ഭിക്ഷാടനത്തിന്റെ ആല്‍ത്തറയില്‍ നിന്ന് റയല്‍ മാഡ്രിഡിന്റെ പരിശീലനക്കളരിയിലേക്ക്; മണികണ്ഠന് ഇത് ചരിത്രനിമിഷം

കൊല്ലം: കൊല്ലത്തെ ഓച്ചിറയുടെ തെരുവില്‍നിന്ന് ഫുട്‌ബോളിന്റെ ഹൃദയമായ സ്‌പെയിനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് കൊച്ചു ഫുട്‌ബോള്‍ താരം മണികണ്ഠന്‍. ഭിക്ഷാടനത്തില്‍ നിന്ന് കൊല്ലം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയ മണികണ്ഠന് റയല്‍ മാഡ്രിഡിന് ഒപ്പം ഒരുമാസത്തെ പരിശീലനത്തിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഐ ലീഗ് ജൂനിയര്‍ തലത്തില്‍ ചെന്നൈ ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാദമിയിലെ മികവാണ് മണികണ്ഠന് സാന്റിയാഗോ ബെര്‍ണാബുവിലേക്കുള്ള ടിക്കറ്റ് നല്‍കിയത്.

മണികണ്ഠന്‍ ബൂട്ട് കെട്ടുന്നത് നാളത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ലോകഫുട്‌ബോളിന്റെയും സുവര്‍ണനേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. ഒരുപക്ഷേ നമ്മുടെ ഫുട്‌ബോള്‍ വരുംകാലത്ത് അറിയപ്പെടുന്നത് ഈ കളിക്കാരനിലൂടെയാവും. ഏഴുവര്‍ഷം മുമ്പ് ഓച്ചിറ ക്ഷേത്രപരിസരത്ത് ഭിക്ഷാടനത്തിനിടെയാണ് മണികണ്ഠനെയും സഹോദരിയെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ആരെന്നറിയാതെ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നു.

ഫുട്‌ബോളിലെ താത്പര്യം കണ്ടാണ് പരിശീലനം നല്‍കിയത്. പിന്നീട് മണികണ്ഠന്‍ ഫുട്‌ബോളില്‍ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങി. ചെന്നൈ പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലസ് അക്കാദമിയിലൂടെ കുട്ടികളുടെ വിഭാഗത്തില്‍ ഐ ലീഗ് ക്യാമ്പിലെത്തി. മണികണ്ഠന്റെ കഴിവ് തിരിച്ചറിഞ്ഞ ഇവിടുത്തെ വിദേശ പരിശീലകരാണ് റയല്‍ മാഡ്രിഡിന്റെ ഒരു മാസത്തെ പരിശീലനത്തിന് അവസരം ഒരുക്കിയത്.

DONT MISS
Top