കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ (ഉഡേ ദേശ്കാ ആം നാഗരിക്) പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം പകുതിയോടെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ ഐഎഎസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചുകഴിഞ്ഞു.
സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ പ്രധാന ആഭ്യന്തര വിമാന കമ്പനികള്‍ ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ജെറ്റ് എയര്‍വെയ്‌സ് ദമാമിലേക്കും ഗോ എയര്‍ അബൂദബിയിലേക്കും തിരിച്ചും സര്‍വീസ് നടത്താനും ധാരണയായി.
ആറ് മിഡിലീസ്റ്റ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും സന്നദ്ധത അറിയിച്ചതായി എംഡി പറഞ്ഞു. ഇതിനു പുറമെ, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകളില്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ധനത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി.
സംസ്ഥാനസര്‍ക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതല വഹിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജനുവരിയില്‍ തന്നെ വിമാനങ്ങള്‍ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നും എം.ഡി അറിയിച്ചു. ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ടൂറിസം രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
DONT MISS
Top