മോഹന്‍ ഭാഗവത് റിപ്പബ്ലിക്ക് ദിനത്തിലും പാലക്കാട്ട് പതാക ഉയര്‍ത്തും

ദില്ലി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക്ക് ദിനത്തിലും കേരളത്തില്‍ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 26ന് പാലക്കാട്ടെ ഒരു സ്‌കൂളിലാണ്  ഭാഗവത് പതാക ഉയര്‍ത്തുന്നത്. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് ഇക്കാര്യം അറിയിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ മോഹന്‍ ഭാഗവത് കേരളത്തിലുണ്ടാകുമെന്നും പതാക ഉയര്‍ത്തുമെന്നും ആര്‍എസ്എസ് നേതാവ് പറയുന്നു. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട് ജില്ലയില്‍ 26ന് തുടങ്ങുന്ന ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായാണ് ഭാഗവത് കേരളത്തിലെത്തുന്നത്.ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിദ്യാനികേതന് കീഴിലുള്ള സ്‌കൂളിലാണ് ക്യാമ്പും പതാക ഉയര്‍ത്തലും.

സ്വാതന്ത്ര്യദിനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം ഏറെ വിവാദമായിരുന്നു. പാലക്കാട് മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത് ചട്ടലംഘനമാണെന്നായിരുന്നു പരാതി.

സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്ക് ദിനത്തിലും ഭാഗവത് കേരളത്തില്‍ പതാക ഉയര്‍ത്താനെത്തുന്നത്.

DONT MISS
Top