ജോര്‍ജ്ജ് വിയ: കാല്‍പ്പന്തുകളിയുടെ അമരത്തുനിന്ന് രാജ്യത്തിന്റെ അധിപനിലേക്ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് ഇല്ലസ്ട്രഡ് വീക്കിലിയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ ജോര്‍ജ് വിയ പറഞ്ഞു. “പന്തുകളിക്കുമ്പോള്‍ എന്റെ കാലുകള്‍ അന്വേഷിക്കുന്നത് തുടിക്കുന്നൊരു ജീവിതമാണ്. ഒരു സംഘം കാലുകള്‍ ചേര്‍ന്ന് പന്തിനെ ലക്ഷ്യത്തിലേക്കു നയിക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ പാരസ്പര്യവും മുന്നേറ്റവും ഞാന്‍ കാണുന്നു. ഒരു കളിക്കാരനാണ് ഞാന്‍, അതിലുപരി ഒരു മനുഷ്യനും”.

മനുഷ്യ ജീവിതത്തെ അങ്ങനെ തന്നെ പ്രതിനിധീകരിക്കുന്നു എന്നതാണ് കാല്‍പ്പന്തുകളിയുടെ ഏറ്റവും വലിയ സവിശേഷത. ഒരു രാജ്യം പന്തു തട്ടുമ്പോള്‍ അവരുടെ ഭൂതവും വര്‍ത്തമാനവും ഒരുപക്ഷേ ഭാവിയും അതില്‍ നിന്ന് വായിക്കുവാനാകും. അവരുടെ വിശപ്പും ദാഹവും ദുരിതങ്ങളും കണ്ണീരും വിജയ പരാജയങ്ങളും പോരാട്ടത്തിന്റെ കുതിപ്പും പിന്‍വാങ്ങലിന്റെ പരുങ്ങലും ആഴത്തില്‍ ദൃശ്യമാകും. സംസ്‌കാരത്തിന്റെ സുഗന്ധവും വര്‍ണങ്ങളും അതില്‍ ഇളകി മറിയും. ദേശപ്പെരുമകളുടെ ഈടുവെയ്പ്പായ കലകളിലേക്കും താളങ്ങളിലേക്കും അത് ഇറങ്ങിച്ചെല്ലും. ഒരു ദേശത്തിന്റെ സ്വത്വം തന്നെ ആ ദേശക്കാരുടെ കളിയില്‍ ചിറകുനീര്‍ത്തും. അങ്ങനെ ജീവിതം സമം കാല്‍പ്പന്ത് എന്ന സമവാക്യം രൂപപ്പെടും.

വ്യക്തി തനിച്ചാകുമ്പോള്‍ അവന്‍ നിസ്സഹായനും ദുര്‍ബലനുമാണ്. ഒറ്റയ്ക്കാരും ഒരു യുദ്ധവും ജയിക്കുന്നില്ല. വ്യക്തികളുടെ സംഘാതം സൃഷ്ടിക്കുന്ന സമൂഹമാണ് വിജയപരാജയങ്ങളെ കൊണ്ടുവരുന്നത്. ജോര്‍ജ് വിയ നടത്തിയ വ്യക്തികളുടെ പാരസ്പര്യം എന്ന പ്രയോഗത്തിന് വലിയ മാനങ്ങളാണുള്ളത്. പാരസ്പര്യത്തില്‍ വീറ് മാത്രമല്ല കാരുണ്യവും സ്‌നേഹവും കരുതലും നിറയും. അതൊരു സമൂഹത്തെ പിറകോട്ടല്ല, മുന്നോട്ടാണ് നയിക്കുക. കാല്‍പ്പന്തുകളിയിലെന്ന പോലെ ഇത്രയും കരുത്താര്‍ന്നൊരു പാരസ്പര്യം മറ്റുകളികള്‍ക്കൊന്നും അവകാശപ്പെടാനുമില്ല. പതിനൊന്നു പേരുടെ ശരീരവും മനസും ബുദ്ധിയും ഒരേബിന്ദുവില്‍ ഒത്തുചേരും. അവിടെയുമത് അവസാനിക്കുന്നില്ല. കളികാണുന്ന ലക്ഷങ്ങളിലും ഇതേ രാസപ്രവര്‍ത്തനം തന്നെ നടക്കും. ഈ രാസവിദ്യ ഒരു രാജ്യത്തിന്റെ ഭാഗധേയും നിര്‍ണയിക്കുന്നതിന് പോലും ഉപയുക്തമാകും. ഇതു രണ്ടും ഒരു പോലെ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്തവനാണ് ജോര്‍ജ് വിയ. കളിയും സ്വന്തം രാജ്യമായ ലൈബീരിയയും വിയയ്ക്ക് രണ്ടല്ല. വിയയില്‍ ഇതുരണ്ടും സുന്ദരമായ പാകത്തില്‍ ഒത്തുചേരുന്നു.

ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ കായിക താരമാണ് അമ്പത്തിയൊന്നുകാരനായ ജോര്‍ജ് വിയ. മൊണോക്കോയിലും പിഎസ്ജിയിലും ചെല്‍സിയിലും മാഞ്ചസ്റ്റര്‍ സിറ്റിയിലുമായി പതിനെട്ടു വര്‍ഷം കളിച്ചു. എന്നും ഒന്നാങ്കിടക്കാരനായി അമരത്തു തന്നെയായിരുന്നു അദ്ദേഹം. 1995-ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടുമ്പോള്‍ അതിനുമുണ്ടായിരുന്നു ഒരു പ്രത്യേകത. യൂറോപ്പിന് പുറത്തുള്ള കളിക്കാരെ പരിഗണിച്ച ആദ്യ ബാലന്‍ ഡി ഓര്‍ ആയിരുന്നു അത്. അങ്ങനെ അവിടേയും വിയ ചരിത്രമായി.

ജോര്‍ജ് വിയ

ലൈബീരിയയില്‍ ആകെയുള്ള പതിനഞ്ച് പ്രവിശ്യകളില്‍ പതിമൂന്നിലും വിയയായിരുന്നു മുന്നേറിയത്. കഴിഞ്ഞ 12 വര്‍ഷമായി വൈസ് പ്രസിഡന്റായിരിക്കുന്ന ജോസഫ് ബൊകായിക്കിനെ വലിയ വ്യത്യാസത്തിനാണ് വിയ പിന്തള്ളിയത്. ലൈബീരിയയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റാണ് 51 കാരനായ വിയ. 2005-ലും 2011-ലും വിയ മത്സരിച്ചിരുന്നു. ആദ്യമത്സരത്തില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ മത്സരത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി പിന്‍മാറി. എന്തായാലും മൂന്നാം വട്ടം അദ്ദേഹത്തെ ജനങ്ങള്‍ അമരത്തുതന്നെ പ്രതിഷ്ഠിച്ചു.

കളിക്കുന്ന കാലത്ത് ഓരോവട്ടവും ലൈബീരിയയുടെ ജെഴ്‌സിയണിയുമ്പോള്‍ വിയയ്ക്കത് രാജ്യത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ പോരാട്ടമായിരുന്നു. കളം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ എതിരാളികള്‍ ഭരണകൂടമായി. അതിന് വിയയ്ക്ക് നല്‍കേണ്ടിവന്ന വില അപാരമായിരുന്നു. എന്നിട്ടും അദ്ദേഹം പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പ്രതിബന്ധങ്ങളുടെ മുന്നില്‍ തോറ്റ് പരിചയമുണ്ടായിരുന്നില്ല വിയയ്ക്ക്. ഒരു നരകത്തെ സ്വര്‍ഗമാക്കാനുള്ള ചുമതലയാണിപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിനത് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. കളിയില്‍ നിന്ന് വേണ്ടുവോളം പണവും പ്രശസ്തിയും സമ്പാദിച്ച് ദന്തഗോപുരങ്ങളില്‍ എല്ലാം മറന്നു കഴിയുന്ന നമ്മുടെ കായിക താരങ്ങള്‍ വിയയെ മാതൃകയാക്കിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

ലൈബീരിയ അക്ഷാരാര്‍ത്ഥത്തില്‍ ഒരു നരകമാണ്. ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിക്കുന്നൊരു ജനത ഭൂമിയിലുണ്ടോ എന്ന് സംശയം. അവിടെ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ അതിജീവിക്കുക വെറും 980 കുഞ്ഞുങ്ങള്‍ മാത്രമാണ്. ഈ കണക്കുമാത്രം മതിയാകും രാജ്യത്തിന്റെ ജീവിതപശ്ചാത്തലം മനസിലാക്കാന്‍. രണ്ടായിരത്തിപത്തിലെ കണക്കാണിത്. ലൈബീരിയയില്‍ 83 ശതമാനം പേരും തീര്‍ത്തും മലിനമായ ചുറ്റുപാടുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. ക്ഷയരോഗമാണ് ഇപ്പോഴും അവിടത്തെ പ്രധാനവില്ലന്‍. മറ്റു പകര്‍ച്ചവ്യാധകളും സുലഭം. എച്ച്‌ഐവി ബാധിതരുടെ എണ്ണവും അമ്പരപ്പിക്കും. സമീപകാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നപ്പോള്‍ അതിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങാനും ലൈബീരിയ ഉണ്ടായിരുന്നു. 4,116 ലൈബീരിയക്കാരെയാണ് ഈ രോഗം വിഴുങ്ങിയത്.

