ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി ട്രംപ്

വാഷിംഗ്ടണ്‍: ട്രംപിന്റെ വംശീയധിക്ഷേപങ്ങള്‍ വീണ്ടും വിവാദമാകുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ നടത്തിയ അസഭ്യ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്.

വിദേശ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്.

ചില പ്രത്യേക രാജ്യങ്ങളിലുള്ളവരെയും പ്രത്യേക നിറമുള്ള ചിലരെയും ട്രംപിന് ഇഷ്ടമല്ലെന്നുള്ള കാര്യം നേരത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്തിനാണ് ഇത്തരം ‘ഷിറ്റ്‌ഹോള്‍’ രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ട്രംപിന്റെ വിവാദ പരാമര്‍ശം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലുള്ള വിദേശ പൗരന്മാര്‍ അവരുടെ കുടുംബാംഗങ്ങളെക്കൂടി അമേരിക്കയിലേക്ക് കൊണ്ടു വരുന്നതും ഗ്രീന്‍ കാര്‍ഡും നിരോധിക്കാനാണ് ട്രംപിന്റെ നീക്കം. ഇറാന്‍, ഇറാഖ്, സൊമാലിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി നേരത്തെ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും വിവാദമായിരിക്കുന്നത്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ചിലരെ ഉദ്ധരിച്ചാണ് വാഷ്ംഗ്ടണ്‍ പോസ്റ്റ് ട്രംപിന്റെ അസഭ്യ പരാമര്‍ശം സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

DONT MISS
Top