ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീമില്‍

ശ്രീജേഷ്

ദില്ലി: കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് എട്ടുമാസത്തോളം ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ് വീണ്ടും ടീമില്‍. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിലാണ് ശ്രീജേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്യാമ്പിനൊപ്പമാണ് ശ്രീജേഷുള്ളത്. കഴിഞ്ഞ മേയിൽ സുൽത്താൻ അസ്ലൻ ഷാ കപ്പിനിടെയാണ് ശ്രീജേഷിന് പരുക്കേറ്റത്.

ശ്രീജേഷ് ടീമില്‍ ഇടംനേടിയെങ്കിലും യുവനിരയ്ക്ക് പ്രാധാന്യം കൊടുത്തുള്ള ടീമില്‍ മുതിര്‍ന്ന മിഡ്ഫീൽഡർ സർദ്ദാർ സിംഗിനും സ്ട്രൈക്കർ എസ് വി സുനിലിനും സ്ഥാനം ലഭിച്ചില്ല. കോമണ്‍വെൽത്ത്, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്‍റുകൾ വരുന്നതിനാൽ യുവനിരയ്ക്ക് അവസരം നൽകുകയായിരുന്നുവെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. മൻപ്രീത് സിംഗാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്ട്രൈക്കർ ദിൽപ്രീത് സിംഗ്, മിഡ്ഫീൽഡർ വിവേക് സാഗർ പ്രസാദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

ഇന്ത്യക്കും ആതിഥേയരായ ന്യൂസിലന്‍ഡിനും  പുറമേ ബെൽജിയം, ജപ്പാൻ  എന്നീ ടീമുകളാണ് ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില് മാറ്റുരയ്ക്കുന്നത്. ടീമുകളെല്ലാം കരുത്തരായതിനാല്‍ ശക്തമായ മത്സരങ്ങളാണ് ന്യൂസിലന്‍ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

DONT MISS
Top