വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം: വിദഗ്ധ സമിതിക്ക് രൂപം നല്‍കി

സുപ്രിംകോടതി


ദില്ലി: വയനാട് മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച് പഠിക്കാന്‍ സുപ്രിം കോടതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കി. കേന്ദ്രപരിസ്ഥിതി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെയും കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ബദല്‍ യാത്രാപാത ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് സുപ്രിം കോടതി നിര്‍ദേശിച്ചു.

വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് ഇന്ന് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഇതേകുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണമെന്ന നിര്‍ദേശം അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ മുന്നോട്ട് വെക്കുകയായിരുന്നു. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം സൃഷ്ടിക്കുന്നെന്ന് വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി. രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞതായും അറ്റോര്‍ണി ചൂണ്ടിക്കാട്ടി. വനമേഖലയ്ക്ക് കാര്യമായ പരിസ്ഥിതി ആഘാതം ഉണ്ടെങ്കില്‍ ബദല്‍ പാതകളുടെ സാധ്യത ആരായാവുന്നതാണെന്നും കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ കേരളവും കര്‍ണാടകവും സുപ്രിം കോടതിയില്‍ എതിര്‍ത്തില്ല. ഇതേതുടര്‍ന്നാണ് കേന്ദ്രപരിസ്ഥിതി സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കണം. മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സമിതിക്ക് മുമ്പാകെ അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

DONT MISS
Top