ഹാട്രിക്കില്‍ മിന്നി കേരളത്തിന്റെ ഹ്യൂമേട്ടന്‍; ഡല്‍ഹിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവ്

ഇയാന്‍ ഹ്യൂം എന്ന കളിക്കാരന്‍ താന്‍ ആരെന്ന് തെളിയിച്ചപ്പോള്‍ ഡല്‍ഹി കളിക്കാര്‍ കാഴ്ച്ചക്കാരായായി. റെനെ മ്യൂലന്‍സ്റ്റീന്‍ പുറത്തിരുത്തിയ ഹ്യൂം എന്ന സൂപ്പര്‍ സ്റ്റാര്‍ അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കിയപ്പോള്‍ മറ്റുതാരങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുക മാത്രമേ വേണ്ടിവന്നുള്ളൂ. കേരളം ഹ്യൂമിന്റെ ഹാട്രിക്കിലൂടെ മൂന്ന് ഗോള്‍ നേടിയപ്പോള്‍ ഒരേയൊരു ഗോളേ ആതിഥേയര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ.

പെക്കൂസന്റെ അധ്വാനം ഒട്ടും പാഴാക്കാതെ ഹ്യൂം മുതലാക്കുന്ന കാഴ്ച്ചയാണ് ആദ്യ ഗോളില്‍ കാണാന്‍ കഴിഞ്ഞത്. ഈ സീസണിലെ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്റെ ആദ്യ ഗോളാണ് പിറന്നത്. അദ്ദേഹത്തിന്റ ആത്മസമര്‍പ്പണത്തിനുള്ള ഫലം. മറ്റേത് കളിക്കാരനായിരുന്നെങ്കിലും പാഴാകുമായിരുന്ന പന്ത് ആത്മസമര്‍പ്പണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഹ്യൂം അനുകൂലമാക്കി തിരിച്ചു. പെക്കൂസണ്‍ പന്തുമായി വളഞ്ഞ് പുളഞ്ഞ് കയറുന്നതുകണ്ട ഹ്യൂം പെക്കൂസന്റെ പിന്നില്‍നിന്നാണ് ഓടി ഗോള്‍മുഖത്ത് എത്തിയത്. ഇതോടെ കേരളത്തിന്റെ കളിക്കാരിലും കാണികളിലും ആത്മവിശ്വാസമുണര്‍ന്നു.

പിന്നീട് ഒരു ഹെഡ്ഡറില്‍ അദ്ദേഹത്തിന് പരുക്കുപറ്റിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നടങ്കം സങ്കടത്തിലായി. എന്നാല്‍ കളിയുടെ എല്ലാ ആവേശവും ആവാഹിച്ച് തലയില്‍ കെട്ടിവയ്ക്കപ്പെട്ട മുറിവുമായി അദ്ദേഹം മൈതാനത്തേക്ക് മടങ്ങിയെത്തി. ഹ്യൂം പരിക്കുപറ്റി പോയതിനും വന്നതിനുമിടയ്ക്ക് പെക്കൂസണ്‍ വീണ്ടും ആദ്യ ഗോള്‍ പിറന്നതിന് സമാനമായ രീതിയില്‍ പന്തുമായി കുതിച്ചെത്തുകയും അത് നഷ്ടപ്പെടുത്തുകയുമുണ്ടായി. ഹ്യൂം കളത്തിലുണ്ടായിരുന്നെങ്കില്‍ അത് മറ്റൊരു ഗോളായേനെയെന്നുറപ്പ്.

കെസിറോണിന്റെ ഒന്നാന്തരമൊരു പാസ് ലാല്‍ ലുത്താര പാഴാക്കി. കഴിഞ്ഞ കളിയില്‍ കേരളത്തിന്റെ ഗോള്‍ പിറന്ന അതേ ശൈലിയിലായിരുന്നു ഇത്തവണയും കെസിറോണ്‍ പാസ്സ്. തുറന്ന അവസരമായിരുന്നെങ്കിലും ഡെല്‍ഹി കളിക്കാര്‍ പന്ത് റാഞ്ചി.

ഇതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിശ് റോയി മികച്ച പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഡെല്‍ഹി കളിക്കാരുടെ നിലവാരമില്ലാത്ത ഷോട്ടുകള്‍ നിരന്തരം പുറത്തുപോയി. കോര്‍ണറായും ഫ്രീക്കിക്കായും തുറന്ന അവസരങ്ങളിലും പന്തുകള്‍ ഇങ്ങനെ പാഴായി. ചിലത് സുഭാശിശ് കയ്യിലൊതുക്കി.