ജോര്‍ജ് വിയ

ഭക്ഷണത്തിന് വേണ്ട അരിയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യം കൂടിയാണിത്. ശുദ്ധജലവും ശുദ്ധവായുവും ഇപ്പോഴും സ്വപ്‌നം മാത്രമാണിവര്‍ക്ക്. നിരന്തരമായ ഗോത്രപ്പോരുകളും ആഭ്യന്തരകലാപങ്ങളും സുലഭം. വര്‍ഷങ്ങളായിത്തുടര്‍ന്നൊരു കലാപം 2003-ല്‍ അവസാനിക്കുമ്പോള്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. രാജ്യത്തെ 90 ശതമാനത്തോളം ആശുപത്രികളും ആ കലാപത്തില്‍ നിലംപൊത്തി. 45 ലക്ഷം മാത്രം ജനസംഖ്യയുള്ളൊരു രാജ്യത്താണ് അഞ്ചുലക്ഷം പേര്‍ മരിച്ചതെന്നോര്‍ക്കണം. ലോകത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യവും ലൈബീരിയ തന്നെ. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇതേ കണക്കുകള്‍ ആവര്‍ത്തിക്കാം. രാഷ്ട്രീയാസ്ഥിരതകളും അമേരിക്കയുടെ നിറസാന്നിധ്യവും അവരുടെ നിര്‍മിതികളായ ഏകാധിപതികളും കൂടിയാകുമ്പോള്‍ നരകത്തിന്റെ ചിത്രം പൂര്‍ത്തിയാകുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്നൊരു രാജ്യമാണ് ലൈബീരിയ. ഐവറികോസ്റ്റും ഗിനിയയുമാണ് അയല്‍രാജ്യങ്ങള്‍. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെങ്കിലും ലിബേറിയന്‍ കാരിയോറാണ് സംസാരഭാഷ. 1822-ലാണ് ലൈബീരിയ രൂപീകൃതമാകുന്നത്. സ്വാതന്ത്ര്യം നേടുന്നത് ഇന്ത്യ സ്വതന്ത്രമാകുന്നതിന് 100 വര്‍ഷം മുമ്പ്. അതായത് 1847-ല്‍. ആഫ്രിക്കയിലെ ആദ്യ റിപ്പബ്ലിക്കും ലൈബീരിയയാണ്. ഇതൊക്കെയാണെങ്കിലും രാജ്യത്തെ എണ്‍പത്തിയഞ്ചു ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണിപ്പോഴും.

അല്‍പം ചരിത്രം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ലൈബീരിയയിലേക്ക് ആദ്യമെത്തിയത് അമേരിക്കന്‍ അടിമകളായിരുന്നു. ബ്ലാക്ക് അമേരിക്കന്‍സ് എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. തദ്ദേശ ഗോത്രവര്‍ഗങ്ങളോട് എന്നും ഇവര്‍ അകലം പാലിച്ചിരുന്നു. തങ്ങള്‍ അമേരിക്കക്കാരാണെന്ന അഭിമാനവും അവര്‍ക്കുണ്ടായിരുന്നു. ലൈബീരിയന്‍ ജനസംഖ്യയില്‍ ഇവര്‍ അഞ്ചു ശതമാനമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ലൈബീരിയയിലെ വലിയ സമ്പത്തായ ഇരുമ്പയിര് കടത്തി ഇവര്‍ പെട്ടന്ന് സമ്പന്നരായി. ക്രമേണ അവര്‍ രാജ്യത്തിന്റെ അധികാരികളുമായി. എന്നാല്‍ പടിഞ്ഞാറന്‍ ലൈബീരിയയിലെ ചില വിഭാഗങ്ങള്‍ ഇവര്‍ക്ക് വഴങ്ങിയില്ല. അപ്പോള്‍ അടിമകള്‍ ബ്ലാക്ക് ക്രിസ്റ്റിയന്‍ റിപ്പബ്ലിക്കെന്ന തുറുപ്പ് ചീട്ടിറക്കി. എന്നാല്‍ അതൊന്നും അവരെ കീഴ്‌പ്പെടുത്താന്‍ പര്യാപ്തമായില്ല. അങ്ങനെ ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു ചടങ്ങുപോലെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

