ശ്രീജിത്തിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; ഞങ്ങളും നിനക്കൊപ്പമെന്ന് വിനീതും റിനോ ആന്റോയും

ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിനോ ആന്റോയും സികെ വിനീതും

മുംബൈ: പാറശാലയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരങ്ങള്‍.

നീതിക്കുവേണ്ടി ശ്രീജിത്ത് നടത്തുന്ന പോരാട്ടത്തില്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് ഇരുവരും ട്വിറ്ററില്‍ കുറിച്ചു. പിന്തുണയര്‍പ്പിച്ച് ഇരുവരുമൊന്നിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടെയാണ് തങ്ങള്‍ ശ്രീജിത്തിനൊപ്പമുണ്ടെന്ന് താരങ്ങള്‍ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്.

ഐഎസ്എല്ലിന്റെ വേദിയില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തിനൊടുവിലാണ് സികെ വിനീതും റിനോ ആന്‍ോയും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മുംബൈയ്‌ക്കെതിരായ വിജയം ശ്രീജിത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് ഇരുവരും പിന്തുണ അറിയിച്ചത്.

‘എല്ലാ മലയാളികളെയും പോലെ ഈ സമരത്തില്‍ ഞങ്ങളും നിന്നോടൊപ്പം പങ്കുചേരുന്നു. നീതി ലഭിക്കുന്നത് വരെ നമുക്കൊരുമിച്ച് പോരാടാം’. സികെ വിനീത് ട്വിറ്ററില്‍ കുറിച്ചു.

‘ഈ പോരാട്ടത്തില്‍ അവസാനം വരെയും ഞങ്ങള്‍ നിന്നോടൊപ്പമുണ്ടെന്ന’ റിനോ ആന്റോയും ട്വിറ്ററില്‍ കുറിച്ചു.

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. 2014 മേയ് 21 ന് പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരണപ്പെടുന്നത്.

32 ദിവസമായി തുടരുന്ന ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്നു മുതല്‍ റിലേ സമരവുമായി നവമാധ്യമക്കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി നൂറ് കണക്കിന് പേരാണ് എത്തി കൊണ്ടിരിക്കുന്നത്.

വിഎം സുധീരനും വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും ഇന്ന് ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി എത്തി.

DONT MISS
Top