വീരന്റെ വീണ്ടുവിചാരവും ആര്‍എസ്പിയുടെ കാത്തിരിപ്പും

രാമന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന കാലവും ഒക്കെ രചിച്ച വീരേന്ദ്രകുമാര്‍ ചെങ്കൊടിയുടെ തണിലിലേക്ക് മടങ്ങിയെത്തുന്നത് എല്ലാം ശുഭമാകുമെന്ന പ്രതീക്ഷയോടെയാകുമെന്ന് കരുതാന്‍ വയ്യ. ഇരുളും വെളിച്ചവും ദുഃഖവുമൊക്കെ ഏറെ കണ്ടും അനുഭവിച്ചും അറിഞ്ഞ ആള്‍ തന്നെയാണ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ നിലപാട് മാത്രമാണ് വീരന്റെ ചുവടുമാറ്റത്തിന് കാരണമെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. നിതീഷ് ആദ്യമായല്ല എന്‍ഡിഎക്കൊപ്പം ബന്ധം കൂടുന്നത്. അപ്പോഴാണ് ഈ മുന്നണി മാറ്റത്തിന് പിന്നിലെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കേണ്ടത്.

പെട്ടെന്നൊരുനാള്‍ എല്‍ഡിഎഫ് ബാന്ധവം ഉപേക്ഷിച്ചപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയ യുഡിഎഫിനെ പ്രതിസന്ധി ഘട്ടത്തില്‍ കൈയ്യൊഴിയുന്നത് പ്രവര്‍ത്തകരുടെ വികാരമെന്നാണ് ജെഡിയുവിന്റെ വാദം. യുഡിഎഫ് വിടണമെന്ന് നേതൃയോഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നപ്പോള്‍ മൗനസമ്മതമാണ് വീരന്‍ നടത്തിയത്.

എല്‍ഡിഎഫ് വിടുമ്പോള്‍ സീറ്റ് നല്‍കിയില്ല കാരണമായിരുന്നു ജെഡിയുവിന് പറയാനുണ്ടായിരുന്നത്. എന്നാല്‍ യുഡിഎഫ് വിടാന്‍ കാരണമായി വീരന്‍ അടക്കമുള്ള ജെഡിയുവിന്റെ നേതാക്കള്‍ പറയുന്നത് യുഡിഎഫ് ബാന്ധവം കൊണ്ട് പാര്‍ട്ടിക്ക് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നാണ്. ഒരു വലിയ പരിധി വരെ ഇത് ശരിയാണ് താനും. പാര്‍ട്ടി നെടുകെ പിളര്‍ന്നെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ തോല്‍വിയും നേരിടുകയും ചെയ്തു. പോരെങ്കില്‍ പാര്‍ട്ടി അനുദിനം ശോഷിക്കാനും തുടങ്ങിരിക്കുന്നു. ഇനിയും യുഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ വീരന്റെയും ജെഡിയുവിന്റെയും രാഷ്ട്രീയ പരിസമാപ്തിക്ക് അധികനാള്‍ വേണ്ടി വരില്ലായിരുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുതന്നെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായിരുന്നു. വീരേന്ദ്രകുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗവും വീരേന്ദ്രകുമാര്‍ നടത്തിയ മറുപടി പ്രസംഗവും നല്‍കിയ സൂചനകളും ഒരു മഞ്ഞുരുക്കലിന്റേത് തന്നെയായിരുന്നു.

എന്നാല്‍ തിരിച്ച് ജെഡിയു എല്‍ഡിഎഫില്‍ ചെല്ലുന്നതാകട്ടെ അത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ല. മുന്നണി പ്രവേശനം ഇനിയും സാധ്യമാകാതെ ഐഎന്‍എല്‍, സിഎംപി (അരവിന്ദാക്ഷന്‍), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് (ഗൗരിയമ്മ), കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ (ആര്‍എസ്പി-എല്‍)യും നില്‍ക്കുമ്പോള്‍ ജെഡിയുവിനും തല്‍ക്കാലം മുന്നണിക്ക് പുറത്തു തന്നെയാകും സ്ഥാനം. എല്‍ഡിഎഫില്‍ നില്‍ക്കുന്ന ജെഡിഎസുമായി ലയിച്ചുള്ള പ്രവേശനവും എളുപ്പമല്ല.

ഈ സാഹചര്യത്തില്‍ വരാനിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എത്ര സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ പോലും വലിയ ആശങ്ക ജെഡിയുവിനുണ്ട്. വീരന് കോഴിക്കോടോ വടകരയോ ഒരു സീറ്റ് നല്‍കി ഇരു മണ്ഡലങ്ങളിലും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയചെങ്കൊടി പാറിക്കാന്‍ കഴിയുമെന്ന വിശ്വസം സിപിഎം നേതൃത്വത്തിനുമുണ്ട്. കൂത്തുപറമ്പ് നിയമസഭ മണ്ഡലമെന്ന ജെഡിയുവിന്റെ സ്വപ്നത്തിന് വലിയ സാധ്യതകള്‍ ഇല്ല. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെയാണ് മടങ്ങിവരവിന്റെ പ്രധാന ഘടകം.

ജെഡിയുവിന്റെ സ്ഥിതിക്ക് സമാനമാണ് ആര്‍എസ്പിക്കും. യുഡിഎഫില്‍ എത്തിയ ശേഷം പാര്‍ട്ടി പിളര്‍ന്നു. യുഡിഎഫിനൊപ്പം നിന്ന ആര്‍എസ്പി ഔദ്യോഗിക പക്ഷം തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപികരിച്ച കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണി ടിക്കറ്റില്‍ വിജയിച്ചു കയറി. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനും കഴിഞ്ഞില്ല. ഇതോടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാക്കിയാണ് കളംമാറ്റി ചവിട്ടാന്‍ ആര്‍എസ്പിയും തയ്യാറെടുക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇക്കാര്യത്തിലും തീരുമാനമുണ്ടായേക്കും.

DONT MISS
Top