വീകാര്യനാണെന്നും അവിടേക്ക് മടങ്ങാന്‍ മടിയില്ലെന്നും താരം സുഹൃത്തുക്കളോട് പറഞ്ഞതായും സ്പാനിഷ് പത്രം വ്യക്തമാക്കുന്നു.

ലാലിഗയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട റയലിന് ഇനി ഒന്നാം സ്ഥാനത്തേക്ക് വരിക എളുപ്പമല്ല. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാളും വളരെ പിന്നിലാണവര്‍. ലീഗില്‍ റൊണാള്‍ഡോ ഫോമിലേക്ക് ഉയര്‍ന്നിട്ടുമില്ല. പതിനെട്ട് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ മാത്രമേ നേടാനും കഴിഞ്ഞിട്ടുള്ളു. അര്‍ത്ഥവത്തായൊരു ഉടച്ചുവാര്‍ക്കല്‍ മാതമാണ് പതനത്തില്‍ നിന്ന് ഉയര്‍ന്നുവരാനുള്ള ഏകമാര്‍ഗം അതിനാല്‍ റൊണാള്‍ഡോയേയും കരിം ബെന്‍സേമയേയും ഉള്‍പ്പെടെ ഉപേക്ഷിക്കുവാനാണ് ക്ലബ്ബ് ഒരുങ്ങുന്നത്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണവര്‍. റൊണാള്‍ഡോയ്ക്ക് പകരം നെയ്മര്‍ ഉള്‍പ്പെടെ പല കളിക്കാരേയും കൊണ്ടുവരാനാണ് ശ്രമം. ഇതാണ് റൊണാള്‍ഡോയെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്.

പരിശീകന്‍ എന്ന നിലയില്‍ മോറീഞ്ഞോയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന കളിക്കാരനാണ് റൊണാള്‍ഡോ. അതിനാല്‍ അദ്ദേഹം മാഞ്ചസ്റ്ററിലേക്ക് കൂറുമാറാനുള്ള സാധ്യത സജീവമാണ്. എന്തായാലും റൊണാള്‍ഡോയുടെ കാലം റയലില്‍ അവസാനിക്കുകയാണ്. 33 വയസ് പിന്നിട്ട റൊണാള്‍ഡോയ്ക്ക് ലാലിഗയില്‍ ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെന്ന തോന്നല്‍ റയല്‍ മാനേജ്‌മെന്റിന് ഇപ്പോഴില്ല.

DONT MISS
Top