ബര്‍ബറ്റോവും ലുത്താരയും ആകര്‍ഷകമായ കളിയല്ല ഇന്ന് കാഴ്‌വച്ചത്. അവസരങ്ങള്‍ പാഴാക്കിയും മിസ്പാസുകള്‍ തീര്‍ത്തും ഇരുവരും നിരാശതീര്‍ത്തു. പരുക്കുപറ്റിയ ബര്‍റ്റോവിന് പകരം ഒന്നാം പകുതിയില്‍ത്തന്നെ സിഫിനിയോസ് എത്തി. എന്നാല്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ സിഫിനിയോസിനും ആയില്ല.

പിന്നീട് ഉണര്‍ന്നുകളിച്ച ഡെല്‍ഹി നിരന്തരം വെല്ലുവിളികള്‍ സൃഷ്ടിച്ചു. എന്നാല്‍ ഇവയെല്ലാം സുഭാശിശിന്റെ കൃത്യമായ ഇടപെടലില്‍ നിഷ്പ്രഭമായി. പിന്നീടാണ് ഡെല്‍ഹിയുടെ ഗോള്‍ പിറന്നത്. ഫ്രീക്കിക്കിലൂടെ പന്ത് നേരെ വലയിലാവുകയായിരുന്നു. സുഭാശിശിന് തടയാമായിരുന്നുവെന്ന് തോന്നാമെങ്കിലും ഇരു ടീമിലേയും കളിക്കാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിച്ചു. ഒരു കൃത്യമായ ഹെഡ്ഡറാണ് അദ്ദേഹം പ്രതീക്ഷിച്ചത്. പ്രിതത്തിന്റെ തലയിലൂടെ ഒരു നേരിയ ഡിഫ്‌ലക്ഷന്‍ ബോളില്‍ സംഭവിച്ചു എന്നതും വസ്തുതയാണ്.

പിന്നീട് ഡെല്‍ഹിയുടെ ഗോളി സാബിയറിനെതിരെയുള്ള സിഫിനിയോസിന്റെ ഫൗള്‍ സമയം അപഹരിച്ചു. അഞ്ചുമിനുട്ട് എക്‌സ്ട്രാ ടൈം ഇതോടെ അവസാനിച്ചു. ഇടുപ്പെല്ലിനാണ് അദ്ദേഹത്തിന് പരുക്കേറ്റത്. സിഫിനിയോസിനെതിരെ കടുത്ത നടപടിക്ക് റഫറി മുതിര്‍ന്നുമില്ല. ഗോളിയുടെ പരുക്ക് വീണ്ടും പ്രശ്‌നക്കാരനായപ്പോഴാണ് ഒന്നാം പകുതി അവസാനിച്ചത്. ഡെല്‍ഹിക്കായി ഗോളി അര്‍ണാബ് പകരക്കാരനായെത്തി. 55-ാം മിനുട്ടിലാണ് ഒന്നാം പകുതി അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും ഉണര്‍ന്നുകളിച്ചു. വീണ്ടും സിഫിനിയോസിന്റെ കാലുകളില്‍നിന്ന് ഡെല്‍ഹിയുടെ ഗോള്‍കീപ്പര്‍ക്ക് പരുക്കുപറ്റി. ഇടത് വാരിയെല്ലിനാണ് പരുക്കുക്കെങ്കിലും അദ്ദേഹം മൈതാനത്ത് തുടര്‍ന്നു.

ഡെല്‍ഹി മികച്ച കളിയാണ് കാഴ്ച്ചവച്ചതെങ്കിലും എല്ലാ ‘കുടവും’ പടിക്കല്‍ ഉടയ്ക്കപ്പെട്ടു. എങ്കിലും ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കാന്‍ പലപ്പോഴും അവര്‍ക്ക് സാധിച്ചു. ജാക്കിച്ചന്ദ് നയിച്ച ആക്രമണത്തിന് അതേ രീതിയില്‍ ഡെല്‍ഹി മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സിനെ കബളിപ്പിച്ച് പന്ത് കൈവശം വയ്ക്കുന്നതില്‍ ഡെല്‍ഹി മിടുക്കുകാട്ടി.