വില്യം ടൂബ്മാന്‍ എന്നൊരു പ്രസിഡന്റ് ലൈബീരിയ്ക്കുണ്ടായിരുന്നു. 1944 മുതല്‍ 1971-ല്‍ ലണ്ടനിലെ ഒരാശുപത്രയില്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ അദ്ദേഹമായിരുന്നു പ്രസിഡന്റ്. അമേരിക്കന്‍ വിധേയത്വമുണ്ടായിരുന്നെങ്കിലും ഭേദപ്പെട്ടൊരു ഭരണാധികാരിയായിരുന്നു ടൂബ്മാന്‍. പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്ത് തുടര്‍ന്നപ്പോള്‍ രോഗിയും വൃദ്ധനുമായ ടൂബ്മാന്‍ നിസ്സഹായനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് അമേരിക്കയോട് കൂടുതല്‍ വഴങ്ങേണ്ടിയും വന്നു. അത് എരിതീയില്‍ എണ്ണയൊഴിച്ചതു പോലെയായി.

വെസ്റ്റിന്ത്യന്‍ കുടിയേറ്റക്കാരാണ് ലൈബീരിയയിലേക്ക് ഫുട്‌ബോള്‍ കളി കൊണ്ടുവന്നതെങ്കിലും രാജ്യത്ത് കളിജ്ജ്വരം പടര്‍ത്തിയത് രണ്ടു വനിതകളായിരുന്നു. ഒന്ന് പ്രസിഡന്റ് ടൂബ്മാന്റെ ഭാര്യ ആന്റോയിനെറ്റിയും മറ്റൊന്ന് ഒരു സ്‌കൂള്‍ അധ്യാപികയായ തെല്‍മാ ജോര്‍ജും. ആന്റോയിനെറ്റി പെണ്‍കുട്ടികളെയാണ് കളിക്കളത്തിലേക്ക് കൊണ്ടുവന്നത്. തെല്‍മാ ജോര്‍ജ് വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് കളി പ്രചരിപ്പിച്ചത്. ലൈബീരിയന്‍ കുട്ടികളുടെ പ്രാകൃത വാസനകളെ തടയാന്‍ ഫുട്‌ബോളിന് കഴിയുമെന്നും ഭാവിയില്‍ അത് ഒരു അതിജീവനമാര്‍ഗമാകുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഭാര്യയുടെ ഫുട്‌ബോള്‍ കമ്പത്തിന് പ്രസിഡന്റിന്റെ സമ്മാനമാണ് ലൈബീരിയയിലെ ആന്റോയിനെറ്റി ടൂബ്മാന്‍ സ്‌റ്റേഡിയം. ലൈബീരിയക്കാരുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ വളര്‍ത്തുന്നതില്‍ ഈ സ്റ്റേഡിയത്തിനുള്ള പ്രാധാന്യം വലുതാണ്.

ജോര്‍ജ് വിയ ലോകഫുട്ബോളര്‍ കിരീടവുമായി

ഇതിനിടയില്‍ സോവിയറ്റ് യൂണിയനും ലൈബീരിയയിലെ ഇരുമ്പ് ഖനികളില്‍ താത്പര്യം ജനിച്ചു. അവരുടെ കപ്പലുകളും ലൈബീരിയയില്‍ എത്തി. അതില്‍ നിറയെ ആയുധങ്ങളായിരുന്നു. തമ്മില്‍ത്തല്ലി തുലഞ്ഞുകൊണ്ടിരുന്ന ഗോത്രങ്ങളെ അവര്‍ ആയുധമണിയിച്ചു. അതോടെ കാര്യങ്ങള്‍ വീണ്ടും കലുഷിതമായി. ടൂബ്മാന്‍ മരിച്ചപ്പോള്‍ വില്യം ടോള്‍ബര്‍ട്ട് ജൂനിയര്‍ പ്രസിഡന്റായി. 1979-ല്‍ അദ്ദേഹം അരിവില ഉയര്‍ത്തിയപ്പോള്‍ കട്ടിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങി. അമേരിക്കന്‍ വിധേയത്വത്തില്‍ നിന്ന് കുതറാന്‍ ടോള്‍ബര്‍ട്ട് ശ്രമിച്ചപ്പോള്‍ അവര്‍ സാമ്പത്തിക സഹായം പരിമിതപ്പെടുത്തി. അതോടെ തീ പിടിച്ചപുരപോലെയായി ലൈബീരിയ. എല്ലാ നിലയിലും രാജ്യമിങ്ങനെ പിടയുമ്പോഴാണ് ജോര്‍ജ് വിയ ഫുട്‌ബോള്‍ കളിച്ചു തുടങ്ങുന്നത്.

