ഐസ്‌ലാന്‍ഡിന്റെ ഗ്രൂപ്പിലെ സാധ്യതകള്‍

ഐസ്‌ലാന്‍ഡ് ടീം (ഫയല്‍ ചിത്രം)

ഗ്രൂപ്പില്‍ ഐസ്‌ലാന്‍ഡിന് നേരിടാനുള്ളത് വമ്പന്മാരേയാണ്. പാരമ്പര്യവും പ്രതിഭകളുടെ ധാരാളിത്തവും അനുഗ്രഹിച്ച രാജ്യങ്ങളാണ് അര്‍ജന്റീനയും ക്രൊയേഷ്യയും നൈജീരിയയും. മരിയോ കെമ്പസിനേയും മറഡോണയേയും ഹെര്‍മന്‍ ക്രെസ്‌പോയേയും കനീജിയയേയും പോലുള്ള ഇതിഹാസങ്ങള്‍ക്ക് ജന്മം കൊടുത്ത രാജ്യമാണ് അര്‍ജന്റീന. ലോകകപ്പിലും കോപ്പാ അമേരിക്കയിലും സമ്പന്നമായ ചിരിത്രമാണ് അവര്‍ക്കുള്ളത്.

1930-ലെ ആദ്യലോകകപ്പില്‍ രണ്ടാം സ്ഥാനത്ത് വന്ന ടീമാണവര്‍. 78-ലും 86-ലും ചാമ്പ്യന്മാരുമായി. 2014-ല്‍ റണ്ണറപ്പായിരുന്നു. മെസിയും ഏഞ്ചല്‍ ഡി മരിയയും ഹിഗ്വെയ്നും അഗ്യൂറോയുമടങ്ങുന്ന അവരുടെ സുവര്‍ണതലമുറയുടെ അവസാന ലോകകപ്പ് കൂടിയാണിത്. ഒരു ലോകകപ്പുമായി കളിയില്‍ നിന്നു വിരമിക്കാന്‍ മെസിയേപ്പോലെ ഇവരും ആഗ്രഹിക്കും. ആ ആഗ്രഹം അവരില്‍ നിറയ്ക്കുന്ന ഊര്‍ജമായിരിക്കും അവരുടെ പ്രധാന മൂലധനം. യോഗ്യതാ മത്സരങ്ങളില്‍ മങ്ങിപ്പോയ അര്‍ജന്റീന തിരിച്ചുവന്നത് മെസിയുടെ എണ്ണം പറഞ്ഞ ഹാട്രിക്കിലൂടെയായിരുന്നു. ഇതിഹാസതാരമായ മറഡോണയ്‌ക്കൊപ്പമെത്താനും ഒരു പക്ഷേ അദ്ദേഹത്തെ അതിജീവിക്കാനും മെസിക്ക് കിട്ടുന്ന അവസാന അവസരമായിരിക്കും റഷ്യയിലേത്. അത് മുതലാക്കാനുള്ള ശ്രമം മെസിയുടേയും സഹകളിക്കാരുടേയും ഭാഗത്തു നിന്നുണ്ടായാല്‍ അവരെ പിടിച്ചു കെട്ടുക എളുപ്പമായിരിക്കില്ല.

അര്‍ജന്റീന ടീം (ഫയല്‍ ചിത്രം)

ഐസ്‌ലാന്‍ഡിന്റെ ആദ്യമത്സരം അര്‍ജന്റീനയുമായിട്ടാണ്. അവിടെ ഒരു സമനിലയ്ക്ക് വേണ്ടിയായിരിക്കും ഐസ്‌ലാന്‍ഡ് പോരാടുക. ചിലപ്പോള്‍ അര്‍ജന്റീനയെ മറികടന്നു എന്നും വരാം. ലോകകപ്പിലെ ആദ്യമത്സരത്തില്‍ കാമറൂണിനോട് തോറ്റ ചരിത്രമുണ്ട് അര്‍ജന്റീനയ്ക്ക്. ഐസ്‌ലാന്‍ഡ് ടീമിലെ കളിക്കാരെല്ലാം മെസിയുടെ ആരാധകരാണെന്ന കാര്യവും ഇവിടെ ഓര്‍ക്കാം. ആരാധനയും കളിയും രണ്ടാണെന്ന് ഐസ്‌ലാന്‍ഡിന്റെ നായകന്‍ അടുത്തിടെ പറഞ്ഞ കാര്യവും വിസ്മരിക്കേണ്ടതില്ല.

അര്‍ജന്റീനയുടെ മുന്‍ലോകകപ്പ് താരവും അത്റ്റ്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനുമായ സിമിയോണി അടുത്തിടെ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. അര്‍ജന്റീന ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമാണെന്ന് വിലയിരുത്തിയ സിമിയോണി, ഐസ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ലോകകപ്പില്‍ മികച്ച തുടക്കമിടാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു. സിമിയോണി പ്രവചിക്കുന്നതുപോലെ അതത്ര എളുപ്പമാകില്ലെന്ന് ഐസ്‌ലാന്‍ഡിന്റെ സമീപകാല പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യൂറോയില്‍ ഇംഗ്ലണ്ടിനേയും ഹോളണ്ടിനേയും പരാജയപ്പെടുത്താന്‍ കഴിഞ്ഞ ഐസ്‌ലാന്‍ഡിന് മുന്നില്‍ അര്‍ജന്റീന വിയര്‍ക്കാതെ പോകില്ല.

