ഹോട്ടല്‍ മുറികളില്‍ വിദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ട ഹിലിയ എമില , ഇവരുടെ പുരുഷസുഹൃത്ത് അലക്‌സി ജോയല്‍

തിരുവനന്തപുരം/ ചെന്നൈ:  ടൂറിസ്റ്റ് വിസലെത്തിയ വിദേശികളെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം കോവളത്തും ചെന്നൈയിലുമാണ് വിദേശികളെ മരിച്ച നിലയില്‍ കണ്ടത്. ബ്രിട്ടീഷ് പൗരനായ ഇയാന്‍ കിറ്റിലിനെ(67) ആണ് കോവളത്ത് മരിച്ച നിലയില്‍ കണ്ടത്. ഫിന്‍ലന്‍ഡുകാരിയായ ഹിലിയ എമില (22) എന്ന യുവതിയെ ആണ് ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയതാണ് ഇയാന്‍ കിറ്റില്‍. ഇന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഹിമാലയ റസിഡന്‍സി ഹോട്ടലിലാണ് ഫിന്നിഷ് യുവതിയായ ഹിലിയ എമിലയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം പരുഷസുഹൃത്ത് അലക്‌സി ജോയല്‍ സാന്റെറിനൊപ്പമാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. രാവിലെ യുവതിയെ അബോധാവസ്ഥയില്‍ കണ്ട സുഹൃത്ത് വിവരമനുസരിച്ചതനുസരിച്ച് പൊലീസ് എത്തി പരോശധിച്ചപ്പോഴാണ് യുവതി മരിച്ചതായി കണ്ടത്.

അമിതതോതില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

DONT MISS
Top