ആധാര്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു


ദില്ലി: ആധാര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച് കേന്ദ്രത്തിന്റെ പ്രതികാര നടപടി. ദി ട്രിബ്യൂണ്‍ എന്ന മാധ്യമമായിരുന്നു ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ ചോര്‍ന്നത് പുറത്തുവിട്ടത്. ട്രിബ്യൂണിലെ റിപ്പോര്‍ട്ട് തയാറാക്കിയ മാധ്യമ പ്രവര്‍ത്തകയ്ക്കും സ്ഥാപനത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.

ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സുനില്‍ കുമാര്‍, രാജ് എന്നിവരുടെ പേരിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്. ഇത്തരത്തില്‍ എഫ്‌ഐആര്‍ തയാറാക്കിയതായി ക്രൈംബ്രാഞ്ച് ജോയിന്‍ കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എടുക്കാന്‍ സൗകര്യമൊരുക്കിത്തരുന്ന ഇടനിലക്കാരെ പരിചയപ്പെടാന്‍ സാധിച്ചുവെന്നായിരുന്നു ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരക്കാര്‍ 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കും. 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറും നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസ്18 ചാനലിനെതിരെ സമാനമായ രീതിയില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ആധാറിനെതിരെയുള്ള റിപ്പോര്‍ട്ടായിരുന്നു അന്നും സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയത്.

DONT MISS
Top