കൗമാരമേള ഇനി ജലോത്സവ നാട്ടില്‍; ആവേശത്തോടെ ആലപ്പുഴ

ആലപ്പുഴ: തൃശ്ശൂരില്‍ നിന്ന് കൊടിയിറങ്ങിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം കിഴക്കിന്റെ വെന്നീസായ ആലപ്പുഴയിലേക്കാണ് കുതിയ്ക്കുന്നത്. ഒരേ പതിറ്റാണ്ടിന് ശേഷം 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായാണ് വീണ്ടും ആലപ്പുഴ ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. 1971 ലാണ് ആദ്യമായി ആലപ്പുഴ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് വേദിയായത്.

തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ കൗമാര കലാമേള അരങ്ങേറിയില്ല. പിന്നീട് 1974 ല്‍ സ്‌കൂള്‍ യുവജനോത്സവം പുനരാരംഭിച്ചപ്പോള്‍ വേദിയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലായിരുന്നു. തുടര്‍ന്ന് 16 വര്‍ഷങ്ങള്‍ വേണ്ടി വന്നു (1990) കൗമാരമേള വീണ്ടും ആലപ്പുഴയുടെ മണ്ണിലെത്താന്‍. പിന്നീട് രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം 1994 ലും ആലപ്പുഴ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ആതിഥ്യമരുളി.

ഇക്കാലമത്രയും സ്‌കൂള്‍ കലോത്സവത്തെ സംസ്ഥാന സകൂള്‍ യുവജനോത്സവം എന്നാണ് അറിയപ്പെട്ടിരുന്നത്. 2009 മുതല്‍ തിരുവനന്തപുരത്ത് വെച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളുടെ കലാമേള ഒരുമിച്ചു നടത്തുകയും കേരള സ്‌കൂള്‍ കലോത്സവം എന്നറിയപ്പെടുകയും ചെയ്തു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവമായി ഇത് മാറുകയും ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന പേര് സ്വീകരിച്ച ശേഷം ആദ്യമായാണ് ആലപ്പുഴ കലാമേളയ്ക്ക് വേദിയാകുവാന്‍ തയ്യാറെടുക്കുന്നത്. 2019ല്‍ കൗമാരമേളയെ വരവേല്‍ക്കാന്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഒരുക്കങ്ങള്‍ കാലേകൂട്ടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈവര്‍ഷത്തോടെ ആലപ്പുഴയുടെ സ്വപ്‌ന പദ്ധതിയായ ബൈപ്പാസ് ഗതാഗതത്തിന് സജ്ജമാകുന്നതോടെ നഗരം കലാമേളക്ക് തീര്‍ത്തും സൗകര്യപ്രദമാകും.

DONT MISS
Top