രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ രജനിയും കമലും ഒരേ വേദിയില്‍

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ഒരേ വേദി പങ്കിട്ടിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസനും, സ്റ്റൈല്‍മന്നന്‍ രജനീ കാന്തും. മലേഷ്യയിലെ ക്വാലലംപൂരില്‍ തമിഴ് താരസംഘടന നടികര്‍ സംഘം സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിലാണ് ഇരുവരും ഒരുമിച്ച്  വേദി പങ്കിട്ടത്.

പരിപാടിയ്ക്ക് മുന്നോടിയായി താരങ്ങള്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാടുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുവരും നേരില്‍ കാണുന്നത് ആദ്യമായിട്ടാണ്. ഇരുവരുടെയും വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ള പാന്റസും കുര്‍ത്തയും ഓവര്‍ കോട്ടും ധരിച്ചാണ് കമലെത്തിയത്. കറുത്ത പാന്റസും കുര്‍ത്തയുമാണ് രജനിയുടെ വേഷം.

കഴിഞ്ഞ ഡിസംബര്‍ 31നാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും നിരവധി അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് പ്രഖ്യാപിച്ച് താരം രംഗത്തെത്തുകയായിരുന്നു. പകരം ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പ് പ്രഖ്യാപിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ രജനീകാന്തിന് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ സംബന്ധിച്ച് ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം ഏറെ നിര്‍ണായകമാണ്.

DONT MISS
Top