പീന്നീടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറക്കുന്നത്. ഒരു ക്ലാസ് ഗോളിന്റെ എല്ലാ രൂപവും ഭാവവുമുള്ള ഗോള്‍. കെസിറോണ്‍ പന്തുമായി മുന്നേറിനേടിയ ത്രോബോള്‍ പെക്കൂസണ്‍ ഹ്യൂമിന് നല്‍കുകയായിരുന്നു. വിദഗ്ധമായി രണ്ട് കളിക്കാരെ കബളിപ്പിച്ച് ഹ്യൂം തുറന്ന ഗോള്‍മുഖം സൃഷ്ടിച്ചു. പൊസിഷന്‍ മനസിലാക്കി ഹ്യൂം നിറയൊഴിച്ചപ്പോള്‍ ഡെല്‍ഹി കീപ്പര്‍ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും പന്ത് വലതുളച്ചു. എഴുപത്തിയെട്ടാം മിനുട്ടായിരുന്നു അത്.

ആവേശത്തിലാറാടിയ ബ്ലാസ്റ്റേസ് ആരാധകരെ സാക്ഷിയാക്കി നിമിഷങ്ങള്‍ക്കകം ഹ്യൂം ഡെല്‍ഹിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. മൂന്നാം ഗോള്‍! ഹ്യൂമിന് ഹാട്രിക്! ഐഎസ്എല്‍ കണ്ട ഏറ്റവും മികച്ച കളിക്കാരന്റെ ഒന്നാന്തരം തിരിച്ചുവരവ്. കേരളാ ക്യാമ്പ് പൊട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആഹ്ലാദാരവത്താല്‍ സ്റ്റേഡിയം വിറപ്പിച്ചു. ഡെല്‍ഹിയുടെ മുന്നേറ്റനിരയില്‍ നിന്നും റാഞ്ചിയെടുത്ത ബോള്‍ ഹ്യൂം നിലത്തുവീണ ഗോളിക്കും മുകളിലൂടെ അനായാസമായി ഉയര്‍ത്തിവിടുകയായിരുന്നു.

പേശിവലിവ് പ്രശ്‌നമായെത്തിയപ്പോള്‍ കേരളത്തിന്റെ ഏറ്റവും മികച്ച കളിക്കാരന്‍ തിരിച്ചുവിളിക്കപ്പെട്ടു. മടങ്ങിയ ഹ്യൂമിന് അര്‍ഹിക്കുന്ന ആദരം നല്‍കി ഗ്യാലറി മടക്കി. കളിയിലെ ഹീറോയും മറ്റാരുമായിരുന്നില്ല. പിന്നീട് തുടര്‍ന്ന കളി വെറും പേരിന് മാത്രമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഡെല്‍ഹിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. എങ്കിലും കേരളത്തിന്റെ കോര്‍ട്ടില്‍ത്തന്നെ പന്ത് നിലനിര്‍ത്താന്‍ ഡെല്‍ഹിക്കായി. അവസാന മിനുട്ടുകളില്‍ വീണ്ടും കളിയുടെ നിയന്ത്രം കേരളം ഏറ്റെടുത്തുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിനിടയില്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നുമുണ്ടായില്ല. പൊസഷനില്‍ ഡല്‍ഹിയായിരുന്നു.

13 ഷോട്ടുകള്‍ ഡല്‍ഹിയുതിര്‍ത്തപ്പോള്‍ 6 എണ്ണം മാത്രമാണ് കേരളം നേടിയത്. അതില്‍ 4 എണ്ണവും ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകളായിരുന്നു. 5 ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് മാത്രമാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. 6 കോര്‍ണറുകള്‍ ഡെല്‍ഹിക്ക്‌ ലഭിച്ചപ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല.

സികെ വിനീത് ഇന്നും കളത്തിലിറങ്ങിയില്ല. ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി എവേ ജഴ്‌സിയിലാണ് കളിക്കാനിറങ്ങിയത്. സ്ഥിരം മഞ്ഞ ജഴ്‌സിയുടെ നേര്‍ എതിര്‍ നിറങ്ങളിലാണ് പുതുജഴ്‌സി. നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ടീം ഉടമസ്ഥന്‍ സച്ചിന്‍ എത്തിയതും ഏവര്‍ക്കും ആവേശമായി. സച്ചിന്റെ സാന്നിധ്യത്തില്‍ ടീമിന്റെ രണ്ടാം വിജയമാണിത്.

ഇതോടെ കേരളം എട്ടാം സ്ഥാനത്തുനിന്ന് 11 പോയന്റുകളോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഡെല്‍ഹി നാല് പോയന്റുകളുമായി പത്താം സ്ഥാനത്താണ്.

DONT MISS
Top