സന്നിധാനത്തേക്ക് പരമ്പരാഗത പാത വഴിയുള്ള രാത്രിയാത്ര അപകടം; വനംവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് ഭക്തര്‍

പത്തനംതിട്ട: ശബരിമലയിലേക്ക് പരമ്പരാഗത പാത വഴിയുള്ള രാത്രിയാത്ര അപകടം നിറഞ്ഞതാണ്. രാത്രിയാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഭക്തര്‍ നിര്‍ബാധം കടന്നു പോകുന്നു. ഈ പാതകളില്‍ വന്യമൃഗങ്ങള്‍ ഏറെയുള്ളതിനാല്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു.

ശബരിമല സന്നിധാനത്തേക്ക് പ്രധാന രണ്ട് പരമ്പരാഗത വഴികളാണുള്ളത്. ഇതില്‍ പ്രധാനം എരുമേലിയില്‍ നിന്നും പമ്പയിലേക്കു ള്ളതാണ്. വണ്ടിപ്പെരിയാറില്‍ നിന്നും പുല്‍മേടു വഴി സന്നിധാനപാതകളിലും വന്യമൃഗ സാന്നിധ്യം ഏറെയുണ്ട്. ഈ സാഹചര്യത്തില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതാരും മുഖവിലക്ക് എടുക്കാറില്ല. ഇതാണ് കഴിഞ്ഞ ദിവസം കരിമലയില്‍ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണം.

ചെന്നൈ സ്വദേശി നിരോഷ് കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒന്നരയ്ക്കാണ് സംഭവം. പതിന്നാലുപേരുടെ സംഘത്തില്‍പ്പെട്ട നിരോഷ് കുമാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖം തകര്‍ന്നു. രാത്രിയാത്ര ചെയ്യുമ്പോള്‍ വഴിതെറ്റാനുള്ള സാഹചര്യവും ഏറെയാണ്. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോള്‍ വനപാലകര്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്താറുണ്ട്. എന്നാല്‍ ഉള്‍വനത്തില്‍ എപ്പോഴും ഇത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ഭക്തര്‍ യാത്രയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്ന് വനം വകുപ്പ് നിര്‍ദേശിക്കുന്നു.

DONT MISS
Top