ലൈബീരിയന്‍ തലസ്ഥാനമായ മോണ്‍ഡ്രോവിയയുടെ കിഴക്ക് ചതുപ്പ് നിലങ്ങള്‍ നിറഞ്ഞ വെസ്റ്റ് പോയിന്റിലെ ദരിദ്രമായൊരു കുടിലിലായിരുന്നു ജോര്‍ജ് വിയയുടെ ജനനം. മാനേ ജോര്‍ജായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ പതിമൂന്ന് മക്കളില്‍ പതിനൊന്നാമനായിരുന്നു വിയ. വിയക്ക് മൂന്നു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അതോടെ കുടംബം ചിതറി. അമ്മ ഇളയകുട്ടികളുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. സഹോദരങ്ങളെല്ലാം വഴിപിരിഞ്ഞു. പിന്നെ എത്രയോ വര്‍ഷം കഴിഞ്ഞാണ് വിയ തന്റെ സഹോദരങ്ങളെ വീണ്ടെടുക്കുന്നത്. മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു പിന്നെ വിയ വളര്‍ന്നത്.

കുട്ടിക്കാലത്ത് കാട്ടുകിഴങ്ങുകളും ഫലങ്ങളുമായിരുന്നു വിയയുടെ ഭക്ഷണം. ക്ലാരാ ടൗണിലെ പള്ളയില്‍ നിന്നു കിട്ടിയിരുന്ന ഭക്ഷണമായിരുന്നു പിന്നത്തെ ആശ്രയം. ക്ലാരാ ടൗണിന് സമീപത്തെ കുറ്റിക്കാടുകളില്‍ നിന്ന് കിട്ടിയിരുന്ന കാട്ടുനാരകത്തിന്റെ കായ്കളായിരുന്നു കുട്ടിക്കാലത്ത് വിയയുടേയും കൂട്ടുകാരുടേയും പന്ത്. അതില്‍ പഴന്തുണിചുറ്റി കോലരക്കുകൊണ്ട് ഒട്ടിച്ചു ചേര്‍ത്തായിരുന്നു പന്തുകള്‍ ഉണ്ടാക്കിയിരുന്നത്. വിശപ്പു മറന്നുപോയ വിയയും കൂട്ടുകാരും ആ പന്തുകള്‍ തട്ടിക്കളിച്ചാണ് ഫുട്‌ബോളിന്റെ വിശാലലോകത്തേക്ക് കടന്നത്. പതിമൂന്ന് വയസുള്ളപ്പോള്‍ തന്നെ വിയ ലൈബീരിയയിലെ വലിയ താരമായിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയില്‍ പുതിയ പെലെ ജനിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങള്‍ വാഴ്ത്തി. പ്രാദേശിക മത്സരങ്ങളില്‍ വിയ ഗോളുകള്‍ കൊണ്ട് ഉത്സവങ്ങള്‍ സൃഷ്ടിച്ചു. കൊച്ച് വിയയുടെ കളികാണാന്‍ എവിടെയായാലും ആയിരങ്ങള്‍ തടിച്ചു കൂടി. അക്കാലത്ത് ലൈബീരിയയിലെ ഏറ്റവും വലിയ താരം വാനിബോത്തോ ആയിരുന്നു. വിയയുടെ കളികണ്ട വാനിബോത്തോ വിയ പെലെക്കും യോഹാന്‍ ക്രൈഫിനും തുല്യനാണെന്ന് വാഴ്ത്തി.

ജോര്‍ജ് വിയ (ഫയല്‍ ചിത്രം)

ലൈബീരിയ അപ്പോഴും കലാപങ്ങളാല്‍ തിളച്ചു മറിയുകയായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ ക്രാന്‍ ഗോത്രത്തലവനായ സാമുവല്‍ ഡോ രംഗത്തു വന്നു. മറ്റുഗോത്രങ്ങളില്‍ ചിലതിനേയും അയാള്‍ തന്നോടൊപ്പം ചേര്‍ത്തു. മോണ്‍റാവിയില്‍ ഡോയുടെ കൂട്ടാളികള്‍ പ്രസിഡന്റ് വില്യം ടോള്‍ബെര്‍ട്ടിന്റെ കൊട്ടാരം വളഞ്ഞു. അവരെ സഹായിക്കാന്‍ അമേരിക്കയുടെ രഹസ്യസംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒടുവില്‍ കൊട്ടാരത്തിലെ സ്വന്തം കിടക്കയില്‍ ബയണറ്റിന്റെ കുത്തേറ്റ് ടോള്‍ബെര്‍ട്ട് രക്തം വാര്‍ന്നു മരിച്ചു. ഡോ അമേരിക്കയ്ക്ക് ലൈബീരിയയിലേക്കുള്ള എല്ലാ വാതിലുകളും തുറന്നു കൊടുത്തു. അവര്‍ ഗോത്രവര്‍ഗക്കാര്‍ക്ക് പുതിയ തോക്കുകള്‍ നല്‍കി. ഡോയേയും നവീനായുധങ്ങള്‍ കൊണ്ട് ശക്തനാക്കി.

