മെര്‍സലിലെ ഡയലോഗുകള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്ന് വിജയ്; ബിജെപിയെ വീണ്ടും പരിഹസിച്ച് ‘ആനന്ദവികടന്‍’ അവാര്‍ഡ് ദാന ചടങ്ങ്


ബിജെപി എന്ന പാര്‍ട്ടിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് മെര്‍സല്‍ എന്ന ചിത്രത്തിനുണ്ടായ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ടാണ്. ജിഎസ്ടിയും നോട്ട് നിരോധനവും വിമര്‍ശിക്കപ്പെട്ടപ്പോള്‍ ബിജെപിക്ക് പൊള്ളി. വിജയ് ക്രിസ്ത്യാനിയാണെന്നുപറഞ്ഞ് ആളുകളെ മതം മുന്‍നിര്‍ത്തി വിഭജിക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ അതെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞുവെന്നുമാത്രം.

ഇപ്പോള്‍ ചിത്രത്തേപ്പറ്റി ചെറുതല്ലാത്ത ഒരു വെളിപ്പെടുത്തല്‍ വിജയ് നടത്തി. മെര്‍സലിലെ വിവാദമാകുന്ന ഡയലോഗുകള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജനങ്ങളുടെ നന്‍മയെക്കരുതി എല്ലാവരും അതിനൊപ്പം നിന്നുവെന്നും വിജയ് പറഞ്ഞു. ഈ തുറന്നുപറച്ചിലിലൂടെ ചിത്രത്തില്‍ സംവിധായകന്‍ പറഞ്ഞത് ഏറ്റുപറയുക മാത്രമല്ല, അത് തന്റേയും നിലപാടാണെന്നാണ് വിജയ് പ്രഖ്യാപിച്ചത്.

ആനന്ദവികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അവതാരകന്‍ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്നുവിളിച്ച് വേദിയിലേക്ക് ആനയിച്ചത് ബിജെപിക്കെതിരെയുള്ള പരിഹാസമായി. നീണ്ട കരഘോഷമാണ് തമിഴകത്തിന്റെ ഇളയദളപതിക്ക് ലഭിച്ചത്.

വിജയ് ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വോട്ടേഴ്‌സ് ഐഡിവരെ കണ്ടെത്തി ട്വീറ്റ് ചെയ്തിരുന്നു ബിജെപി നേതാക്കള്‍. തിയേറ്റര്‍ പ്രിന്റ് കണ്ടിട്ടാണ് മെര്‍സലിനെ വിമര്‍ശിച്ചത് എന്ന് സമ്മതിച്ച ബിജെപി ദേശീയ സെക്രട്ടറിയും വെട്ടിലായിരുന്നു. ഇക്കാര്യങ്ങളൊന്നും ആരും മറക്കുന്നില്ല എന്ന സന്ദേശമായിമാറി അവാര്‍ഡ് ദാന ചടങ്ങ്.

DONT MISS
Top