ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത; ‘പുറത്തുവിട്ടത് മഞ്ഞുമലയുടെ ഒരു ഭാഗം, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും മാധ്യമ പ്രവര്‍ത്തക

ദില്ലി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ. ആധാര്‍ വിവരം 500 രൂപയ്ക്ക് ലഭിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ദി ട്രിബ്യൂണ്‍ പത്രത്തിനെതിരെയും റിപ്പോര്‍ട്ട് ചെയ്ത രചന ഖൈറയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തെപറ്റി പത്രം നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന യുഐഡിഎയുടെ നിയമസാധുതയാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും രചന ഖൈറ വ്യക്തമാക്കി. വിഷയത്തെ സംബന്ധിച്ച് എന്‍ഡിടിവിയോട് പ്രതികരിക്കുകയായിരുന്നു രചന.

ഇത് സംബന്ധിച്ച് സുരക്ഷ വീഴ്ച നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും രചന പറഞ്ഞു. തന്റെ റിപ്പോര്‍ട്ടിന്റെ ഫലമായി യുഐഡിഎ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കെെകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രചന ഖൈറ പറയുന്നു.

ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എടുക്കാവുന്ന സൗകര്യമൊരുക്കിത്തരുന്ന ഇടനിലക്കാരെ പരിചയപ്പെടാന്‍ സാധിച്ചുവെന്നായിരുന്നു ട്രിബ്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇടനിലക്കാര്‍ 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കുമെന്നും. 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ നല്‍കുമെന്നുമാണ് ട്രിബ്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

DONT MISS
Top