ലാലുപ്രസാദ് യാദവിന് തടവും പിഴയും; ‘ബിഹാര്‍ മുഖ്യമന്ത്രിക്ക് നന്ദി’ വാക്കുകളില്‍ രോഷവും പരിഹാസവുമായി തേജസ്വി യാദവ്

തേജസ്വി യാദവ്, നിതീഷ്, ലാലു (ഫയല്‍)

റാഞ്ചി: കാലിത്തീറ്റകുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും ലഭിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്.

വിധിയില്‍ രോഷം രേഖപ്പെടുത്തിക്കൊണ്ട് പരിഹാസരൂപേണെയാണ് തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് നന്ദി പറഞ്ഞത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ശിക്ഷ വിധിച്ചത്.

‘നന്ദി നിതീഷ്‌കുമാര്‍’ എന്നാണ് തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിന് അനുകൂലമായി നിരവധിയാളുകളാണ് പ്രതികരണം രേഖപ്പെടുത്തിയത്.

കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. അതില്‍ രണ്ടാമത്തെ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് ആറ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്. നേരത്തെ മൂന്ന് തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവെച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനഃപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.

വിധി പ്രഖ്യാപനം കേട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

DONT MISS
Top