ഡോ ഫുട്‌ബോള്‍ കളിക്കാരനായിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് താനൊരു വലിയ കളിക്കാരനാണെന്ന ഇമേജ് സൃഷ്ടിച്ചു. ലൈബീരിയക്കാരുടെ കളിയാവേശത്തെ തനിക്കനുകൂലമായി ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയായിരുന്നു അത്. ഡോ ഫുട്‌ബോളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചു. അപ്പോള്‍ വിയയുടെ കീര്‍ത്തി ലൈബീരിയയുടെ അതിര്‍ത്തികള്‍ ഭേദിച്ചു കടക്കുകയായിരുന്നു. അയാള്‍ ഭൂഖണ്ഡത്തിലെ തന്നെ വലിയ കളിക്കാരനായി മാറി. റോജര്‍ മില്ലയും അബീദി പെലയും വിയയ്ക്ക് പിന്നലായി. വിയയുടെ ജനപ്രതിയും കീര്‍ത്തിയും സാമുവല്‍ ഡോയ്ക്ക് സഹിക്കുന്നതായിരുന്നില്ല. അതിനാല്‍ വിയയെ മാനസികമായി തളര്‍ത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു. പട്ടാളക്കാര്‍ വിയയുടെ വീട്ടില്‍ നിത്യസന്ദര്‍ശകരായി. ഭയപ്പെടുത്തുകയായിരുന്നു അവരുടെ തന്ത്രം. എന്തായാലും നാട്ടില്‍ തങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ വിയ നാടുവിടാന്‍ തീരുമാനിച്ചു. അങ്ങനെ കാമറൂണിലേക്ക് കടന്നു.

ഡോയുടെ വിക്രിയകള്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിരോധിച്ചു. മാധ്യമങ്ങളെ വിലങ്ങുവെച്ചു. ജനങ്ങള്‍ ഐവറികോസ്റ്റിലേക്കും ഗിനിയയിലേക്കും പലായനം ചെയ്തു. അമേരിക്കയും ഡോയും ചേര്‍ന്ന് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്ത് തത്പര കക്ഷികള്‍ കുട്ടികളെ ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ക്ക് യഥേഷ്ടം തോക്കുകള്‍ നല്‍കി. കളിക്കളങ്ങളും സ്‌കൂളുകളും നിശ്ചലമായി. ഇരുപതിനായിരത്തോളം കുട്ടികളാണ് ഇങ്ങനെ സ്വകാര്യസേനകളില്‍ ചേര്‍ന്നത്. അവര്‍ക്ക് മയക്കുമരുന്നുകളും യഥേഷ്ടം നല്‍കി. കുട്ടികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തി. ഭ്രാന്തിളകിയ അവസ്ഥയിലായിരുന്നു അവര്‍.

കാമണറൂണിലെത്തിയ വിയ അവിടെ സൂപ്പര്‍ താരമായി ആരാധിക്കപ്പെട്ടു. എങ്കിലും നാടിന്റെ വിധിയോര്‍ത്ത് അദ്ദേഹം ദുഃഖിതനായിരുന്നു. 1989 ല്‍ അദ്ദേഹം ഭൂഖണ്ഡത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അതൊന്നും അദ്ദേഹത്തെ സന്തോഷിപ്പിച്ചില്ല. അപ്പോള്‍ ലൈബീരിയ ഒരാഭ്യന്തര യുദ്ധത്തിലേക്ക് പതിയെ കടക്കുകയായിരുന്നു.

