വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരാകും

കൊച്ചി: പുതുച്ചേരിയില്‍ ആഢംബരകാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോള്‍ ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം  ജാമ്യഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി അമലാ പോളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

ഇന്ന് രാവിലെ പത്തുമണി മുതല്‍ ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല സമര്‍പ്പിച്ച ഹര്‍ജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21 നാണ് അമല മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷനായി നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നടി നികുതി അടച്ചത്.

നേരത്തെ സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ഡിസംബര്‍ 25 ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതായും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും ഫഹദ് അന്വേഷണസംഘത്തിന് മുന്‍പാകെ വ്യക്തമാക്കിയിരുന്നു. നികുതി അടച്ച് രജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്ക് മാറ്റി. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ നോക്കിയത് തന്റെ ഓഫീസാണ്. എന്ത് പിഴ അടക്കാനും തയ്യാറാണ്.

നിയമവശങ്ങള്‍ അറിയില്ലായിരുന്നു. ദില്ലിയിലെ ഒരു വാഹനഡീലറുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്നും ഫഹദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. 2015 ല്‍ ഒന്നര കോടി രൂപ വില വരുന്ന മറ്റൊരു കാറും ഫഹദ് പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഫഹദ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

DONT MISS
Top