ദേശീയ ഹജ്ജ് നയത്തിന് സ്റ്റേ ഇല്ല; ഹജ്ജ് അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട്ട് പോകാന്‍ കേന്ദ്രഹജ്ജ് കമ്മറ്റിക്ക് സുപ്രിം കോടതി അനുമതി

സുപ്രിംകോടതി (ഫയല്‍)

ദേശീയ ഹജ്ജ് നയത്തിലെ ആറോളം വ്യവസ്ഥകള്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കേരളഹജ്ജ് കമ്മറ്റി ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാന്‍ വിസമ്മതിച്ചത്. സംസ്ഥാനങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഹജ്ജ് കോട്ട അനുവദിക്കുന്നത് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാനഹജ്ജ് കമ്മറ്റിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും വാദിച്ചു. ആറായിരം അപേക്ഷകരുള്ള ബിഹാറിന് 12,000 ഹജ്ജ് സീറ്റും തൊണ്ണൂറ്റി അയ്യായിരം അപേക്ഷകരുള്ള കേരളത്തിന് ആറായിരത്തി മുന്നൂറ് സീറ്റുമാണ് ലഭിക്കുകയെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വിവേചനപരമായ വ്യവസ്ഥകളില്‍ തീരുമാനമുണ്ടാകുന്നത് വരെ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്നും സംസ്ഥാനഹജ്ജ് കമ്മറ്റി ആവശ്യപെട്ടു.

എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മറ്റികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പുതിയ ഹജ്ജ് നയം രൂപീകരിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഹജ്ജ് കമ്മറ്റിയുടെ ആവശ്യം പരിഗണിച്ച് നയം സ്റ്റേ ചെയ്യരുതെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഫയല്‍ ചിത്രം

നിലവില്‍ സംസ്ഥാനാടിസ്ഥാനത്തിലാണ് ഹജ്ജ് അപേക്ഷകളുടെ നറുക്കെടുപ്പ് നടക്കുന്നത്. വിവേചനം ഒഴിവാക്കാനായി അഖിലേന്ത്യാ തലത്തില്‍ ഒറ്റ നറുക്കെടുപ്പ് നടത്തണമെന്ന നിര്‍ദേശം കേരളഹജ്ജ് കമ്മറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ രണ്ട് ആഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. പുതിയ ഹജ്ജ് നയം സുപ്രിം കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ നിലവിലെ നയപ്രകാരമുള്ള നറുക്കെടുപ്പ് നടപടികള്‍ ദേശീയഹജ്ജ് കമ്മിറ്റിക്ക് നടത്താം.

ഒരു ലക്ഷത്തിഎഴുപതിനായിരമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട. ഇതില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരമാണ് ഹജ്ജ് കമ്മറ്റി ക്വാട്ട. നാല്‍പ്പത്തിഅയ്യായിരം സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇത്ര അധികം ക്വാട്ട അനുവദിക്കുന്നതിലെ യുക്തി എന്താണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ആരാഞ്ഞു. കേരളഹജ്ജ് കമ്മറ്റി നല്‍കിയത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ ജനുവരി 30 ന് പരിഗണിക്കാനും സുപ്രിം കോടതി തീരുമാനിച്ചു.

DONT MISS
Top