ശബരിമല തീര്‍ത്ഥാടനം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് മികച്ച പ്രതികരണം

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഈ മണ്ഡല-മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് മികച്ച പ്രതികരണം. ഇതുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 14 ലക്ഷത്തോളം ഭക്തരാണ്.

ജനുവരി നാലുവരെ 8,16,283 പേര്‍ ദര്‍ശനം നടത്തി. ബുക്ക് ചെയ്തവരില്‍ മകരവിളക്ക് ഉത്സവത്തിന് നട തുറന്നശേഷം സന്നിധാനത്തെത്തിയത് 46,891 ഭക്തരാണ്. www.sabarimalaqueue.com എന്ന വെബ്‌സൈറ്റിലൂടെ യൂസര്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ തയ്യാറാക്കി അനുവദനീയ തീയതി, സമയം എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പുമായി പമ്പയിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറില്‍ ഹാജരാകണം. ഇവിടെ സീല്‍ ചെയ്ത് ലഭിക്കുന്ന സ്ലിപ്പ് ചെക്കിങ് ഓഫീസര്‍ മരക്കൂട്ടം കൗണ്ടറില്‍ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് സന്നിധാനത്തെ നടപ്പന്തലിലേക്ക് ഭക്തരെ അയയ്ക്കും. ഇവിടെ പരിശോധിച്ചശേഷം നടപ്പന്തലിലെ ഏറ്റവും വലതുവശത്തുള്ള ക്യൂവിലൂടെ പതിനെട്ടാംപടി ചവിട്ടി ദര്‍ശനത്തിന് സൗകര്യമൊരുക്കും. ഇതാണ് വെര്‍ച്വല്‍ ക്യൂവിന്റെ സവിശേഷത.

സ്ലിപ്പില്‍ അനുവദിച്ച തീയതിയ്ക്കും സമയത്തിനും മുമ്പ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആനുകൂല്യം ലഭിക്കുകയില്ല. കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ള ശബരിമല ക്യൂ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തോടുള്ള താത്പര്യം അനുദിനം വര്‍ധിച്ച് വരുന്നതായാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം തെളിയിക്കുന്നത്.

DONT MISS
Top