‘ചെരിപ്പ് കള്ളന്‍ പാകിസ്താന്‍’; ജാദവ് കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ പ്രതിഷേധം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ യുഎസിലെ പാക്ക് എംബസിക്ക് മുന്നില്‍ പ്രതിഷേധം. വാഷിംഗ്ടണ്‍ ഡിസിയിലെ പാകിസ്താന്‍ എംബസിക്കുമുന്നില്‍ ചെരിപ്പുകളുമായാണ് പ്രതിഷേധം നടത്തിയത്. ചെരിപ്പുകള്ളന്‍ പാകിസ്താന്‍ എന്ന ഹാഷ്ടാഗുമായി ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് പ്രതിഷേധം നടത്തുന്നത്.

കഴിഞ്ഞ ഡിസംബര്‍ 25 നാണ് കുല്‍ഭൂഷണ്‍ ജാദവ് അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയത്.സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷണിന്റെ ഭാര്യയുടെ കാലില്‍ കിടന്ന ചെരിപ്പ് പാകിസ്താന്‍ ഊരിമാറ്റിയിരുന്നു. രഹസ്യവസ്തുവുണ്ടെന്ന് ആരോപിച്ചായിരുന്നു പാകിസ്താന്റെ ഈ നടപടി.

സുരക്ഷ കാരണങ്ങളുടെ പേരിലാണ് ചെരിപ്പുകള്‍ ഊരിമാറ്റിയതെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ചെരിപ്പിനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താന്‍ പാകിസ്താന്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കുല്‍ഭൂഷണ്‍ ജാദവിന് കുടുംബവുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പാകിസ്താന്‍ അവസരം ഒരുക്കിയത്. രണ്ട് മുറികളിലായി ഇരുത്തി ഗ്ലാസ് കൊണ്ട് മറച്ചായിരുന്നു കൂടിക്കാഴ്ച. ഇന്റര്‍കോം വഴിയായിരുന്നു ജാദവുമായി അമ്മയും ഭാര്യയും ആശയവിനിമയം നടത്തിയത്. കുടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു.

കൂടിക്കാഴ്ചയ്‌ക്കെത്തിയ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്താന്‍ അപമാനിച്ച സംഭവത്തില്‍ രാജ്യമാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലിയും ഇരുവരുടെയും ആഭരണങ്ങളും പാക് അധികൃതര്‍ അഴിച്ച് വാങ്ങിയിരുന്നു. ഇരുവരുടേയും സാംസ്‌കാരകവും മതപരവുമായ വികാരങ്ങളെ പരിഗണിക്കാതെയായിരുന്നു പാകിസ്താന്റെ ഈ നടപടി.  കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ ഉണ്ടാക്കിയ എല്ലാ ധാരണകളെയും പാകിസ്താന്‍ ലംഘിച്ചുവെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

DONT MISS
Top