ഫെഡറര്‍ മിന്നി, സ്വിറ്റ്സര്‍ലന്റിന് മൂന്നാം ഹോപ്മാന്‍ കിരീടം


പെര്‍ത്ത്: പ്രായം പ്രകടനത്തിന് തടസമല്ലെന്ന് തെളിയിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മുപ്പത്തിയാറാം വയസിലും എതിരാളികളെ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം തുടരുന്ന റോജര്‍ രാജ്യത്തിനായി മൂന്നാം ഹോപ്മാന്‍ കിരീടം സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ ബെലിന്‍ഡ ബെന്‍സിയ്‌ക്കൊപ്പം വിജയം നേടിയാണ് റോജര്‍ കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ നടന്ന പുരുഷ സിംഗിള്‍സില്‍ ഫെഡറര്‍ വിജയം സ്വന്തമാക്കിയിരുന്നു.

നിര്‍ണായകമായ മിക്‌സഡ് ഡബിള്‍സില്‍ റോജര്‍-ബെന്‍സി സഖ്യം ജര്‍മനിയുടെ ആഞ്ജലിക്ക കെര്‍ബര്‍-അലക്‌സാണ്ടര്‍ സവ്റേവ് സഖ്യത്തെ 4-3 (3), 4-2 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇതോടെ 2-1 ന് സ്വിറ്റ്‌സര്‍ലന്റ് കിരീടം സ്വന്തമാക്കി. ഫെഡററുടെ രണ്ടാമത്തെ ഹോപ്മാന്‍ കപ്പ് വിജയമാണിത്. നേരത്തെ 2001 ല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പവും ഫെഡറര്‍ കിരീടം സ്വന്തമാക്കിയിരുന്നു.

നേരത്തെ നടന്ന പുരുഷ സിംഗിള്‍സില്‍ ഫെഡററും വനിതാ സിംഗിള്‍സില്‍ കെര്‍ബറും വിജയിച്ചതോടെയാണ് മിക്‌സഡ് ഡബിള്‍സ് നിര്‍ണായകമായത്. പുരുഷ സിംഗിള്‍സില്‍ ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ ശേഷം സവ്‌റേവിനെ നിലംപരിശാക്കിയാണ് ഫെഡറര്‍ വിജയിച്ചത്. സ്‌കോര്‍ 6-7(4), 6-0, 6-2. വിന്നറുകളും ഡ്രോപ് ഷോട്ടുകളും കൊണ്ട് ഫെഡറര്‍ കളം നിറഞ്ഞപ്പോള്‍ സവ്‌റേവിന് പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ 20 വിന്നറുകള്‍ പായിച്ചെങ്കിലും അദ്യ സെറ്റ് ഫെഡറര്‍ക്ക് നഷ്ടമാവുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ കെര്‍ബര്‍ 6-4, 6-1 എന്ന സ്‌കോറിനാണ് ബെന്‍സിയെ പരാജയപ്പെടുത്തിയത്.

ഈമാസം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം ഫെഡററുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യനാണ് 19 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ക്ക് ഉടമയായ ഫെഡറര്‍.

DONT MISS
Top