പത്മാവതി നിരോധിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കും; ഭീഷണിയുമായി ക്ഷത്രിയ വിഭാഗം യുവതി

ജയ്പൂര്‍: പത്മാവതി നിരോധിക്കാന്‍ ആവശ്യപ്പെട്ട് പുതിയ സമര മാര്‍ഗങ്ങളുമായി ക്ഷത്രിയ സമുദായം രംഗത്ത്. പത്മാവതി നിരോധിച്ചില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യും എന്നാണ് ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട യുവതി ഇന്നലെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നടന്ന സര്‍വസമാജ് സമ്മേളനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിനെതിരെ ഘട്ടം ഘട്ടമായി പ്രതിഷേധം സംഘടിപ്പിക്കാനും ക്ഷത്രിയ വിഭാഗം തീരുമാനിച്ചു. കൂടാതെ ജനുവരി 17 ന് ചിത്തോര്‍ഗഡ് വഴി  കടന്നു പോകുന്ന ദേശീയപാത, റെയില്‍വെ എന്നിവയെല്ലാം തടയുമെന്ന് രജപുത് കര്‍ണി സേനയും അറിയിച്ചു.

പത്മാവതി രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ഗുജറാത്ത മുഖ്യമന്ത്രി വിജയ് രൂപാനിയും നേരത്തെ അറിയിച്ചിരുന്നു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് റാണി പത്മാവതി ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമല്ല. അവരുടെ ത്യാഗം രാജസ്ഥാന്റെ അഭിമാനത്തിന്റെ കൂടെ കാര്യമാണ്. അതിനാല്‍ റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ യാതൊരു കാരണവശാലും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വസുന്ധര രാജെ പറഞ്ഞത്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

പത്മാവതി നിരോധിക്കണമെന്നാവശ്യവുമായി രജപുത് കര്‍ണിസേന പലപ്പോഴായി രംഗത്തെത്തിയിരുന്നു. പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ലെന്നും കര്‍ണിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

DONT MISS
Top