‘ആ വേഷത്തിലേക്ക് വേറെ ആരെയും ചിന്തിക്കാനാവുന്നില്ല’; കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കേട്ടത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നത് നിവിന്‍ പോളി തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘അങ്ങനെ അത് സ്ഥിരീകരിച്ചു, ലാലേട്ടന്‍ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാവുകയാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍’ നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം എന്താണെന്ന് നിവിന്‍ വെളിപ്പെടുത്തിയിരുന്നില്ല. ലാലിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ എത്തുക.

ഫെയ്‌സ്ബുക്കിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഈ വേഷത്തിലേക്ക് വേറെ ആരെയും ചിന്തിക്കാന്‍ ആവില്ലായിരുന്നുവെന്നും റോഷന്‍ പറയുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായിട്ടുളള മോഹന്‍ലാലിന്റെ വരവ് കാത്തിരിക്കുകയാണ് ആരാധകര്‍.

ജനപ്രിയകള്ളന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പന്ത്രണ്ട് കോടി ബഡ്ജറ്റില്‍ പൂര്‍ത്തിയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസാണ്.

DONT MISS
Top