”ഇത് പുതുവര്‍ഷ സമ്മാനം”; നൂറാമത് ഉപഗ്രഹ വിക്ഷേപണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഐഎസ്ആര്‍ഒ

എഎസ് കിരണ്‍ കുമാര്‍

ശ്രീഹരിക്കോട്ട: നൂറാമത് ഉപഗ്രഹ വിക്ഷേപണം രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍ കുമാര്‍. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റ്, 31 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ഇന്ന് രാവിലെ 9.29 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ നാല്‍പതാമത്തെ വിക്ഷേപണത്തിലൂടെ ചരിത്ര ദൗത്യത്തിനാണ് രാജ്യം സാക്ഷിയായത്.

‘അവസാന വട്ടം പിഎസ്എല്‍വി വിക്ഷേപിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇത്തവണ എല്ലാ പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് പരിഹരിച്ചു. രാജ്യത്തിന് പുതുവര്‍ഷ സമ്മാനമായി ഇത് നല്‍കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ കിരണ്‍ കുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രഞ്ജന്‍മാരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് തിളങ്ങുന്ന ഭാവിയാണ് മുന്നോട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടോസാറ്റ്2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. അമേരിക്ക, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് വിക്ഷേപിച്ച മറ്റ് ചെറു ഉപഗ്രഹങ്ങള്‍. കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് 2ന്റെ പ്രധാന ലക്ഷ്യം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത.

DONT MISS
Top