പുതിയ പത്ത് രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ

മുംബൈ: നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം വിപണിയില്‍ നിലവിലുള്ള കറന്‍സി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ പത്ത് രൂപ നോട്ടുകള്‍ അവതരിപ്പിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനമായി.

മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പത്ത് രൂപയുടെ നൂറ് കോടി നോട്ടുകള്‍ ഇതിനകം അച്ചടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മഹാത്മാ ഗാന്ധി സീരീസില്‍പ്പെട്ട ചോക്കലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പുതിയ നോട്ടുകളില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രമാണുള്ളത്. നേരത്തെ 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയിരുന്നത്. പുറത്തിറക്കാനിരിക്കുന്ന പുതിയ നോട്ടുകളുടെ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്. ഇതിന് പിന്നാലെ സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരുന്ന പല പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട അമ്പതിന്റെയും ഇരുനൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നത്.

DONT MISS
Top