മകരജ്യോതിയുടെ പ്രതീകമായി സന്നിധാനത്തെ കെടാവിളക്ക്

പത്തനംതിട്ട: ശബരിമല സോപാനത്ത് മണ്ഡല-മകരവിളക്ക് കാലത്ത് തെളിഞ്ഞുകത്തുന്ന ഒന്നാണ് കെടാവിളക്ക്. 17 വര്‍ഷം മുന്‍പ് ദേവപ്രശ്‌നവിധി പ്രകാരമാണ് സോപാനത്ത് വിളക്ക് സ്ഥാപിച്ചത്. മകരജ്യോതിയുടെ പ്രതീകമായി ഈ വിളക്കിനെ കാണുന്നു.

ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തില്‍ പൊന്നമ്പലമേടിന് അഭിമുഖമായി കെടാവിളക്ക് വേണമെന്ന് പറഞ്ഞിരുന്നു. ആഴി കത്തുന്ന അഗ്‌നി കോണില്‍ നേരത്തെ വിളക്കുണ്ടായിരുന്നു. ഈ അഭാവം നികത്താനാണ് സന്നിധാനത്ത് കെടാവിളക്ക് സ്ഥാപിച്ചത്.

പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തുന്ന ഭക്തന് കൊടിമരത്തിന് സമീപം ഇടത് വശത്തായി ഗജാകൃതിയിലുള്ള കവചവുമായി സ്ഥാപിച്ചിരിക്കുന്ന ഈ വിളക്ക് കാണാം. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് മുഴുവന്‍ സമയവും കെടാവിളക്കായി ഈ ദീപം തെളിഞ്ഞ് നില്‍ക്കും.

മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലെ ദൈവികസ്ഥാനത്ത് വന്ദിക്കുന്നതിനായാണ് ഈ വിളക്ക് സ്ഥാപിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന 18 മലകളിലും ദൈവീക സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.

DONT MISS
Top