പ്രസിഡന്റ് ടോള്‍ബെര്‍ട്ടിനെ കൊലപ്പെടുത്തിയ സാമുവല്‍ ഡോയ്ക്കും കാലം കരുതിവച്ചത് ദാരുണമായൊരു അന്ത്യമായിരുന്നു. അദ്ദേഹത്തിന്റെ അനുചരനായിരുന്ന ചാള്‍സ് ടെയ്‌ലറുടെ സംഘം ഡോയുടെ ചെവിമുറിച്ച ശേഷം ബാത്ത് ടബ്ബില്‍ കെട്ടിയിടുകയായിരുന്നു. അവിടെ കിടന്ന് ചോരവാര്‍ന്നാണ് ലൈബീരിയയെ നിത്യദുരിതത്തിലാക്കുകയും പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ചെയ്ത ഡോ അന്ത്യശ്വാസം വലിക്കുന്നത്. തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ രണ്ടുലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒടുവില്‍ ടെയ്‌ലര്‍ അധികാരത്തിലേക്ക് വരികയും ചെയ്തു. ഒരു നരാധമന് പകരം മറ്റൊരു നരാധമന്‍.

കളിക്കാരനെന്ന നിലയില്‍ പുതിയ പടവുകള്‍ കയറുകയായിരുന്നു അപ്പോള്‍ വിയ. ഫ്രാന്‍സിലെ മൊണോക്കോയില്‍ തകര്‍ത്തുകളച്ച വിയ അവിടെ പിഎസ്ജിയിലേക്ക് മാറി. തുടര്‍ന്ന് ഇറ്റലിയിലെ എസി മിലാനിലേക്കും. 1995-ല്‍ ആഫ്രിക്കന്‍ ഫുട്‌ബോളറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിയ യൂറോപ്പിലെ മികച്ച കളിക്കാരനായും ലോകഫുട്‌ബോളറുമായി. അതേവര്‍ഷം ഏസി മിലാന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ലോകഫുട്‌ബോളര്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിയ പറഞ്ഞവാക്കുകള്‍ ലോകം മുഴുവന്‍ ആദരവോടെ ശ്രദ്ധിച്ചു. “ഞാന്‍ എന്നും സമാധാനത്തിനൊപ്പമാണ്. അതിനാല്‍ തോക്കുകളല്ല, ഫുട്‌ബോളുകളാണ് എന്റെ രാജ്യത്തിനിപ്പോള്‍ ആവശ്യം”. ഒപ്പം, തന്നെ മികച്ച കളിക്കാരനും മനുഷ്യനുമാക്കിമാറ്റിയ അഴ്‌സന്‍ വെംഗര്‍ എന്ന പരിശീലകനെ അദ്ദേഹം ആദരിച്ചു. സദസിലുണ്ടായിരുന്ന വെംഗറെ വേദിയിലേക്ക് കൊണ്ടുവന്നു. “വെംഗര്‍ എനിക്ക് പിതാവിനെപ്പോലെയാണ്. പ്രാകൃതവാസനകളില്‍ നിന്ന് അദ്ദേഹമെന്നെ സംസ്‌കരിച്ചെടുക്കുകയായിരുന്നു. ഈ ലോകത്ത് എനിക്ക് ഏറ്റവും കടപ്പാടുള്ളത് ഈ മനുഷ്യനോടാണ്”. വമ്പിച്ച കരഘോഷത്തോടെയാണ് സദസ് ആ വാക്കുകളെ സ്വീകരിച്ചത്.

ആഫ്രിക്കന്‍ ഫുട്‌ബോളറും യുറോപ്യന്‍ ഫുട്‌ബോളറും ലോകഫുട്‌ബോളറുമായെങ്കിലും ലോകകപ്പ് കളിയ്ക്കാന്‍ വിയയ്ക്ക് ഭാഗ്യമുണ്ടായില്ല. അതില്‍ നിരാശയുമുണ്ട്. എങ്കിലും ലൈബീരിയയെ യോഗ്യതാ റൗണ്ട് കടത്തിവിടാന്‍ വിയ തന്റേതായതെല്ലാം സമര്‍പ്പിച്ചു. പ്ലെയര്‍-കോച്ചായി ടീമിനൊപ്പം ചേര്‍ന്ന വിയ സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ച് ടീമിന് വേണ്ടതെല്ലാം ഒരുക്കി. കളിക്കാരുടെ ഭക്ഷണവും ജെഴ്‌സിയും വിമാനക്കൂലിയും ഉള്‍പ്പെടെ. യോഗ്യതാ മത്സരങ്ങളുടെ ആദ്യഫലങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായിരുന്നെങ്കിലും അവസാനത്തോടടുത്തപ്പോള്‍ എല്ലാം തകര്‍ന്നു. നാടിനുവേണ്ടി പണം ചെലവഴിച്ച് പാപ്പരായ വിയ ഒടുവില്‍ യുഎഇയിലെ അല്‍ജസീറാ ക്ലബ്ബിനുവേണ്ടി കളിക്കാന്‍ പോലുമിറങ്ങി.

