ലോക കേരള സഭയ്ക്ക് തുടക്കം; മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസിക്ഷേമം ലക്ഷ്യമാക്കി ആരംഭിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭ ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭയ്ക്ക് നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യരീതിയിലായിരിക്കണം കേരള സഭയുടെ സംഘാടനവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ലോക കേരള സഭയ്ക്ക് കേരളത്തിന്റെ വികസനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന കാര്യം മുന്‍കാലങ്ങളില്‍ തെളിയിച്ച കാര്യമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വലിയ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എകെജിയെ സംബന്ധിച്ചുള്ള പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തില്‍ എകെജിയെ അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നത്. എകെജി തുറന്നിട്ട വഴികളിലൂടെയാണ് പാര്‍ലമെന്റ് പോലും ഇന്ന് സഞ്ചരിക്കുന്നത്. പുറത്ത് പോരാടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എകെജി എന്നും പാര്‍ലമെന്റിനുള്ളില്‍ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും. അതിനാല്‍ തന്നെ ലേക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്ക് പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.

അഞ്ച് വേദികളിലാണ് മേഖല തിരിച്ചുള്ള സമ്മേളനം നടക്കുന്നത്. 351 അംഗങ്ങള്‍ അടങ്ങുന്നതാകും സഭ. 141 നിയമസഭാ അംഗങ്ങളും 20 ലോക്‌സഭാ അംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും ഉള്‍പ്പടും. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയും, നാമ നിര്‍ദേശം ചെയ്യപ്പെട്ടവരും ഇതില്‍ പെടും. പ്രവാസി പ്രതിനിധികളായി 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും’. സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി സഭാ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവും ആയിരിക്കും.

ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, വിവിധ മേഖല സമ്മേളനങ്ങളും ചര്‍ച്ചയും, സാംസ്‌കാരിക പരിപാടികളും ആണ് ആദ്യ സമ്മേളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വേദികളിലായി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

DONT MISS
Top