വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

സുരേഷ്‌ഗോപി

തിരുവനന്തപുരം: പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹെെക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹെെക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ഡിസംബറില്‍ സുരേഷ് ഗോപി  ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പുതുച്ചേരിയിലെ വാഹനരജിസ്‌ട്രേഷന് വേണ്ടി സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കുകയും നികുതി വെട്ടിച്ച് സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പുതുച്ചേരിയിലെ കൃഷിയിടത്തില്‍ പോകാനാണ് വാഹനം വാങ്ങിയതെന്ന മുന്‍ നിലപാട് സുരേഷ് ഗോപി വീണ്ടും അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചിരുന്നു.

2010 ല്‍ വാങ്ങിയ വാഹനത്തിന്റെ പേരില്‍ സുരേഷ് ഗോപി നല്‍കിയിരിക്കുന്നത് 2014 ലെ വാടകചീട്ടിന്റെ പകര്‍പ്പാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും സുരേഷ് ഗോപി ഇവ നല്‍കിയിരുന്നില്ല.

വ്യാജരേഖകള്‍ ചമച്ചതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് ടാക്‌സ് ഇനത്തില്‍ കിട്ടേണ്ടിയിരുന്ന 30 ലക്ഷം രൂപ വെട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ജ്യാമമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. സുരേഷ് ഗോപിയുടെ  ആഡംബരവാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ 12 തവണ അമിതവേഗത്തില്‍ സഞ്ചരിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി മോട്ടോര്‍വാഹന വകുപ്പും കണ്ടെത്തിയിരുന്നു.

DONT MISS
Top