കേരളത്തിന്റേത് വിപ്ലവകരമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയ നിയമസഭ; മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്:  ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചരിത്രപരമായ നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ നിയമസഭയാണ് കേരളത്തിന്റേതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിപ്ലവകരമായ നിയമനിര്‍മ്മാണത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരള നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കാസര്‍കോട് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

നിയമനിര്‍മ്മാണ സഭകളിലെ അത്ഭുതമാണ് കേരള നിയമസഭ.60 വര്‍ഷത്തെ ചരിത്രത്തില്‍ 1200 ലധികം നിയമനിര്‍മ്മാണം നടത്തിയ നിയമസഭയാണ് കേരളത്തിന്റേത്. ഇത്രയേറെ നിയമനിര്‍മ്മാണം നടത്തിയെന്നു മാത്രമല്ല അത് രാജ്യത്തിനാകെ മാതൃകയാക്കുവാന്‍ കഴിയുന്നതരത്തിലുള്ളതുമായിരുന്നു. മറ്റൊരു നിയമസഭയ്ക്കും ഇത് അവകാശപ്പെടാന്‍ കഴിയില്ല. 80 ലക്ഷത്തോളം ജനങ്ങളെ ഭൂവുടമളാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന് തുടക്കംകുറിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാട് അധ്യക്ഷനായ നിയമസഭയാണ്. സമഗ്രമായ ഭൂപരിഷ്‌ക്കരണ നിയമം പൂര്‍ത്തികരിച്ചത് 1970ലാണെങ്കിലും അതിന് തുടക്കംകുറിച്ചത് 1957ലാണ്.

അതുപോലെ തന്നെ കര്‍ഷകബന്ധബില്‍ നടപ്പാക്കുന്നതിനുള്ള തുടക്കമിട്ടതും ഇഎംഎസ് മന്ത്രി സഭയുടെ കാലത്താണ്. വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ബില്ലിന് തുടക്കംകുറിച്ചതും ഇവിടെതന്നെയാണ്. തൊഴില്‍ നിയമത്തില്‍ ഗ്രാറ്റുവിറ്റി, കര്‍ഷത്തൊഴികള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണമുണ്ടാക്കിയതും, ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് തുടക്കമിട്ടതും കേരള നിയമസഭയാണെന്നുള്ളത് അഭിമാനകരമാണ്.

നിയമസഭയില്‍ സബ്ജറ്റ് കമ്മിറ്റി, നിയമസഭ കമ്മിറ്റികള്‍ രൂപികരിക്കുന്നതിന് തുടക്കമിട്ടതും സംസ്ഥാന നിയമസഭയാണെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയസാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നും മറ്റും ക്രോഡീകരിച്ച് നടപ്പാക്കിയ നിയമനിര്‍മ്മാണങ്ങള്‍ പലതും ചരിത്രപരമാണ്. സമൂഹത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് തുടക്കമിടാന്‍ ഇഎംഎസ് മന്ത്രിസഭയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top