മതിയായ സുരക്ഷ ഉറപ്പാക്കാനാകില്ല; മഹാരാഷ്ട്രയില്‍ കെജ്‌രിവാളിന്റെ റാലിക്ക് അനുമതിയില്ല

അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് മഹാരാഷ്ട്രയില്‍ റാലി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബുല്‍ദാന സിന്ധ്‌ഖേഡില്‍ റാലി നടത്താനാണ് കെജ്‌രിവാളിന് പൊലീസ് അനുമതി നിഷേധിച്ചത്. ചൊവ്വാഴ്ചയായിരുന്നു റാലി നടക്കേണ്ടിയിരുന്നത്.

റാലിക്ക് മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് ബുല്‍ദാന പൊലീസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് തന്നെ റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചിരുന്നതാണെന്നും എന്നാല്‍ അവസാന നിമിഷത്തിലാണ് പൊലീസ് അനുമതി നിഷേധിച്ചതെന്നും ആംആദ്മി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആംആദ്മിയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഛത്രപതി ശിവജിയുടെ അമ്മ ജീജാമാതയുടെ ജന്‍മവാര്‍ഷിക ദിനത്തില്‍ അവര്‍ക്ക് പ്രണാമമര്‍പ്പിച്ച ശേഷം റാലി നടത്താനായിരുന്നു തീരുമാനം. ആം ആദ്മിയിലെ പ്രമുഖ നേതാക്കളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയ വിജയത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നും പാര്‍ട്ടിയ്ക്ക് വലിയ തോതില്‍ പിന്തുണ ലഭിച്ചിരുന്നു. മേധാ പട്കറെ പോലുള്ള പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേര്‍ന്നതെല്ലാം പാര്‍ട്ടിയ്ക്ക് പ്രചോദമായിരുന്നു. മേധാ പട്കര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദില്ലി തെരഞ്ഞെടുപ്പിലെ വിജയം ആം ആദ്മിക്ക് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാനായില്ല. പാര്‍ട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആം ആദ്മി റാലി സംഘടിപ്പിച്ചിരുന്നത്.

DONT MISS
Top