എകെജിയെ അപമാനിച്ച ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍; ബാലപീഡകന്‍ എന്നുവിളച്ചത് വിമര്‍ശനമാണെന്ന്!

കെ സുരേന്ദ്രന്‍, വിടി ബല്‍റാം

യാതൊരുവിധ തെളിവുമില്ലാതെ എകെജിയെ ബാലപീഡകന്‍ എന്ന് ബല്‍റാം വിളിച്ചതിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍. ബല്‍റാം എകെജിയെ തികച്ചും നിരുത്തരവാദപരമായി അസഭ്യപ്രയോഗം നടത്തിയത് വിമര്‍ശനം ആണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ആര്‍ക്കും ആരേയും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന സിദ്ധാന്തത്തില്‍ കടിച്ചുതൂങ്ങിയാണ് സുരേന്ദ്രന്റെ കുറിപ്പ്. ‘വിമര്‍ശനം’ എന്ന പ്രയോഗത്തിലൂടെ അസഭ്യ പ്രയോഗത്തിലൂടെ ഗുരുതരമായ കുറ്റം ആരോപിക്കുന്നതിനെ സുരേന്ദ്രന്‍ വളരെ മെയ്‌വഴക്കത്തോടെ വെള്ളപൂശുന്നുണ്ട്.

എന്നാല്‍ ബല്‍റാമിനോടുള്ള പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ള വിഷയങ്ങളെ ആദ്യമേ സൂചിപ്പിച്ച് ജാമ്യമെടുക്കാനും സുരേന്ദ്രന്‍ ശ്രമിച്ചു. പ്രധാന മന്ത്രിയെ ‘കാളയുടെ മോനേ’ എന്നും അമിത് ഷായെ ‘അമിട്ട് ഷാജി’ എന്നും വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ വിടി ബല്‍റാമിനെ തിരിച്ചടിച്ചുവെന്നാണ് അദ്ദേഹം കുറിക്കുന്നത്. പിന്നീട് വിഷയത്തിലേക്കും വരുന്നു.

എകെജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത് -സുരേന്ദ്രന്‍ പറയുന്നു. ഇവിടെ ബാലപീഡകന്‍ എന്ന് വിളിച്ചതിനെ സുരേന്ദ്രന്‍ സൂചിപ്പിക്കുന്നു, എകെജിയോടുള്ള വിയോജിപ്പ് എന്ന്! ‘വിയോജിപ്പ്’ എന്ന വാക്കിലൂടെ സുരേന്ദ്രന്‍ ബല്‍റാമിനെ വീണ്ടും വെള്ളപൂശുന്നു.

“വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാല്‍ എകെജിയെ വിമര്‍ശിച്ചാല്‍ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. എകെജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടില്‍. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എകെജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല”, സുരേന്ദ്രന്‍ കുറിച്ചു.

ഇവിടെ എകെജിയെ ‘വിമര്‍ശിച്ചാല്‍’ ആപ്പീസ് തല്ലിപ്പൊളിക്കുന്നത് ശരിയല്ല എന്ന് സുരേന്ദ്രന്‍ പറയുമ്പോള്‍ വിമര്‍ശനമാണിത് എന്ന അഭിപ്രായം വീണ്ടും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ വിമര്‍ശിച്ചാല്‍ ഓഫീസ് പൊളിക്കരുത് എന്ന പുരോഗമനപരമായ ആശയം മുന്നോട്ടുവച്ചുകൊണ്ട് അതിനോടൊപ്പം എകെജി ഒളിവുജീവിതം നയിച്ചകാലത്തെ പ്രണയം കേരളത്തിന് അറിവുള്ളതാണെന്ന് പറഞ്ഞ്, അത്രയേ ബല്‍റാമും പറഞ്ഞുള്ളൂ എന്ന തന്റെ വാദം വീണ്ടും ഒളിച്ചുകടത്തുന്നു.

“മാത്രമല്ല, ഈയിടെയാണ് ഗൗരിയമ്മ എകെജിയെക്കുറിച്ച് അവര്‍ക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും. നമ്മുടെ നാട്ടില്‍ മരണാനന്തരം പല മഹാന്‍മാരുടേയും സ്വകാര്യജീവിതം ചര്‍ച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. മാര്‍ക്‌സിന്റെ സ്വകാര്യജീവിതം തന്ന വലിയ ചര്‍ച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിന്റേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പലതവണ ചര്‍ച്ചാവിഷയമാക്കിയിട്ടുമുണ്ട്”, സുരേന്ദ്രന്‍ കുറിച്ചു.

ഗൗരിയമ്മ എകെജിയെക്കുറിച്ച് അവര്‍ക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്താണത്? എകെജി പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നതാണ് ഗൗരിയമ്മ പറഞ്ഞത്. എന്നാല്‍ എകെജിയെക്കുറിച്ച് അവര്‍ക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞുവെന്നത് തീര്‍ത്തും നിഷ്‌കളങ്കമായ ഒരു ആശയമല്ല മുന്നോട്ടുവയ്ക്കുന്നത്.

സിപിഐഎം ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ നാടുമുഴുവന്‍ തുള്ളുന്നു, മത നേതാക്കന്മാരെ അപമാനിക്കുന്നുവെന്നൊക്കെയുള്ള സ്ഥിരം പല്ലവിയില്‍ അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു. കിം ജോഗ് ഉന്നിനെ (അക്ഷരപ്പിശകോ തെറ്റിദ്ധാരണയോ കൊണ്ടാകാം ‘കിംഗ്’ ജോംങ്ങ് എന്നാണ് കുറിച്ചിരിക്കുന്നത്) ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശധ്വംസകന്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

ഇതിനിടയില്‍ കെ സുരേന്ദ്രന്റെ ആരാധകര്‍ വിടി ബല്‍റാമിനേയും ബല്‍റാമിന്റെ ആരാധകര്‍ സുരേന്ദ്രനേയും തെറിവിളിക്കുന്നുണ്ട്. ചേരേണ്ടതുതന്നെ ചേര്‍ന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കെ സുരേന്ദ്രന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

വിടി ബൽറാമിനെ പലപ്പോഴും നിശിതമായി വിമർശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോൾ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെപ്പററി ഇപ്പോഴും അഭിപ്രായവ്യത്യാസവുമുണ്ട്. എന്നാൽ എകെജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എകെജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. എകെജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടിൽ. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂർത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എ. കെ. ജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല. മാത്രമല്ല ഈയിടെയാണ് ഗൗരിയമ്മ എകെജിയെക്കുറിച്ച് അവർക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും. നമ്മുടെ നാട്ടിൽ മരണാനന്തരം പല മഹാൻമാരുടേയും സ്വകാര്യജീവിതം ചർച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. മാർക്സിൻറെ സ്വകാര്യജീവിതം തന്ന വലിയ ചർച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിൻറേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവർത്തകരുമൊക്കെ പലതവണ ചർച്ചാവിഷയമാക്കിയിട്ടുമുണ്ട്. നാടുമുഴുവൻ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്നവരാണ് ഇപ്പോൾ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കിൽ അത് അത്ര വലിയ മഹത്വമല്ല. ആധുനിക ലോകം കണ്ട ഏററവും വലിയ മനുഷ്യാവകാശധ്വംസകനായ കിംഗ് ജോങ്ങിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനേയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എകെജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്കു കഴിയില്ല.

DONT MISS
Top