ജോര്‍ജ് വിയ

അതേവര്‍ഷം യുഎന്‍ സേനയോട് ലൈബീരിയയില്‍ ഇടപെടണമെന്ന് വിയ അഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും ദാരുണമായിക്കഴിഞ്ഞിരുന്നു രാജ്യത്തിന്റെ അവസ്ഥ. ഒരു രാജ്യമാണോ എന്നു സംശയിക്കത്തക്ക രീതിയിലായിരുന്നു ചുറ്റുപാടുകള്‍. എന്നാല്‍ അതിന് വിയയ്ക്ക് കൊടുക്കേണ്ടി വന്ന വില കഠിനമായിരുന്നു. വിയയുടെ വീട് ചാമ്പലാക്കിക്കൊണ്ടാണ് ചാള്‍സ് ടെയ്‌ലര്‍ ഭരണകൂടം അതിന് പ്രതികാരം ചെയ്തത്. ഒടുവില്‍ യുഎന്‍ സമാധാനസേനയ്ക്ക് രംഗത്തിറങ്ങേണ്ടി വന്നു.

രണ്ടായിരത്തിന്റെ തുടക്കം മുതല്‍ വിയയെ ജനങ്ങള്‍ തങ്ങളുടെ പ്രസിഡന്റായി സ്വപ്‌നം കാണുകയാണ്. രാജ്യത്തെ കൊടുംപട്ടിണിക്കും ചങ്ങലപോലെ നീളുന്ന കലാപങ്ങള്‍ക്കും ഗോത്രപ്പോരുകള്‍ക്കും അമേരിക്കയുടെ കൈകടത്തലുകള്‍ക്കും വിയയുടെ വരവോടെ അറുതി വരുമെന്നാണ് ജനങ്ങള്‍ സ്വപ്‌നം കാണുന്നത്. മനുഷ്യസ്‌നേഹിയായ വിയയ്ക്ക് അതിനു കഴിഞ്ഞേക്കും. അത്രത്തോളം ജനപ്രീതിയുണ്ട് നാട്ടില്‍ അദ്ദേഹത്തിന്. ഒപ്പം നാടിന്റെ ദുരിതങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവും. അതിനാല്‍ ആഫ്രിക്കയിലെ ഏറ്റവും സമാധാനപൂര്‍ണമായൊരു രാജ്യമായി ലൈബീരിയയെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. വിശപ്പ് എന്തെന്നറിയാവുന്നവനാണ് വിയ. അതാണ് ആദ്യം മാറേണ്ടതും. തുടര്‍ന്ന് വഴിതെറ്റിപ്പോയെ കുട്ടികളെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ സര്‍ഗാത്മകമായ പരിവര്‍ത്തനങ്ങളാണ് അതിനാവശ്യം. അതേക്കുറിച്ച് വ്യക്തമായ ധാരണകള്‍ അദ്ദേഹത്തിനുണ്ടെന്ന് തെരഞ്ഞെടുപ്പ് വേളയിലെ പ്രസംഗങ്ങള്‍ സാക്ഷ്യം പറയും. എന്തായാലും വലിയ മാറ്റങ്ങള്‍ക്കായിരിക്കും ലൈബീരിയ ഇനി സാക്ഷ്യം വഹിക്കുക. കൊള്ളയില്‍ നിന്ന് മനുഷ്യത്വത്തിലേക്കുള്ള പരിണാമമാകും അത്.

തെരഞ്ഞെടുപ്പ് വേളയില്‍ എതിരാളികള്‍ വിയയ്‌ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയവനല്ല എന്നതാണ്. അതിന് വിയ നല്‍കുന്ന മറുപടിയും കൂടി ശ്രദ്ധിക്കുക.
“ക്ഷമിക്കുക, വിശന്നപ്പോഴാണ് ഞാന്‍ സ്‌കൂള്‍ വിട്ടുപോയത്”.

വിദ്യാഭ്യാസം, ഫുട്‌ബോള്‍, സമാധാനം ഇതാണ് രാജ്യത്തിനുവേണ്ടി വിയ കരുതിയിരിക്കുന്ന മുദ്രാവാക്യങ്ങള്‍. അത് സഫലമാകട്ടെയെന്ന് നമുക്കും ആശംസിക്കാം. ഫുട്‌ബോളിന് ഈ ലോകത്ത് എന്തെക്കെ ചെയ്യാനാകുമെന്നതിന്റെ നല്ല ഉദാഹരണം കൂടിയാവുകയാണ് വിയ.

DONT MISS
Top