രോഗിയായ അമ്മയെ മകന്‍ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്നു ; രോഗത്തില്‍ മനം നൊന്താണ് കൊലപാതകമെന്ന് കുറ്റസമ്മതം

രാജ്കോട്ട്: രോഗിയായ അമ്മയെ മകന്‍ വീടിന്റെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ് കോട്ടിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ സന്ദീപ് നത്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ ഫാര്‍മസി കോളെജ് അധ്യാപകനാണ് സന്ദീപ് നത്വാനി.

അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ ടെറസില്‍ നിന്നും വീണ് മരിച്ചത്. ജയശ്രീ ബെന്നിന്റെ ഏക മകനാണ് സന്ദീപ്. അമ്മ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചെന്നാണ് മകന്‍ പൊലീസിന് ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും കേസ് അന്വേഷിക്കുകയായിരുന്നു.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സന്ദീപ് അമ്മയെ താങ്ങിപിടിച്ച് ടെറസിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് കുറ്റം സമ്മതിക്കുന്നത്. അമ്മയുടെ രോഗത്തില്‍ മനംനൊന്താണ് ടെറസില്‍നിന്നും തള്ളിയിട്ടതെന്ന് സന്ദീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

DONT MISS
Top