ഒരിക്കല്‍ യുഗോസ്ലോവിയയുടെ ഭാഗമായിരുന്ന ക്രൊയേഷ്യ ഫുട്‌ബോളില്‍ മാതൃരാജ്യത്തിന്റെ മഹത്തായ പാരമ്പര്യം പിന്തുടരുന്ന രാജ്യമാണ്. യൂറോപ്പിലെ മികച്ചൊരു ഫുട്‌ബോള്‍ ശക്തിയായിട്ടാണ് അവര്‍ വിലയിരുത്തപ്പെടുന്നതും. ഫുട്‌ബോളില്‍ മറഡോണയെപ്പോലെ വാഴ്ത്തപ്പെടുന്നവനാണ് അവരുടെ ഇതിഹാസതാരമായ ദാവര്‍ സുക്കര്‍. പിന്നെ ലൂക്കാ മോണ്‍റിച്ച്, റോബര്‍ട്ടോ കൊവാക്, സര്‍ണാ എന്നിവര്‍. ലോകഫുട്‌ബോളിലെ തലയെടുപ്പുള്ള താരങ്ങളാണിവരെല്ലാം. റഷ്യയിലെത്തുന്ന ടീമും മോശമാകില്ല.

ക്രൊയേഷ്യ ടീം (ഫയല്‍ ചിത്രം)

1998 ലെ ലോകകപ്പില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തു വന്ന രാജ്യമാണ് ക്രൊയേഷ്യ. 96-ലും 2008-ലും യൂറോകപ്പിന്റെ ക്വാര്‍ട്ടറിലുമെത്തി. അവരുടെ ദേശീയതാരങ്ങളെല്ലാം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരുമാണ്. ഇതൊക്കെയാണെങ്കിലും പ്രകടന സ്ഥിരതയില്ലായ്മയാണ് പോരായ്മ. ഇതാണ് ഒരു പക്ഷേ അവര്‍ക്കുമേല്‍ ഒരു വിജയം പ്രതീക്ഷിക്കാന്‍ ഐസ്‌ലാന്‍ഡിനെ പ്രേരിപ്പിക്കുന്നതും. എങ്കിലും അതത്ര എളുപ്പമാകില്ല. എളുപ്പമല്ലാതേയുമാകില്ല.

1999 ല്‍ ഫിഫാ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് വരെ വന്ന ചരിത്രമുണ്ട് ക്രൊയേഷ്യയ്ക്ക്. ഇപ്പോള്‍ പതിനേഴാം സ്ഥാനത്തുമാണ്. ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഐസ്‌ലാന്‍ഡ്. അത്ര വിദൂരത്തല്ലത്. ഏറെക്കുറെ തുല്യശക്തികളാണിവര്‍. അതുകൊണ്ടു തന്നെ ഐസ്‌ലാന്‍ഡിനെ വിരട്ടിയോടിക്കാനൊന്നും ക്രൊയേഷ്യക്ക് കഴിയില്ല.

ഗ്രൂപ്പില്‍ ഐസ്‌ലാന്‍ഡിനെ ഭയപ്പെടുത്തുവാന്‍ പോന്നൊരു ടീമാണ് നൈജീരിയ. ആഫ്രിക്കയിലെ എണ്ണം പറഞ്ഞ ടീം. രണ്ടു തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിയിട്ടുള്ള നൈജീരിയയ്ക്ക് പക്ഷേ ലോകകപ്പിന്റെ പ്രീ ക്വര്‍ട്ടര്‍ കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 1994, 98, 2014 ലോകകപ്പുകളിലാണ് അവര്‍ അവസാന പതിനാറിലെത്തിയത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, അര്‍ജന്റീന ടീമുകളെ പരാജയപ്പെടുത്തിയ ചരിത്രമുണ്ടവര്‍ക്ക്. പക്ഷേ ലോകകപ്പില്‍ അവര്‍ നിസ്സഹായരായിപ്പോകുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ ലോകകപ്പ് ഭീതി അവരേയും പിടികൂടുന്നുണ്ട്. നല്ല തുടക്കം കിട്ടിയാലും അത് തുടരാന്‍ അവര്‍ക്ക് കഴിയാറില്ല. ലോകപ്പിന്റെ ചരിത്രത്തില്‍ കാമറൂണിന് പോലും ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞിട്ടുമില്ല. അവരുടെ കളിക്കാരും യൂറോപ്യന്‍ ലീഗുകളില്‍ മുദ്രപതിപ്പിക്കുന്നവരാണ്. പക്ഷേ ദേശീയ ടീമിലേക്ക് വരുമ്പോള്‍ പതറിപ്പോകാറുണ്ട്. ക്രൊയേഷ്യയെക്കുറിച്ച് പറയുന്നതുപോലെ സ്ഥിരതയില്ലായ്മയാണ് അവരുടേയും ശാപം. നൈജീരിയയുടെ ഈ പോരായ്മ ഐസ്‌ലാന്‍ഡിനെ സഹായിക്കുമെങ്കില്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയാതെ വരില്ല. എന്തായാലും പോരാടാതെ കീഴടങ്ങുന്നവരല്ല ഐസ്‌ലാന്‍ഡ്.

നൈജീരിയ ടീം (ഫയല്‍ ചിത്രം)

ഒരു കാര്യം ഉറപ്പിക്കാം. ഈ ഗ്രൂപ്പിലെ ഒരു ടീമും ദുര്‍ബലമല്ല. അതിനാല്‍ അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ ആര്‍ക്കും കഴിയും. അപ്രതീക്ഷിതമായ കൊഴിഞ്ഞുപോക്കും ഉണ്ടാകാം. എന്തായാലും ഇപ്പോഴത്തെ നിലയില്‍ ഐസ്‌ലാന്‍ഡിന് പ്രതീക്ഷവെയ്ക്കാന്‍ കഴിയുന്ന ഗ്രൂപ്പാണിതെന്ന കാര്യത്തില്‍ സംശയമില്ല.

DONT MISS
Top