ഒടിയനു വേണ്ടി ഇനിയും കാത്തിരിക്കണം; റിലീസ് തീയതി വീണ്ടും മാറ്റി

ഒടിയനെ കാണാന്‍ മോഹന്‍ലാല്‍ ആരാധകര്‍ ഓണം വരെ കാത്തിരിക്കണം. പ്രകാശ് രാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ ഡേറ്റ് പ്രശ്‌നം വന്നതിനാല്‍ ഒടിയന്റെ ചിത്രീകരണം മാറ്റി വെച്ചതാണ് റിലീസ് തീയതി വൈകാന്‍ കാരണം. ഫെബ്രുവരി ഒന്നാംതിയതി വീണ്ടും ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതി. ഫെബ്രുവരിയില്‍ ഒറ്റ ഷെഡ്യൂളില്‍ തന്നെ സിനിമ ചിത്രീകരണം പൂര്‍ത്തിയാവുമെന്ന് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഒടിയന്റെ റിലീസ് തിയതി മാര്‍ച്ച് 30 ആണെന് നേരത്തെ സംവിധായകന്‍ റിപ്പോര്‍ട്ടറോടു പറഞ്ഞിരുന്നു എന്നാല്‍ ചിത്രീകരണം നീണ്ടതും ഗ്രാഫിക്‌സ് വര്‍ക്കുകള്‍ കാരണവും ഒടിയന്റെ റിലീസ് അടുത്ത ഓണത്തിനെ ഉണ്ടാവുകയുള്ളൂ എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്

അതേസമയം പുതിയ ലുക്കില്‍ ഒടിയനുവേണ്ടി തയാറെടുത്ത മോഹന്‍ലാല്‍ ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയാണ്. അടുത്ത മാസത്തേക്ക് ഒടിയന്റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിലാണിത്. ജനുവരി 18 ന് മഗോളിയയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ മോഹന്‍ ലാല്‍ ജോയിന്‍ ചെയ്യും.

അറിയപ്പെടുന്ന ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ രാം ഗോപാല്‍ വര്‍മ്മയോടൊപ്പം ഏറെക്കാലം സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. തൃഷയും മീനയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനായി പത്ത് ദിവസത്തെ ഡേറ്റ് ആണ് ലാല്‍ നല്‍കിയത് എന്നറിയുന്നു. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ താടി വെച്ച ലുക്കിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഒടിയന്റെ മാറ്റങ്ങള്‍ പുതിയ സിനിമയില്‍ ബാധിക്കില്ല എന്നാണ് വിവരം. ആദ്യമായാണ് ഒരു മലയാളചിത്രം മംഗോളിയയില്‍ ചിത്രീകരിക്കുന്നത്.

DONT MISS
Top