നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കേസിലെ ഒന്നാംപ്രതി രഞ്ജിത് ആണ് എറണാകുളം സബ്ജയിലില്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചോറ്റാനിക്കരയില്‍ നാലുവയസുകാരിയായ അക്‌സ എന്ന കുട്ടി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് രഞ്ജിത്. കേസില്‍ എറണാകുളം പോക്‌സോ കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് രാവിലെ രഞ്ജിത് വിഷം കഴിച്ചത്. കേസിലെ വിധിപ്രഖ്യാപനം ജനുവരി 15 ലേക്ക് കോടതി മാറ്റിവച്ചു.

രഞ്ജിനെ കൂടാതെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് റാണിയും മറ്റൊരാളും കേസിലെ പ്രതികളാണ്. റാണിയുടെ കാമുകനായ രഞ്ജിത് കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാവ് ഇതിന് ഒത്താശ ചെയ്തുവെന്നും പിന്നീട് മാതാവ് റാണി കുട്ടിയെ തറയില്‍ അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ആ സംഭവത്തില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മാതാവ് തറയില്‍ അടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഈ കേസില്‍ ഇന്ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ കോടതിയിലേക്ക് കൊണ്ടുപോകും മുന്‍പാണ് രഞ്ജിത് വിഷം കഴിച്ചത്.

DONT MISS
Top