ആട് 2വിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ബെന്‍സ് സ്വന്തമാക്കാനെത്തിയ ഷാജിപാപ്പന് ഷോറൂം ജീവനക്കാരുടെ സമ്മാനം; വീഡിയോ

ആട് 2വിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയസൂര്യ. ഷാജിപാപ്പന്‍ എന്ന കഥാപാത്രത്തിന് ആരാധകരെ അത്രയേറെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഷാജി പാപ്പനും സംഘവും സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷവും പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്താണ് മലയാളികള്‍ ആഘോഷിച്ചത്.

ചിത്രത്തിന്റെ വിജയത്തില്‍ ഒരു മെഴ്‌സിഡസ് ബെന്‍സ് കൂടി സ്വന്തമാക്കിയാണ് മലയാളികളുടെ ഷാജി പാപ്പന്‍ സന്തോഷം പ്രകടിപ്പിച്ചത്. ഇത്രയ്ക്ക് ഹിറ്റായ ഷാജി പാപ്പന്‍ നേരിട്ട് വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയപ്പോള്‍ ആ സന്തോഷം ഷോറൂം ജീവനക്കാരും മറച്ചുവെച്ചില്ല. പ്രിയതാരത്തിന് ഉഗ്രന്‍ സര്‍പ്രൈസ് നല്‍കിയാണ് അവര്‍ സന്തോഷം പ്രകടിപ്പിച്ചത്.

കൊച്ചിന്‍ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് ജയസൂര്യ പുതിയ മെഴ്‌സിഡിസ് ബെന്‍സ് സ്വന്തമാക്കിയത്. ഭാര്യയോടും മക്കളോടുമൊപ്പമാണ് ജയസൂര്യ ഷോഷൂമിലെത്തിയത്. കാറിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് കഴിഞ്ഞ് കുറച്ച് ഫോട്ടോകള്‍ക്കും പോസ് ചെയ്ത ശേഷം ജയസൂര്യയെയും കുടുംബത്തെയും അമ്പരപ്പിക്കുന്ന സമ്മാനമാണ് ഷോറൂം ജീവനക്കാര്‍ ഒരുക്കിയത്. ഷാജി പാപ്പനുവേണ്ടി ആട്2 വിലെ മുഴുവന്‍ താരങ്ങളെയും ജീവനക്കാര്‍ രംഗത്തിറക്കി.

താരങ്ങളെ നേരിട്ട് വരുത്തുന്നത് ബുദ്ധിമുട്ടാണെന്നതിനാല്‍ എല്ലാവരുടെയും ഡ്യൂപ്പിട്ടാണ് ആട്2 വിന്റെ തകര്‍പ്പന്‍ അനുകരണം ഒരുക്കിയത്. ഷാജി പാപ്പനും അറയ്ക്കല്‍ അബുവും സാത്താന്‍ സേവ്യറും സര്‍ബത്ത് ഷമീറുമൊക്കെ ജയസൂര്യക്ക് മുന്‍പില്‍ പുനര്‍ജനിച്ചു.

ജീവനക്കാരുടെ തകര്‍പ്പന്‍ സമ്മാനം ഏറെ സന്തോഷത്തോടെയാണ് ജയസൂര്യയും കുടുംബവും ആസ്വദിച്ചത്. ഏറ്റവുമൊടുവില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചാണ് ബെന്‍സുമായി ജയസൂര്യയും കുടുംബവും മടങ്ങിയത്. കൊച്ചിന്‍ രാജശ്രീ മോട്ടോഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് വീഡിയോ പുറത്തു വിട്ടത്.

DONT MISS
Top