കപ്പു നേടാന്‍ വരുന്ന 32 രാജ്യങ്ങള്‍; യോഗ്യത നേടാനാകാതെ വമ്പന്‍മാര്‍

ജൂണില്‍ ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ അരങ്ങൊരുങ്ങും. ലോകകപ്പിന്റെ ഇരുപത്തിയൊന്നാം എഡിഷനാണിത്. ജൂണ്‍ പതിന്നാലിന് ആരംഭിക്കുന്ന മത്സരങ്ങള്‍ ജൂലൈ 18-ന് അവസാനിക്കും. മോസ്‌കോയിലെ റുസന്‍സ്‌കി സ്‌റ്റേഡിയത്തില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ പതിനെട്ടിന് ഉദ്ഘാടന മത്സരം നടക്കുന്ന അതേവേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്. 2006-ന് ശേഷം യൂറോപ്പില്‍ അരങ്ങേറുന്ന ആദ്യ ലോകകപ്പാണിത്. ജര്‍മനിയായിരുന്നു 2006-ലെ ആതിഥേയര്‍. അവിടെ ഇറ്റലി കിരീടം നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തു വന്നു.

പങ്കെടുക്കുന്ന രാജ്യങ്ങള്‍

ഫിഫയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 209 രാജ്യങ്ങളില്‍ നിന്ന് യോഗ്യതാ മത്സരങ്ങളിലൂടെ കടന്നുവന്ന 31 രാജ്യങ്ങളും ആതിഥേയരായ റഷ്യയും ചേര്‍ന്ന് 32 രാജ്യങ്ങളാണ് ലോകഫുട്‌ബോള്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

ഏഷ്യ-ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ

മധ്യഅമേരിക്ക-കോസ്റ്റാറിക്കാ, മെക്‌സിക്കോ, പനാമ

ആഫ്രിക്ക– ഈജിപ്റ്റ്, മൊറോക്കോ, നൈജീരിയ, സെനഗല്‍, ടുണീഷ്യ

സൗത്ത് അമേരിക്ക-അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, പെറു, ഉറൂഗ്വെ

യൂറോപ്പ്-പോളണ്ട്, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, റഷ്യ, സെര്‍ബിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്

1930-ല്‍ 13 ടീമുകളുമായിട്ടാണ് ലോകകപ്പ് ആരംഭിക്കുന്നത്. 34-ല്‍ എണ്ണം പതിനാറായി. 38-ല്‍ പതിനഞ്ചായി കുറഞ്ഞു. അമ്പതില്‍ വീണ്ടും പതിമൂന്നായി. 1954 മുതല്‍ 78 വരെ എണ്ണം പതിനാറായിരുന്നു. 1982 മുതല്‍ 1994 വരെ 24 ടീമുകള്‍ വീതം പങ്കെടുത്തു. എണ്ണം മുപ്പത്തിരണ്ടിലേക്ക് ഉയര്‍ന്നത് 1998-മുതലാണ്.

ലോകപ്പില്‍ ആദ്യവും ഇടവേളയ്ക്ക് ശേഷവും എത്തിയവര്‍

2014 ലെ ലോകകപ്പില്‍ പങ്കെടുത്ത 20 രാജ്യങ്ങള്‍ ഇക്കുറിയും യോഗ്യത നേടിയിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ള ഐസ്‌ലാന്‍ഡും മധ്യഅമേരിക്കന്‍ രാജ്യമായ പനാമയും ആദ്യമായാണ് യോഗ്യത നേടുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ഇവരണ്ടും. ഈജിപ്ത് 28 വര്‍ഷങ്ങള്‍ക്കു ശേഷവും (1990-ല്‍ ആണ് ഈജിപ്റ്റ് ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത്) മൊറോക്കോ 19 വര്‍ഷങ്ങള്‍ക്കു ശേഷവും (1998-ലാണ് മൊറോക്കോ അവസാനമായി പങ്കെടുക്കുന്നത്) പെറു 36 വര്‍ഷങ്ങള്‍ക്കു ശേഷവും (1982-ലാണ് പെറു അവസാനമായി പങ്കെടുക്കുന്നത്) സെനഗല്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷവുമാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ വരുന്നത് (2002-ല്‍ ക്വാര്‍ട്ടറിലെത്തിയ ശേഷം സെനഗലിന് യോഗ്യതനേടാന്‍ കഴിഞ്ഞിരുന്നില്ല).

മൂന്നു സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ ഇതാദ്യം

സ്‌കാന്റിനേവിയന്‍ രാജ്യങ്ങളായ (ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, ഫെറോ ഐലന്റുകള്‍, അലാന്‍ഡ് ദ്വീപുകള്‍ എന്നിവയെയാണ് പൊതുവേ സ്‌കീന്റിനേവിയന്‍ രാജ്യങ്ങളെന്നു പറയുന്നത്) ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വീഡന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ഒരുമിച്ച് യോഗ്യത നേടുന്നതും ഇതാദ്യമാണ്. ഈജിപ്ത്, മൊറോക്കോ, സൗദി അറേബ്യ, ടുണീഷ്യ എന്നീ നാല് അറബിരാജ്യങ്ങള്‍ ഒരുമിച്ച് ലോകകപ്പില്‍ വരുന്നതും ആദ്യം.

യോഗ്യത നേടാനാകാതെ പോയ വമ്പന്മാര്‍

നാലുവട്ടം ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ട് എന്നിവര്‍ക്ക് യോഗ്യതനേടാന്‍ കഴിഞ്ഞില്ല. 2017-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീടം നേടിയ കാമറൂണ്‍, രണ്ടുതവണ കോപ്പാ അമേരിക്ക ചാമ്പ്യന്മാരും 2017-ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ രണ്ടാം സ്ഥാനക്കാരുമായ ചിലി, 2016-ലെ ഒഎഫ്‌സി കപ്പില്‍ ജേതാക്കളായ ന്യൂസിലാന്‍ഡ്, മധ്യ അമേരിക്കന്‍ ചാമ്പ്യന്മാരായ അമേരിക്ക എന്നിവരും യോഗ്യത നേടിയില്ല. ആഫ്രിക്കന്‍ അതികായന്‍മാരായ ഐവറി കോസ്റ്റ്, ഘാന എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെടും.

DONT MISS
Top